സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ദൈവസ്വഭാവത്തിലദൃശ്യനാണെങ്കിലും
മര്‍ത്ത്യസ്വഭാവത്തില്‍ ദൃശ്യനായി
കാലങ്ങള്‍ക്കൊക്കെയും മുന്നേ ജനിച്ചവന്‍
കാലത്തികവില്‍ മനുഷ്യനായി
മന്നില്‍ പിറന്നു, തകര്‍ന്നവയൊക്കെയും
ഉദ്ധരിച്ചൊന്നു കൂട്ടുവാനും
നാശത്തിലാഴ്ന്ന മനുഷ്യനെ വിണ്ണിലേ
ക്കാനയിച്ചീടാനും ചിത്തമായി
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ