ഭൗമിക ദേവാലയത്തില്‍ നിന്ന് സ്വര്‍ഗ്ഗീയ ദേവാലയത്തിലേക്ക്

ഇതര ദേവാലയങ്ങളില്‍.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

അങ്ങുതന്‍ സ്‌നേഹത്താല്‍ ഞങ്ങളീ പ്രാര്‍ത്ഥനാ
മന്ദിരമേവം പണിഞ്ഞുവല്ലോ

സന്നിധാനം തേടും ഞങ്ങളെയങ്ങുന്നു
ധന്യരാക്കി വരദാനങ്ങളാല്‍

സംസര്‍ഗ്ഗം നിന്നോടു സ്ഥാപിക്കുമീഗേഹം
സംശുദ്ധം വിസ്മയനീയമെന്നും

പാവനം നിന്‍ സഭയ്‌ക്കെന്നും നിന്‍ മക്കളെ
ജീവന്‍ ശിലകളായ് തീര്‍ക്കുന്നു നീ

ക്രിസ്തുവിന്‍ ഭൗതിക ഗാത്രമാമീ സഭ
വിശ്വത്തിലാകെ പ്രകാശിക്കട്ടെ

സ്വര്‍ഗ്ഗജറുസലെം നാട്ടിലേക്കീ ഞങ്ങള്‍
തീര്‍ത്ഥാടനം ചെയ്തു വന്നിടട്ടെ

ശാന്തിതന്‍ സായൂജ്യനിര്‍ഝരിയാലേവം
ത്യപ്തരായ്ത്തീരട്ടെ നിത്യകാലം

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)