‘നരകത്തിലേക്കുള്ള മൂന്നു പാതകളാണോ കവിതകള്‍.’
അയ്യപ്പന്റെ കാവ്യദര്‍ശനവും രാഷ്ട്രീയ ദര്‍ശനവും ‘ചുരത്തിലെ ചുവടുകളി’ലുണ്ട്. അതിലടങ്ങിയിട്ടുള്ള കീഴാളസ്വരം വാച്യത്തിലും ധ്വനിയിലും വ്യകതവുമാണ്. ഈ കീഴാളബോധത്തെ പുറത്തുവിടുന്ന തെളിവുകള്‍ ‘ബലിക്കുറിപ്പുകളി’ലെ കവിതകള്‍ മുതലുണ്ട്. അവസാനമെത്തുമ്പോള്‍ ‘കല്‍ക്കരിയുടെ നിറമുള്ളവര്‍’ എന്ന് കാവ്യഗ്രന്ഥനാമമായി അത് സ്ഥലം പിടിക്കുന്നു.
അയ്യപ്പന്റെ ദൈവം ശാപവാക്കുകളേറ്റ് കറുത്തിരിക്കുന്നു (വായ്ക്കരിപ്പാട്ട് – ബലിക്കുറിപ്പുകള്‍). മഴയ്ക്ക് പാമ്പിന്റെ ഭാവവും ഉടുക്കിന്റെ മേളവും താണ്ഡവത്തിന്റെ താളവും (മഴ – ബലിക്കുറിപ്പുകള്‍). ശരീരം നിറയെ മണ്ണും മണ്ണ് നിറയെ രക്തവും രക്തം നിറയെ കവിതയും കവിത നിറയെ കാല്പാടുകളുമുള്ളവനാണ് അയ്യപ്പന്റെ രകഷകന്‍ (ജ്ഞാനസ്‌നാനം – ബലിക്കുറിപ്പുകള്‍). ആ രക്ഷകന്‍ കറുത്ത ഗോത്രക്കാരനാണ്. ‘കറുത്ത തലച്ചോറിലുദിക്കൂ സൂര്യന്‍! കഴുത്തിലണിയിക്കൂ ഫണിയേ!’ എന്നാണ് ‘വൃകഷഗീത’ (ബലിക്കുറിപ്പുകള്‍) ത്തിലെ പ്രാര്‍ത്ഥന. കോടതികള്‍വരെ ദരിദ്രനെതിരാകുന്ന ദാരുണാവസ്ഥ ‘കാഴ്ച’ (ബലിക്കുറിപ്പുകള്‍) എന്ന കവിതയിലുണ്ട്. (ഞങ്ങളുടെ കണ്ണുകള്‍ കുത്തിപെ്പാട്ടിക്കുവാനുള്ള കമ്പി ഉലയില്‍ വച്ചൂതിപ്പഴുപ്പിച്ചത് കൊല്‌ളനല്‌ള കോടതിയാണ്). ”പ്രവാസിയുടെ ഗീത’ത്തിലെ പ്രവാസി നനയുന്നത് കര്‍ക്കിടകത്തിലെ മഴയാണ്. ‘വരദാന’ (ബലിക്കുറിപ്പുകള്‍) ത്തിലെ നദിക്ക് നീല നാഭി. ‘രാത്രിയുടെ ഘടികാര’ (ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍) ത്തില്‍ കവിക്കൊപ്പം സത്രത്തില്‍ ഉറക്കം പങ്കിടുന്ന പെണ്‍കുട്ടി സര്‍പ്പദംശം കൊണ്ട് നീലിച്ചവളാകുന്നു. ‘ശത്രുവിന്റെ പാല’ (ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍) ത്തില്‍ കവി നിര്‍മ്മിച്ച ശില്പം കരിങ്കല്‌ളുകൊണ്ടുതന്നെയായിരുന്നു. അവിടെത്തെളിഞ്ഞത് കറുത്ത റാന്തല്‍. ‘ശിരോലിഖിതത്തിന്റെ കാര്‍ബണ്‍ പതിപ്പുകളി’ല്‍ (ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍) ‘നീലയായ് പെയ്യുന്ന നിലാവ്, നീല പര്‍വതങ്ങള്‍, ഇരുട്ടുമരങ്ങള്‍, കറുത്ത പകഷികള്‍’ -നീലയുടെയും കറുപ്പിന്റെയും ആഘോഷങ്ങള്‍ തിരഞ്ഞാല്‍ അയ്യപ്പന്റെ കൃതികളില്‍ എവിടെയുമുണ്ട്.