കുന്നിന്റെ തുഞ്ചത്തൊരു വൃക്ഷസംഗമം

 

 അജിത് മുനി

 

തന്നെ ആകര്‍ഷിച്ച സാഹിത്യകൃതികളിലെ മനുഷ്യകഥയില്‍ പങ്കുചേര്‍ന്നും സാക്ഷ്യം വഹിച്ചും നിലകൊള്ളുന്ന വൃക്ഷസാന്നിധ്യങ്ങളെ തിരിച്ചറിഞ്ഞ് തന്റെ നാട്ടുപുരയിടത്തില്‍ വളരാന്‍ ഇടം കൊടുത്ത ഒരു സാഹിത്യകാരന്റെ ഉദ്യമം. സസ്യജാലങ്ങള്‍ക്ക് മണ്ണില്‍ വേരുറപ്പിച്ചു് ശിഖരമുയര്‍ത്തിപ്പിടിക്കാന്‍ ജീവജലം പകര്‍ന്ന വി.എം.കെ. എന്ന ശ്രീ വി. മുഹമ്മദ് കോയ.

കോഴിക്കോട് മടവൂര്‍ പഞ്ചായത്തില്‍ ആരാമ്പ്രം ഗ്രാമത്തിലെ ഉണ്ണീരിക്കുന്ന് പല ദേശങ്ങളില്‍ നിന്നും വന്നുചേര്‍ന്ന വ്യത്യസ്തപ്രകൃതികളായ സസ്യജാലങ്ങള്‍ ഒത്തുചേര്‍ന്നൊരു കാടായി ഉരുവം കൊള്ളുകയാണിവിടെ. വിശാലഹൃദയനായൊരു മനുഷ്യന്റെ നല്‍പരിചരണങ്ങളേറ്റുകൊണ്ട് ആ വൃക്ഷലതാദികള്‍, പ്രകൃതിയിലെ തങ്ങളുടെ ഉറ്റകൂട്ടുകാരെ മാടിവിളിക്കുന്നു. കരിയിലകളുടെ പുതപ്പ് കാട്ടി, അതിനടിയില്‍ ജീവനുള്ള മണ്ണുണ്ടെന്ന സന്ദേശമുണര്‍ത്തുന്നു. മണ്ണില്‍ വേരുറപ്പിച്ചു് ശിഖരമുയര്‍ത്തിപ്പിടിക്കാന്‍ ജീവജലം പകര്‍ന്ന വി.എം.കെ. എന്ന ശ്രീ വി. മുഹമ്മദ് കോയയിലൂടെ അവര്‍ തങ്ങളുടെ വിശേഷങ്ങള്‍ പറയുന്നു. പേരും ജന്മദേശവും ഏതെന്നു പറയുന്നു, സാംസ്‌കാരിക ചരിത്രത്തിലും ചരിത്രാതീത കാലത്തിലും മനുഷ്യനോടൊപ്പം ജീവിച്ചുപോന്നതിന്റെ കഥകള്‍ ചൊല്ലുന്നു.

ഏറെക്കാലത്തെ ദുബായ് ജീവിതമവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ തന്റെ ഗ്രാമത്തിന്റെ സ്വതസിദ്ധമായ ഹരിതഭംഗി ഇല്ലാതായികൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് പ്രകൃതിസ്‌നേഹിയായ മുഹമ്മദ് കോയയെ അലട്ടിയത്. പ്രതിവിധി തേടിയ മനസ്‌സില്‍ ജന്മവാസന ഉരുള്‍പൊട്ടി. പറമ്പില്‍ പലതരം മരങ്ങള്‍ വളര്‍ത്താനുല്‍സാഹിച്ചിരുന്ന തന്റെ പിതാവില്‍ നിന്ന് അദ്ദേഹം പ്രചോദനമുള്‍ക്കൊണ്ടു. തന്നെ ആകര്‍ഷിച്ച സാഹിത്യകൃതികളിലെ മനുഷ്യകഥയില്‍ പങ്കുചേര്‍ന്നും സാക്ഷ്യം വഹിച്ചും നിലകൊള്ളുന്ന വൃക്ഷസാന്നിധ്യങ്ങളെ തിരിച്ചറിഞ്ഞ് തന്റെ നാട്ടുപുരയിടത്തില്‍ വളരാന്‍ ഇടം കൊടുത്ത ഒരു സാഹിത്യകാരന്റെ ഉദ്യമം കൂടിയാണത്.–കഴിഞ്ഞ പന്ത്രണ്ടു വര്‍ഷക്കാലത്തെ പ്രയത്‌നത്തിന്റെ ഫലം ആരാമ്പ്രത്തെ അദ്ദേഹത്തിന്റെ രണ്ടരയേക്കര്‍ കുന്നുംപറമ്പ് ഇന്നൊരു വൃക്ഷോദ്യാനമാണ്; വി.എം.കെ. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. വ്യത്യസ്ത ഇനത്തില്‍പെട്ട സസ്യങ്ങളുടെ വിത്തുകളും തൈകളും തേടികൊണ്ടുവന്ന് പറമ്പില്‍ നട്ടു, പരമാവധി വൃക്ഷവൈവിധ്യമായിരുന്നു ലക്ഷ്യം, അതിനാല്‍  വിദേശവൃക്ഷങ്ങളും ഇവിടെ ഇടം കണ്ടെത്തി. വേനല്‍ക്കാലത്ത് ഏറെ പണിപ്പെട്ടു വെള്ളം കൊണ്ടുവന്നു് കുന്നിന്‍ചെരിവുകള്‍ കേറിയും ഇറങ്ങിയും ഓരോ പൊടിപ്പിനും അമൃതം പകര്‍ന്നു. അധ്വാനത്തിന്റെ  വിയര്‍പ്പില്‍ നിന്നും ഉയിര്‍ത്തുവന്നു, മുന്നൂറോളം ഇനം വൃക്ഷങ്ങള്‍, അവയെ ഉപജീവിക്കുന്നൊരു ജീവിസഞ്ചയം.

അതിന്റെ നടുക്കിരിക്കുമ്പോഴും, ഗള്‍ഫ് ജീവിതമുള്‍പ്പെടെയുള്ള തന്റെ അനുഭവങ്ങളുടെ തെളിച്ചത്തില്‍ വി.എം.കെ പറയുന്നു 'ഇടയ്ക്കിടെയുണ്ടാകുന്ന വരള്‍ച്ച, വനനശീകരണം കൂടിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ്. ഇങ്ങനെപോയാല്‍….ഒരു ദുഃഖസത്യം പറയട്ടെ, മരുഭൂമിയിലേക്കുള്ള കപ്പലിലാണ് മനുഷ്യര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്…' ഇതുകൊണ്ട് മാത്രമല്ല, അത്രയെറെയൊന്നുമില്ലാത്ത തന്റെ ഭൂസ്വത്തിനെ വനവല്‍ക്കരണത്തിലൂടെ ഭൂമിയിലെ ജീവിപ്രപഞ്ചത്തിനായി ഇദ്ദേഹം തുറന്നിട്ടു കൊടുത്തത്; മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മാത്രമുള്ള 'വസ്തു'വല്ല ഭൂമിയെന്നും മനുഷ്യര്‍ക്ക് മാത്രമായി അതിജീവനമൊന്നും പ്രകൃതി കരുതിവെച്ചിട്ടില്ല എന്നും സ്വകര്‍മത്തിലൂടെ വിളിച്ചുപറയാന്‍ കൂടിയാണ്. വൃക്ഷകുതുകിയായ ആരെയും, 'വരൂ, എന്റെ ഉദ്യാനമൊന്നു കാണൂ' എന്ന് സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു വി.എം.കെ.

വന്നുകാണുന്നവര്‍ക്ക് വൃക്ഷങ്ങളെ തിരിച്ചറിയാന്‍വേണ്ടി അതാതിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള, പേരും ജന്മദേശവും ശാസ്ത്രനാമവും രേഖപ്പെടുത്തിയ ഫലകങ്ങളേക്കാള്‍ പെട്ടെന്ന് നമ്മുടെ ശ്രദ്ധ ചെന്നുപറ്റുക, മാനവസംസ്‌കാര ചരിത്രത്തിന്റെ ഹരിതാക്ഷരങ്ങളായി ഭൂഖണ്ഡങ്ങള്‍ തോറും പടര്‍ന്ന സാഹിത്യകൃതികളിലെ വചനങ്ങളിലാണ്. 'മാനത്ത് ഭൂമിയെഴുതിയ കവിതകളാണ് മരങ്ങള്‍' എന്ന് വിശ്വോത്തര കവി ഖലില്‍ ജിബ്രാനിലൂടെ വെളിപ്പെടുത്തിയ ഗുല്‍മോഹര്‍, തെക്കനമേരിക്കന്‍ ഭൂപ്രകൃതിയില്‍ നിന്നും ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസിലേക്ക് വേരുനീട്ടിയ ചെസ്‌നട്ട്, കുമാരനാശാന്റെ കാവ്യഋതുക്കളില്‍ പൂത്തുലഞ്ഞ വാകയും ഇലഞ്ഞിയും അശോകവും രാജമല്ലിയും, ആത്മകഥനങ്ങളില്‍ മാധവിക്കുട്ടി ഹൃദയപ്പെടുത്തിയ നീര്‍മാതളം, മലയാറ്റൂരിന്റെ ഭാവനയ്ക്ക് മായികലോകം പണിഞ്ഞ ഏഴിലംപാല, മലയാളഗാനങ്ങളുടെ പ്രണയകാലങ്ങളില്‍ തിരുമിഴി തുറന്ന പാരിജാതം… വി.എം.കെ. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തന്നെയും തന്റെ വൃക്ഷസമ്പത്തിനെയും സന്ദര്‍ശിക്കാനെത്തുന്നവരോട്, ശ്രീ. വി. മുഹമ്മദ് കോയ ഓരോ വൃക്ഷത്തിന്റെയും സാഹിത്യബന്ധത്തെക്കുറിച്ച് വാചാലനാകും. ഇത് കൃഷ്ണകഥയിലെ കാളിന്ദീതീരത്തെ കടമ്പുമരം, ഇതാ ചരിത്രാതീതസ്മൃതിയുമായി ചമത, ഇതാണ് രാമായണത്തിലെ സീതാദേവി അഭയം തേടിയ ശിംശപം….. താന്‍ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ വച്ചേറ്റവും വൃക്ഷസമൃദ്ധമായത്  വാത്മീകിരാമായണമാണെന്ന്, വനവാസക്കാലത്ത് പാണ്ഡവര്‍ മരവുരിമരത്തിന്റെ ഇലകള്‍ ഭക്ഷിച്ചിരുന്നു എന്നൊരു ഐതിഹ്യമുണ്ടെന്ന്, പുത്രന്‍ജീവ എന്ന മരം സന്താനസൗഭാഗ്യ ദായകമാണെന്നൊരു വിശ്വാസമുണ്ടെന്ന്  ഇങ്ങനെ വൃക്ഷങ്ങളെക്കുറിച്ച് താനറിഞ്ഞതെല്ലാം വി.എം.കെ. പറഞ്ഞുതരും.

'തത്താദൃശമായ നാഗരികത്വമേ, എത്തായ്ക നീയീ എളിയദിക്കില്‍' എന്ന കവിവചനം എഴുതി പ്രദര്‍ശിപ്പിക്കുക മാത്രമല്ല, നാഗരികതയുടെ ഉച്ഛിഷ്ടങ്ങളൊന്നും, ഒരു കടലാസുകഷ്ണം പോലും, തന്റെ വിശുദ്ധാരണ്യത്തിന്റെ മണ്ണില്‍ അവശേഷിക്കാതിരിക്കാന്‍ വി.എം.കെ. ശ്രദ്ധ കാട്ടുന്നുമുണ്ട്. ഒരു സ്വാഭാവികവനത്തിന്റെ അന്തരീക്ഷം രൂപപ്പെടാനുള്ള സാഹചര്യം ഒരുക്കുകയാകാം. എല്ലാ ദിവസവും രാവിലെ ഉദ്യാനത്തില്‍ ചുറ്റിനടന്ന് പലപ്രായമെത്തിയ സസ്യജന്മങ്ങളെ പരിചരിക്കുന്നു. വാട്ടമുള്ളതിനു വെള്ളം തേവുന്നു. കരിയില കുറഞ്ഞുപോയതിനു പുതയിടുന്നു. വേനല്‍ക്കാലത്ത്  ഈ പച്ചത്തുരുത്തിനെ ആശ്രയിക്കുന്ന പക്ഷികള്‍ക്കും ചെറുസസ്തനികള്‍ക്കും ദാഹമകറ്റാന്‍ വേണ്ടി മരച്ചോടുകളിലെ മണ്‍ചട്ടികളില്‍ വെള്ളം നിറച്ചു വയ്ക്കുന്നൊരാളിന്റെ ജീവകാരുണ്യത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് അധികം പേര്‍ക്കും മനസ്‌സിലായിട്ടില്ലെങ്കിലും, സര്‍വജീവിനാശത്തിന്റെ സൂചന തരുന്ന പരിസ്ഥിതി പരിണാമങ്ങളെ കണ്ടറിയുന്നവര്‍ ഇത്തരം ഒറ്റയാന്‍ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി തിരിച്ചറിയുന്നുണ്ട്. കലാലയ വിദ്യാര്‍ത്ഥികളും സ്‌കൂള്‍കുട്ടികളും വനഗവേഷകരുമുള്‍പ്പെടെ പ്രകൃതിസ്‌നേഹികളായ ധാരാളം പേര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കാണാനെത്തുന്നുണ്ട്. കൊടുവള്ളിയില്‍ (കോഴിക്കോട്) ജുവലറി നടത്തുന്ന വി.എം.കെ., ഉദ്യാനം കാണാനെത്തുന്നവരോടൊപ്പം കുന്ന് ചുറ്റാനും ഓരോ വൃക്ഷത്തിന്റെയും വിശേഷങ്ങള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കാനും അതിനിടെ സമയം കണ്ടെത്തുന്നു. വരുംതലമുറകള്‍ക്ക്      
വേണ്ടി നിലനില്‍ക്കുന്ന വൃക്ഷങ്ങളുടെ ഒരു മ്യൂസിയമാണ് ലക്ഷ്യമിടുന്നതെങ്കിലും, പ്രകൃതിപ്രവത്തനങ്ങളിലൂടെ ആരാമ്പ്രമെന്ന ഗ്രാമം മുഴുവന്‍ അത് പടര്‍ന്നു പച്ചപിടിക്കുന്നത് അദ്ദേഹം സ്വപ്നം കാണുന്നു. ഇവിടം സന്ദര്‍ശിക്കാനിടയായ മുന്‍മന്ത്രി ബിനോയ് വിശ്വത്തിന്റെ ഉത്സാഹത്തില്‍ ഉണ്ണീരിക്കുന്നിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ കവാടം വരെ തടം നിര്‍മിച്ചുതന്നത് നന്ദിയോടെ സ്മരിച്ചു കൊണ്ട് വി.എം.കെ തുടരുന്നു: 'ഒറ്റയൊറ്റ മനുഷ്യരുടെ ശ്രമങ്ങള്‍ക്ക് അതിന്റേതായ പരിമിതികളുണ്ട്. ജീവിതവ്യഗ്രതകള്‍ക്കിടയില്‍ വനവല്‍ക്കരണത്തിനു വേണ്ടി ധനവും സമയവും കണ്ടെത്താനും, പിന്നെ ഭുമി കൊണ്ടുള്ള മറ്റാവശ്യങ്ങള്‍… ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ പലതും ചെയ്യാന്‍ കഴിയും.. നാടിന്റെ പൊതു സ്വത്തായ കുന്നുകളിലുള്ള സര്‍ക്കാര്‍ഭൂമിയില്‍ ആവുന്നത്ര മരങ്ങള്‍ നട്ടുവളര്‍ത്തട്ടെ. പ്രത്യേകിച്ച്, കാടുകളില്‍ നിന്നും മണ്മറഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് ചുവന്നബുക്കില്‍ (റെഡ് ലിസ്റ്റ്) പേര് പറഞ്ഞിട്ടുള്ള വൃക്ഷങ്ങള്‍…. അങ്ങനെ ആയിരം മൊട്ടക്കുന്നുകള്‍ ആയിരം കാടുകളായി മാറട്ടെ…'  
അടിക്കടി പരിസ്ഥിതി പഠനറിപ്പോര്‍ട്ടുകള്‍ പുറത്തിറക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള സംരക്ഷണപ്രവര്‍ത്തനങ്ങളൊന്നും നടത്താതിരിക്കുകയും ചെയ്യുന്ന ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍  ഇത്തരം പ്രയോഗികാശയങ്ങള്‍ക്ക് ചെവി കൊടുക്കാതെ, ഒരു നിയമദീക്ഷയുമില്ലാതെ സ്വകാര്യവ്യക്തികള്‍ക്ക് കുന്നുകളില്‍ പാറക്വാറികളും മറ്റും നടത്താന്‍ അനുവാദം കൊടുക്കുന്നു എന്നതാണ് വാസ്തവം. വനംവകുപ്പിന്റെ 'സാമൂഹികവനവല്‍ക്കരണ'മാകട്ടെ അതിന്റെ തുടക്കം മുതലേ, അക്കേഷ്യ പോലുള്ള അന്തകവൃക്ഷങ്ങളുടെ തോട്ടങ്ങളുണ്ടാക്കി വനഭൂമിയുടെ ഈര്‍പ്പത്തെയും ഉര്‍വരതയെയും നശിപ്പിക്കുന്ന പദ്ധതിയാഭാസമാണ്. അതിപ്പോഴും തുടരുന്നു, വനംവകുപ്പിന്റെ വനം കയ്യേറ്റം.

ഭൂമിക്ക് റിയല്‍എസ്റ്റേറ്റ് മാനം മാത്രം കല്‍പ്പിക്കുന്ന മനുഷ്യപരിസരങ്ങള്‍ക്കിടയിലാണ്, തെക്കന്‍പശ്ചിമഘട്ടനിരകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചെങ്കുറിഞ്ഞി പോലുള്ള തനത് വൃക്ഷങ്ങളുമായി വി.എം.കെ. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അതിജീവനത്വരയോടെ തലയുയര്‍ത്തിപ്പിടിക്കുന്നത്. കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ വളരുന്ന നരിവേങ്ങ, ഇലപൊഴിയും കാടുകളില്‍ കാണപ്പെടുന്നതും അഗ്‌നിബാധയെ ഒരുപരിധിയോളം അകറ്റിനിര്‍ത്തുന്നതുമായ ഒടുക്, പശ്ചിമഘട്ടത്തിലെ തണലിലും ഈര്‍പ്പത്തിലും വേരുപിടിക്കുന്ന ഇരുമ്പകം, തുറസ്‌സായ സ്ഥലങ്ങളിലും തണലിലും ഒരുപോലെ വളരുന്ന അര്‍ധഹരിതമരമായ പൂവം, ഹോമിയോപ്പതി എന്ന വൈദ്യശാസ്ത്രശാഖയുടെ വികാസവുമായി ബന്ധപ്പെട്ട സിങ്കോണ, ഫലവൃക്ഷങ്ങളായ മാവ്, പുളി, നെല്ലി, ഞാവല്‍, അത്തി, കൂവളം, താന്നി, ദുരിയന്‍ ഇങ്ങനെ പല സവിശേഷതകളുമുള്ള വൃക്ഷങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. അശോകം, അയ്യാറാണി, അണലിവേഗം, നീലക്കടമ്പ്, മഞ്ഞക്കടമ്പ്, മഹാഗണി, പാല, എണ്ണപ്പന, ഒലിവ്, നീര്‍മരുത്, കുടമ്പുളി, കുന്തിരിക്കം, കുമിഴ്, ചേര്, ആറ്റുവഞ്ചി, കാറ്റാടി, മുള്ളിലം, വീട്ടി, ചെമ്മരം, ചെമ്പകം, പുന്ന, രക്തചന്ദനം, ഉങ്ങ്, വാക, വീട്ടി, കമ്പിളി, വേപ്പ്, പൂവരശ്, കൈജീലിയ, കാഞ്ഞിരം… വി.എം.കെ.യുടെ ഹരിതഭൂമിയിലെ അന്തേവാസികളുടെ പേരുകള്‍ പറഞ്ഞു തീരുന്നില്ല. നാടന്‍ മരങ്ങള്‍ക്ക് പുറമേ വിദേശത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമുള്ള സ്പീഷീസുകളില്‍പ്പെട്ട സസ്യവര്‍ഗങ്ങള്‍ ഇവിടെ വളരുന്നുണ്ടെങ്കിലും  അടിയന്തരപ്രാധാന്യം കണക്കിലെടുത്ത്, സഹ്യനിരകളിലെ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വൃക്ഷങ്ങള്‍ കണ്ടെത്തി അവയുടെ തൈകള്‍ നട്ടു പരിപാലിക്കാനാണ് വി.എം.കെ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.        

ആരാമപുരം എന്ന പേരാണ് ആരാമ്പ്രമായിത്തീര്‍ന്നതെന്നും, കാലക്രമേണ കാറ്റും കിളികളും ഈ വൃക്ഷോദ്യാനത്തിലെ വിത്തുകള്‍ നാടാകെ വിതറി ഗ്രാമത്തെ വീണ്ടും ഹരിതപ്രൗഢിയുള്ള ആരാമപുരമാക്കുമെന്നാണ് തന്റെ പ്രത്യാശയെന്നും പറയുമ്പോള്‍, ജീവിതസംഘര്‍ഷങ്ങളും മനുഷ്യന്റെ ധര്‍മസങ്കടങ്ങളും നിറഞ്ഞ ഒരു കഥാസമാഹാരവും (വാസവദത്ത) രണ്ടു നോവലുകളും (ഷാര്‍ജയിലെ ദുഃഖപുത്രി, ഉറുമ്പുകളുടെ ഘോഷയാത്ര) ഒരു നാടകവും (മരുഭൂമിയിലെ കറുത്തപക്ഷികള്‍) പ്രസിദ്ധീകരിച്ചിട്ടുള്ള ആരാമപുരത്തിന്റെ ഈ കഥാകാരന്‍ ശുഭാപ്തിവിശാസം കൈവെടിയുന്നില്ല. ആരാമ്പ്രത്തിന്റെ താഴ്‌വാരങ്ങളെ മുഴുവന്‍ ഹരിതം കൊണ്ട് നിറയ്ക്കാന്‍ പോന്ന ജലകേദാരമാകട്ടെ ഈ വൃക്ഷോദ്യാനമെന്ന് ഹൃദയപൂര്‍വം നേരുന്നു.

വി.എം.കെ. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍   സന്ദര്‍ശിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി വിശദവിവരങ്ങള്‍ ഉള്‍കൊള്ളുന്ന വെബ് ലിങ്ക് കാണുക: info@vmkbotanicalgarden.com