മാനവരക്ഷയുടെ ദിവ്യരഹസ്യം

ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

പാപാന്ധകാരത്തിലാണ്ടുനാശം പൂണ്ടു
താപാര്‍ത്തരായോരാം മാനവരെ

വിണ്ണിന്റെ പാതയിലെന്നും നയിക്കുവാന്‍
കന്യയില്‍ നിന്നും ജനിച്ചു നാഥന്‍

അത്യന്ത ദാരുണം ക്രൂശില്‍ മൃതിയാര്‍ന്നു
നിത്യമൃതിയില്‍ നിന്നുദ്ധരിച്ചു

ഉത്ഥാനംമൂലം കനിഞ്ഞേകി ഞങ്ങള്‍ക്കു
നിത്യജീവന്റെയനുഗ്രഹവും

മോക്ഷകവാടം തുറന്നിവര്‍ക്കേകിനാന്‍
അക്ഷയ ഭാഗ്യമാം നിത്യജീവന്‍

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)