സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
എന്നും, വിശിഷ്യാ പെസഹാ തന്‍ കുഞ്ഞാടാം
ക്രിസ്തു ബലിയായ് തീര്‍ന്നനാളില്‍
അങ്ങേ മഹത്വം പ്രകീര്‍ത്തിപ്പതേറ്റവും
ന്യായവും യോഗ്യവുമാകുന്നല്ലോ
ക്രിസ്തുനാഥന്‍ വഴി ദിവ്യവെളിച്ചത്തിന്‍
മക്കളായ് മേവുമീ മര്‍ത്ത്യരെല്ലാം
ശാശ്വത ജീവിതത്തിനവകാശികള്‍
ആയിതാ വീണ്ടുമീ ജന്മം കൊള്‍വൂ
ഉര്‍വ്വിയില്‍ വാഴുന്ന വിശ്വാസികള്‍ക്കായി
സ്വര്‍ഗ്ഗകവാടം തുറന്നിടുന്നു
മൃത്യുവരിച്ചു ജയിച്ചു നീ മൃത്യുവെ
മര്‍ത്ത്യരാം ഞങ്ങളെ വീണ്ടെുടുത്തു
യേശുനാഥന്‍ പുനരുദ്ധാനം ചെയ്കയാല്‍
ഏവര്‍ക്കും ലഭ്യമായ് നവ്യജീവന്‍
ആകയാല്‍ സര്‍വ്വരും പെസഹാതിരുനാളില്‍
ആഹ്‌ളാദവായ്പിലമര്‍ന്നിടുന്നു
ശാക്തികന്‍മാരും അധീശരായുള്ളോരും
സ്വര്‍ഗ്ഗസ്ഥരേവരും ഒത്തുചേര്‍ന്ന്
അങ്ങേ മഹത്വം പുകഴ്ത്തിയവിരാമം
ആലപിച്ചീടട്ടേ കീര്‍ത്തനങ്ങള്‍