ദിവ്യകാരുണ്യത്തിന്റെ കൗദാശിക ഫലങ്ങള്‍

ദിവ്യകാരുണ്യത്തിരുനാളിലും ദിവ്യകാരുണ്യ ഭക്തിപൂജകളിലും ആലപിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

ക്രിസ്തുനാഥന്‍ തന്റെ ശിഷ്യരൊത്തന്ത്യമാം
അത്താഴമന്നു കഴിച്ച രാവില്‍

രക്ഷാകരമായ ക്രൂശിന്റെ സ്മാരകം
ഇക്ഷിതിക്കേകിനാന്‍ ജീവനാഥന്‍

ഏതും കറയറ്റ കുഞ്ഞാടാകും തന്നെ
പ്രീതമാം സംപൂര്‍ണ്ണയാഗമാക്കി

ഏക ലോകത്തില്‍ വസിക്കുന്ന മര്‍ത്ത്യരില്‍
ഏക വിശ്വാസമുദ്ദീപ്തമാക്കി

ഏകമാം സ്‌നേഹത്തിലൊന്നാക്കിത്തീര്‍ക്കുവാന്‍
ദേഹം ബലിയായ്‌കൊടുത്തു കൊണ്ട്

വിശ്വാസമാരാദ്ധ്യമായ കൂദാശയാല്‍
വിശ്വാസികളെ പവിത്രരാക്കി

അത്യദ്ഭുതമാം രഹസ്യവിരുന്നിതില്‍
ചിത്തമോദാല്‍ ഞങ്ങള്‍ പങ്കുകൊണ്ടു

ഈ ദിവ്യഭോജനമാധുര്യം ഞങ്ങളെ
വാനില്‍ വിരുന്നിലേക്കാനയിപ്പൂ

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)