തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി ജെ ജയിംസിന്. വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്‌ടോബര്‍ 27ന് നിശാഗന്ധി തീയറ്ററില്‍ വച്ച് സമ്മാനിക്കും. ഡോ. എ കെ നമ്പ്യാര്‍, ഡോ. അനില്‍കുമാര്‍ വള്ളത്തോള്‍, ഡോ. കെ വി മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് കൃതി തെരഞ്ഞെടുത്തത്.
ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ ജോസഫ് ആന്റണിയുടെയും. മേരിക്കുട്ടിയുടെയും മകനാണ് വി ജെ ജെയിംസ് . വാഴപ്പളളി സെന്റ് തെരേസാസ് സ്‌കൂളിലും ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂളിലും ചങ്ങനാശ്ശേരി എസ് ബി കോളജിലും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജിലുമായി വിദ്യാഭ്യാസം. 1984ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തു. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ വലിയമല യൂണിറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. ആദ്യനോവല്‍ പുറപ്പാടിന്റെ പുസ്തകം.
ദത്താപഹാരം, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് (കഥാ സമാഹാരം), ലെയ്ക്ക, ദത്താപഹാരം, ഭൂമിയിലേക്കുളള തുരുമ്പിച്ച വാതായനങ്ങള്‍ (കഥാവര്‍ഷം വര്‍ത്തമാനം), ചോരശാസ്ത്രം, ശവങ്ങളില്‍ പതിനാറാമന്‍ (കഥാ സമാഹാരം)എന്നിവയാണ് മറ്റ് കൃതികള്‍.