അപ്പോസ്തലികമായ അടിസ്ഥാനവും സാക്ഷ്യവും

അപ്പോസ്തലന്‍മാരുടെയും സുവിശേഷകന്‍മാരുടെയും ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

സീമയെഴാത്ത വിശുദ്ധിതന്‍ ശാശ്വത
സ്മാരകമായി പ്രശോഭിക്കാനും

നിത്യ സത്യങ്ങളെ സര്‍വ്വജനങ്ങള്‍ക്കു-
മുദ്‌ബോധനം ചെയ്തു വാഴുവാനും

അപ്പോസ്തലന്‍മാരാമടിസ്ഥാനം തന്നില്‍ നീ
സത്യ സഭയെ പടുത്തുയര്‍ത്തീ

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)