മാര്‍ച്ച് 25-മനുഷ്യാവതാര രഹസ്യം

മംഗലവാര്‍ത്താ തിരുനാളില്‍ ആലപിക്കേണ്ടത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

മാനവരക്ഷയ്ക്കായ് മാനവര്‍ തന്‍ മദ്ധ്യേ
താവക പുത്രനെ നീയയച്ചു

ദൈവികാത്മാവിന്റെ ശക്തിയാല്‍ കന്യക
പാവന ഗര്‍ഭം ധരിക്കുമെന്നു

മാലാഖ നല്‍കിയ മംഗള സന്ദേശം
മാനിച്ചു കന്യക സ്വീകരിച്ചു

പാവനാത്മാവില്‍ പ്രവര്‍ത്തനമംബിക
പാരം വിശ്വാസത്തോടേറ്റുകൊള്‍കെ

ഇസ്രായേലിന്നീശനേകിയ വാഗ്ദാനം
പൂര്‍ത്തീകരിപ്പോനാം രക്ഷകനെ

നിസ്തുലസ്‌നേഹത്താല്‍ തന്നുദരത്തിങ്കല്‍
മര്‍ത്ത്യകുമാരനായ് സംവഹിച്ചു

മാലോകര്‍ കാത്തതാം രക്ഷകനേശുവേ
ലോകത്തിനായി വെളിപ്പെടുത്തി

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)