സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ക്രിസ്തുനാഥന്‍ തന്റെ പീഡാസഹനവും
നിസ്തുലമാകും തന്‍ ഉത്ഥാനവും
ഓര്‍മ്മപ്പെടുത്തുവാന്‍ ആ നല്ല നാളുകള്‍
ആസന്നമായിതാ ഭാവുകമേ
ഞങ്ങള്‍തന്നാജന്മശത്രുക്കളെ തകര്‍-
ത്തെങ്ങുമുയര്‍ത്തി വിജയക്കൊടി
രക്ഷാകര്‍മ്മം വഴി നാഥാ നീ ഞങ്ങളെ
ഉദ്ധരിച്ചെന്നതും ഓര്‍മ്മിക്കുന്നു
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ