സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ദൈവമേ ഞങ്ങള്‍ തന്‍ കര്‍ത്താവും നിന്‍ തിരു
പുത്രനുമാം ഈശോ തമ്പുരാനേ
നിത്യ പുരോഹിതന്‍ വിശ്വ സമ്രാട്ടുമായ്
അത്യന്ത സ്‌നേഹമീയന്നു തന്നെ
ആനന്ദതൈലമൊഴുക്കിയഭിഷിക്ത-
നാക്കുവാന്‍ നീ കൃപ തൂകിയല്ലോ
നിര്‍മ്മല ശാന്തിതന്‍ യാഗമായ് ക്രിസ്തു താന്‍
ക്രൂശാം ബലിപീഠമായതിങ്കല്‍
മര്‍ത്യപരിത്രാണകര്‍മ്മം നിവര്‍ത്തിച്ചു
സൃഷ്ടികള്‍ക്കൊക്കെയും നാഥനായി
സത്യസനാതന സാര്‍വ്വലൗകികവും
നിത്യജീവന്റെയും സാമ്രാജ്യമായ്
നീതിയും സ്‌നേഹവും ശാന്തിയും തിങ്ങിടും
പാവനാനുഗ്രഹ സാമ്രാജ്യമായ്
ഏറ്റം മഹോന്നതനങ്ങേ തിരുമുമ്പില്‍
സാദരമര്‍പ്പണം ചെയ്തുവല്ലോ
ആകയാലാമോദവായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യ ഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ