ആദ്ധ്യാത്മിക തപസ്‌സ്

തപസ്‌സുകാല പൂജകളില്‍ വിശിഷ്യാ, അനുയോജ്യമായ മറ്റ് ആമുഖഗീതികളില്ലാത്ത പ്രസ്തുത കാലത്തെ ഞായറാഴ്ചകളില്‍ , ചൊല്ലുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധാ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

അന്നന്നു ചെയ്തതാം ഞങ്ങള്‍തന്‍ പാപങ്ങള്‍
ഒന്നൊന്നായ് ചിന്തിച്ചനുതപിക്കാന്‍

സന്തതം നല്‍പരിഹാരങ്ങള്‍ ചെയ്യുവാന്‍
അന്തരാത്മാവിനും ശക്തി നേടാന്‍

മോക്ഷ പ്രദായകാ കല്പിച്ചരുളി നീ
രക്ഷാകരം പുണ്യ നോമ്പുകാലം.

ഹൃത്തിന്‍ ദുരാശകളൊക്കെയകറ്റാനും
പുത്തന്‍ പ്രകാശം നിറയ്ക്കുവാനും

സ്വര്‍ഗ്ഗീയ ചിന്തയിലെന്നും മുഴുകാനും
സ്വര്‍ഗ്ഗതാതന്‍ നീ വരമരുളി.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)