കുരിശിന്റെ ദിവ്യശക്തി

തപസ്‌സുകാലം അഞ്ചാംവാരത്തിലെ ഇടദിവസങ്ങളിലെ പൂജകളിലും, വിശുദ്ധ കുരിശിന്റെയും കര്‍ത്താവിന്റെ പീഡാസഹനത്തിന്റെയും ദിവ്യപൂജകളിലും ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

നിത്യപിതാവേ നിന്നോമല്‍ക്കുമാരന്റെ
രക്ഷാകരമാകും പീഡകളാല്‍

സര്‍വ്വജനങ്ങള്‍ക്കുമങ്ങേ മഹത്വത്തെ
സങ്കീര്‍ത്തനം ചെയ്‌വാന്‍ ഭാഗ്യമുണ്ടായ്

ക്രൂശിന്റെയുല്‍കൃഷ്ട ശക്തിയാല്‍ നേടിയ
ക്രൂശിതന്‍ തന്റെ വിജയഗാഥ

ശക്തി മഹത്വങ്ങളൊക്കെയും വ്യക്തമായ്
നിത്യ വിളംബരം ചെയ്തിടുന്നു.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു.
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)