സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
പ്രത്യക്ഷദര്‍ശനമേകി തന്‍ ശിഷ്യര്‍ക്കാ-
യുത്ഥാനശേഷമഖില നാഥന്‍
ദൈവീക ജീവനില്‍ പങ്കുകാരാക്കുവാന്‍
ഞങ്ങള്‍ക്കു സ്വര്‍ഗ്ഗീയ സൗഖ്യമേകാന്‍
ശിഷ്യന്മാരേവരും നോക്കി നിന്നീടവേ
സ്വര്‍ഗ്ഗത്തിലേയ്‌ക്കെഴുന്നള്ളി നാഥന്‍
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യപ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ