സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
മര്‍ത്യാവതാരത്താല്‍ ക്രിസ്തുനാഥന്‍ മര്‍ത്യ
രക്ഷണപദ്ധതി വ്യക്തമാക്കി
ഞങ്ങള്‍തന്‍ ദുര്‍ബലമാകും പ്രകൃതിയെ
പ്രീതിയാല്‍ നിന്‍സുതന്‍ സ്വീകരിക്കേ
സത്യബഹുമതിക്കര്‍ഹമായ്ത്തീര്‍ന്നതു
നിത്യസ്വരൂപനാം തമ്പുരാനേ
ഞങ്ങള്‍തന്‍ മാനുഷ ഭാവവുമായുള്ള
ഉന്നതമായൊരു വേഴ്ചമൂലം
ഞങ്ങളനശ്വര ജീവികളാകുവാന്‍
സന്തോഷമോടെ കനിഞ്ഞുവല്ലോ
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യപ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ