സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ദിവ്യപ്രവാചകരെല്ലാം പ്രഘോഷിച്ച
കന്യകാമേരി തന്‍ ഓമല്‍സുതന്‍
ആഗതനാകുമെന്നാശിച്ച ക്രിസ്തുവെ
യോഹന്നാന്‍ പാടിപ്പുകഴ്ത്തി മന്നില്‍
മാലോകര്‍ നാഥനാമീശോയണഞ്ഞപ്പോള്‍
ആലോകനം ചെയ്‌വിനെന്നു ചൊല്ലി
പുത്തന്‍ പിറവിയെ സാനന്ദം കൊണ്ടാടാന്‍
നല്‍കുന്നു നീ വരം സ്വര്‍ഗ്ഗതാതാ
രക്ഷകനേശുവിങ്ങാഗതനാകുമ്പോള്‍
ഉന്നത താതനാം തമ്പുരാനെ
നിന്‍ സ്തുതി ഗീതങ്ങളാഹ്‌ളാദവായ്‌പ്പോടെ
ആലപിക്കുന്നതിനുത്സുകരായ്
പ്രാര്‍ത്ഥനാ ചിത്തരായ്ത്തന്നെയീ ഞങ്ങളെ
കാണുവാനെന്നും കനിഞ്ഞിടണെ
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ