പ്രപഞ്ചസൃഷ്ടി

ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ഭൂലോക വസ്തുക്കള്‍ സൃഷ്ടിച്ചനന്തരം
കാലഭേദങ്ങള്‍ ക്രമപ്പെടുത്തി

സ്വീയമാം ഛായയില്‍ മര്‍ത്യനെ നിര്‍മ്മിച്ചു
ഭൂതലം മര്‍ത്യനധീനമാക്കി

പാരിലെയീ സൃഷ്ടവസ്തുക്കളെയെന്നും
പാലിച്ചു വാഴാന്‍ വരമരുളി

അങ്ങേക്കരവേല എന്നുമുദ്‌ഘോഷിക്കാന്‍
ഇങ്ങീ നരനുകരുത്തുമേകി

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)