അപ്പോസ്തലന്‍മാര്‍ : ദൈവജനത്തിന്റെ ആത്മീയ പാലകന്‍മാര്‍

അപ്പോസ്തലന്‍മാരുടെ തിരുനാളുകളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

സത്യസ്വരൂപനാം നല്ലൊരിടയനേ
ആര്‍ത്തരായ് ഞങ്ങള്‍ വലഞ്ഞിടാതെ

പാരിതില്‍മേയുമീമേഷഗണങ്ങളെ
കാരുണ്യമോടെ നീ കാത്തിടുന്നു

സത്തമന്‍മാരാകും അപ്പോസ്തലന്‍മാരാല്‍
നിത്യ സംരക്ഷണം ഞങ്ങള്‍ക്കേകി

കാത്തുകൊണ്ടിടുന്ന നാഥാ ദയാമയാ
പേര്‍ത്തുമീ മേഷഗണത്തെ മേയ്ക്കാന്‍

ധന്യരാം ശിഷ്യര്‍ നിയുക്തരായിടുന്നു
കന്യാസുതന്റെ പ്രതിനിധികള്‍

സ്‌നേഹദയനിധേ നിന്റെ കൃപ ഞങ്ങള്‍
സാദരം വാഴ്ത്തി പുകഴ്ത്തിടുന്നു

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)