പരമാണു ജ്യോതിസ്‌സായ ക്രിസ്തു

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

സ്രഷ്ടാവാം സര്‍വ്വേശാ സ്‌നേഹരൂപനേ
നക്ഷത്ര ജാലം ചമച്ചവനേ

ഞങ്ങള്‍തന്‍ പാദമിടറാതിരിക്കുവാന്‍
തന്നല്ലോ ദീപമായ് യേശുവിനെ

അന്ധകാരത്തിനിരുള്‍ മറനീക്കി നിന്‍
നന്ദനശോഭിതമായ നാട്ടില്‍

സാമോദം ഞങ്ങളെ ആനയിച്ചീടുവാന്‍
താവക പുത്രനെയങ്ങയച്ചു

സത്യ പ്രകാശ പ്രപഞ്ചം പുല്‍കാനുള്ള
നിത്യാവകാശവും നല്‍കിയല്ലോ

ആകയാലമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)