കന്യകാമറിയത്തിന്റെ സ്തുതി ഗീതങ്ങള്‍ തിരുസഭ പ്രഘോഷിക്കുന്നു

പരിശുദ്ധ കന്യകാമറിയത്തിന്റെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

അംബികയാകുന്ന കന്യകാമേരിതന്‍
ഇമ്പമേറും സ്തുതിഗീതങ്ങളാല്‍

രക്ഷകനേശുവിന്നമ്മതന്നോര്‍മ്മയെ
ഇക്ഷിതിവാസികള്‍ ഘോഷിക്കുന്നു

ഈ രമ്യ ഗാനങ്ങള്‍ താവകകാരുണ്യ
പാരമ്യമെന്നും പ്രകീര്‍ത്തിക്കുന്നു

സത്യ സ്വരൂപനേ, ഈ ദിവ്യകര്‍മ്മങ്ങള്‍
രക്ഷാകരം, യോഗ്യം ന്യായവും താന്‍

താവക ദാസിതന്‍ താഴ്മയേ പാര്‍ത്തുനി-
ന്നോമല്‍ സുതന്‍ നാഥനേശുവിനെ

പാരിന്നു രക്ഷകനായവള്‍ നല്‍കുവാന്‍
കാരുണ്യപൂര്‍വ്വം നീ ചിത്തമായി

കാലാന്തരങ്ങളിലീ മഹാകാര്യങ്ങള്‍
ഈ ലോകത്തിനു നീ ചെയ്തിടുന്നു

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)