അപ്രകാശിത കവിത

ഡി. വിനയചന്ദ്രന്‍

എല്ലാവരെയും പോലെ
കഴിയാന്‍ എളുപ്പം:
തൂറുക, തേട്ടുക, വളിവിടുക,

എന്നാല്‍
വിക്രമാദിത്യനും വേതാളവും
ഗേറ്റ് കിലുക്കി ഭിക്ഷചോദിച്ചാല്‍
ഒരു നൈറ്റിയോ സിഗററ്റുപുകയോ
ആയി വരാന്തയിലിറങ്ങി
നടക്കാനാവില്ല.
പഴയ വസ്ര്തമോ പുഴുങ്ങിയ പഴമോ
കുപ്പിയിലെ ബാക്കിയോ
അവാര്‍ഡുകിട്ടിയ ചവറോ കൊണ്ട്
അവര്‍ പോകില്ല.
വേതാളത്തിന് നമ്മുടെ
തോളുതന്നെയാണ് ആവശ്യമെങ്കിലോ?

എല്ലാവരെയും പോലെ
ആവാന്‍ എളുപ്പമല്ല.
വോട്ടുചോദിക്കാന്‍ വരുമ്പോള്‍
കത്തിരാകുന്നവന്‍ വരുമ്പോള്‍
വിക്രമാദിത്യനും വേതാളവും
വരുമ്പോള്‍
മുണ്ടുകുടഞ്ഞുടുത്ത്
മുറ്റത്തിറങ്ങി നടക്കാനാവില്ല.