തിരുവനന്തപുരം: സമഗ്ര ടൂറിസം വികസനത്തിനുള്ള 2017-18 ലെ മൂന്നാം സ്ഥാനം ഉള്‍പ്പെടെ രണ്ടു ദേശീയ അവാര്‍ഡുകള്‍ കേരളം കരസ്ഥമാക്കി. കം ഔട്ട് ആന്‍ഡ് പ്ലേ എന്ന പ്രചാരണചിത്രത്തിനും പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ വിനോദസഞ്ചാരമേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ അഞ്ച് അവാര്‍ഡുകളും കരസ്ഥമാക്കി.
ദൈനംദിന യാന്ത്രിക ജീവിതത്തില്‍നിന്നുമാറി പ്രകൃതിയുമായി അലിഞ്ഞുചേരാന്‍ ഇന്ത്യയെ ക്ഷണിക്കുന്ന ചിത്രമാണ് ‘കം ഔട്ട് ആന്‍ഡ് പ്ലേ’. ട്രെക്കിംഗ്, ആയൂര്‍വേദ മസാജ്, ചങ്ങാടയാത്ര, യോഗ, സുഗന്ധ വ്യഞ്ജന തോട്ട സന്ദര്‍ശനം, കേരള വിഭവങ്ങളെ പഠിക്കല്‍, തെങ്ങുകയറ്റം, ഹൗസ്‌ബോട്ട് യാത്ര എന്നിവയിലൂടെ പ്രകൃതിയെ രുചിച്ചറിയുന്നതിനുള്ള അവസരങ്ങളാണ് പ്രചാരണ ചിത്രം അനാവരണം ചെയ്യുന്നത്. കേരള ടൂറിസത്തിന്റെ പരസ്യ, വിപണന ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ പില്‍ഗ്രിമേജ് റെവലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് (മികച്ച ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍/ട്രാവല്‍ ഏജന്റ്, കാറ്റഗറി അഞ്ച് അവാര്‍ഡ്), കാലിപ്‌സോ അഡ്വഞ്ച്വേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് (മികച്ച അഡ്വഞ്ച്വര്‍ ടൂര്‍ ഓപ്പറേറ്റര്‍ അവാര്‍ഡ്, മൂന്നാര്‍ കരടിപ്പാറയിലെ റോസ് ഗാര്‍ഡന്‍സ് ഹോംസ്‌റ്റേ (കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച മികച്ച ഇന്‍ക്രഡിബിള്‍ ഇന്ത്യ ബ്രഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ്, ഗോള്‍ഡ് & സില്‍വര്‍ വിഭാഗം), കോക്കനട്ട് ക്രീക്ക്‌സ് ഫാം & ഫാംസ്‌റ്റേ (സംസ്ഥാന സര്‍ക്കാര്‍/ കേന്ദ്ര ഭരണപ്രദേശം ഭരണം അംഗീകാരം ലഭിച്ച മികച്ച ബ്രഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് സ്ഥാപനം), തിരുവനന്തപുരത്തെ മണല്‍തീരം ആയൂര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ െ്രെപവറ്റ് ലിമിറ്റഡ് (മികച്ച സുഖചികിത്സാ കേന്ദ്രം) എന്നീ സ്ഥാപനങ്ങളാണ് സ്വകാര്യമേഖലയില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കിയത്.