സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
കന്യകമേരിയാം അംബികതന്നുടെ
ഇമ്പമേറും സ്തുതി ഗീതങ്ങളാല്‍
രക്ഷകനേശുവിന്നമ്മ തന്നോര്‍മ്മയെ
ഇക്ഷിതിവാസികള്‍ ഘോഷിക്കുന്നു
ഈ ഗാനമജ്ഞരി താവക കാരുണ്യ
പാരമ്യമെന്നും പ്രകീര്‍ത്തിക്കുന്നു
സത്യസ്വരൂപനെ ഈ കര്‍മ്മമെത്രയും
രക്ഷയും യോഗ്യവും ന്യായവും താന്‍
താവക ദാസിതന്‍ താഴ്മയെ പാര്‍ത്തു നി-
ന്നോമല്‍സുതന്‍ നാഥാനേശുവിനെ
ലോകൈക രക്ഷകനായ് മുദാ മന്നിതി-
ന്നേകിയാള്‍ നിന്‍കൃപാവായ്പിനാലെ
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ