പയ്യന്നൂര്‍: സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2019 ലെ വനമിത്ര അവാര്‍ഡ് നാരായണന്‍ വൈദ്യര്‍ക്ക്. പ്രകൃതി ചൂഷണത്തില്‍ അന്യമാകുന്ന പച്ചപ്പിനെ സംരക്ഷിക്കുകയെന്ന ദൗത്യവുമായുള്ള സമര്‍പ്പിത ജീവിതമാണ് കാനായിയിലെ കുന്നത്ത് നാരായണന്‍ വൈദ്യരെ ഈ അംഗീകാരത്തിന്റെ നിറവിലെത്തിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
വനവത്കരണ രംഗത്തും കാര്‍ഷിക മേഖലയിലും നല്‍കിയ സമഗ്ര സംഭാവനയ്ക്കായി ലഭിച്ച അംഗീകാരത്തിന്റെ നിര്‍വൃതിയിലാണ് നാട്ടുവൈദ്യനായ ഈ അന്‍പത്തെട്ടുകാരന്‍. പാരമ്പര്യ നാട്ടു ചികിത്സകനായ അച്ഛന്‍ പരേതനായ കണ്ണനിലൂടെ പ്രകൃതിയില്‍ നിന്നുള്ള ഔഷധമൂല്യം പകര്‍ന്നെടുത്ത നാരായണന്‍ വിട്ടുപറമ്പില്‍ അപൂര്‍വ്വങ്ങളായതടക്കം 500 ല്‍ പരം ഔഷധസസ്യങ്ങള്‍ നട്ട് പരിപാലിക്കുകയും ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്ത് വരുന്നു. പുതുതലമുറക്ക് അന്യമാകുന്നതും നാടുനീങ്ങുന്നതുമായ നാട്ടുപച്ചകള്‍ തേടി കുന്നുകളും വയലുകളും കാടുകളും അലഞ്ഞും ഔഷധങ്ങളെക്കുറിച്ചറിയാന്‍ പശ്ചിമഘട്ടവും കടന്നുള്ള യാത്രകളും കുന്നത്തിന്റെ നാട്ടുവൈദ്യത്തിന് മുതല്‍ക്കൂട്ടായി.