സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള അനേകം പദങ്ങളുടെ മുമ്പില്‍ ‘അ’ ചേര്‍ത്ത് നിഷേധാര്‍ഥമുളവാക്കുന്ന വിദ്യ പണ്ടേ സ്വീകരിച്ചിട്ടുണ്ട്. എന്നു കരുതി ‘അ’യില്‍ തുടങ്ങുന്ന എല്ലാ വാക്കുകളും നിഷേധാര്‍ഥത്തെ ഉത്പാദിപ്പിക്കുന്നു എന്നു കരുതുകയുമരുത്. മര്‍ത്യന്‍ എന്ന മനുഷ്യനോട് അ ചേര്‍ത്ത് അമര്‍ത്യനാക്കുന്നതാണ് ദേവന്‍. സംസ്‌കൃതമായ അമല, അമലന്‍, അമലം എന്നെല്ലാമുള്ള വാക്കുകള്‍ ശുദ്ധമലയാളം പോലെ നാം ഉപയോഗിക്കുന്നു. അമല എന്നത് വിശേഷണമായിട്ടാണ്. അഴുക്കില്ലാത്ത, തെളിഞ്ഞ, പരിശുദ്ധമായ, കളങ്കമില്ലാത്ത എന്നെല്ലാമുള്ള വിശേഷണങ്ങള്‍. രാമചരിതത്തില്‍ ‘ നല്ല വിനായകനെന്മൊരമലനേ..’ എന്നു കവി ഗണപതിയെ വിശേഷിപ്പിക്കുന്നത് പരിശുദ്ധന്‍ എന്ന അര്‍ഥത്തിലാണ്.
അമല എന്നാല്‍ മഹാലക്ഷ്മി. എന്നാല്‍, പൊക്കിള്‍ക്കൊടി എന്നൊരര്‍ഥവുമുണ്ട്. മലമില്ലായ്മയാണ് അമലം. നാമമാണിത്. പരിശുദ്ധി എന്നാണര്‍ഥം. അമലം പൂര്‍വപദമായി വരുന്ന നിരവധി പദങ്ങള്‍ മലയാളത്തില്‍ ഉപയോഗിക്കുന്നു. അമലമണി, അമലരത്‌നം എന്നെല്ലാമുള്ള സ്ഫടികമുണ്ട്. അമലോത്ഭവ എന്നാല്‍ പരിശുദ്ധിയുള്ള കന്യമാറിയമാണ്. വിര്‍ജിന്‍ മേരി എന്ന് ഇംഗ്ലീഷില്‍നിന്നാണ് അതു പരിഭാഷപ്പെടുത്തി എത്തിയത്. വിശുദ്ധജനനമാണ് അമലോത്ഭവം. വിശുദ്ധ കന്യാമറിം ജന്മനാ പാപം ഇല്ലാത്തവളായിരുന്നു എന്നു സിദ്ധാന്തം. കന്യാമറിയത്തിന്റെ അമലോത്ഭവത്തെ സ്മരിക്കുന്നതിനാണ് ക്രിസ്ത്യാനികള്‍ അമലോത്ഭവത്തിരുനാളും പെരുന്നാളുമൊക്കെ കൊണ്ടാടുന്നത്.
അമലം വിട്ട് അമളിയിലെത്തിയാല്‍, ശുദ്ധ തമിഴ് പദമാണത്. അമളി പറ്റാത്തവരായി ആരുമില്ല. പലവിധ അര്‍ഥങ്ങളുള്ള അമളിക്ക് അബദ്ധം എന്ന അര്‍ഥമാണ് നമുക്കിടയില്‍ പതിഞ്ഞുപോയത്. ബഹളം, പരിഭ്രമം, മൗഢ്യം, ബുദ്ധിമാന്ദ്യം, കുഴപ്പം എന്നെല്ലാം അമളിയാണ്. വിഡ്ഢിത്തം, മടയത്തരം, പ്രമാദം എന്നിവയും അമളിതന്നെയാണ്. ഭാരതപര്യടനം എന്ന വിശ്രുതകൃതിയില്‍ കുട്ടികൃഷ്ണമാരാര്‍ ഇങ്ങനെ പറയുന്നു: ” ആ സഭയിലെ മായക്കാഴ്ചകള്‍ നോക്കി നടക്കെ എനിക്കു പല അമളികള്‍ പറ്റുകയും അതുകണ്ട് ഭീമാര്‍ജുനാദികളും ദ്രൗപദി തുടങ്ങിയ പെണ്ണുങ്ങളും ചിരിക്കുകയുമുണ്ടായി.”
അപകടം, ദുര്‍ഘടം, വൈഷമ്യം എന്ന അര്‍ഥത്തിനു പുറമേ, കിടക്ക, ശയ്യ, മെത്ത എന്നിങ്ങനെയും അമളി കിടക്കുന്നു.
അമറല്‍, അമറുക തുടങ്ങിയവ പരിചിതം. മൃഗങ്ങളുടേതു പോലെ, പ്രത്യേകരീതിയില്‍ ശബ്ദം പുറപ്പെടുവിക്കുന്നതാണ് അമറല്‍. ഉച്ചത്തില്‍ പരുഷമായി സംസാരിക്കുന്നവനോട് അമറല്ലേ എന്നു പറയാറുണ്ടല്ലോ.
അമറേത്ത് അമൃതേത്ത് എന്ന സംസ്‌കൃതവാക്കിന്റെ തത്ഭവമാണ്. രാജാക്കന്മാരുടെ ഭക്ഷണമാണ് അമൃതേത്ത്. മൃഷ്ടമായമറേത്തു കഴിച്ചണിക്കട്ടിലേറിക്കിടക്കും കുറെനേരം എന്നു പത്മപുരാണത്തില്‍.

അമാന്തം എന്ന വാക്കിന്റെ വ്യുത്പത്തി നിശ്ചയമില്ല എന്നാണ് ഭാഷാപണ്ഡിതന്മാര്‍ പറയുന്നത്. കാലവിളംബം, താമസം, കാര്യം നടത്താതെ ഇട്ടിഴയ്ക്കല്‍ ഇതെല്ലാമാണ് അര്‍ഥം. അതിനൊരു അമാന്തം വരികയില്ല എന്നു പറയുമല്ലോ. അമാന്തിക്കുക എന്നാല്‍, മടിക്കുക, കാലതാമസം വരുത്തുക. ഉദാസീനത, മന്ദത, മടി, അനാസ്ഥ-ഇവയും അമാന്തംതന്നെ. അമളി എന്ന അര്‍ഥത്തിലും അമാന്തം പ്രയോഗിക്കാറുണ്ട്. സംസ്‌കൃതത്തില്‍ അമയുടെ അന്തം എന്ന നിലയില്‍ കറുത്തവാവിന്നാളിന്റെ അവസാനം എന്ന് അമാന്തം പ്രയോഗിക്കുന്നു.
അമാത്യന്‍ മന്ത്രിയെങ്കില്‍ അമാലന്‍ പല്ലക്കു ചുമക്കുന്നവന്‍. അമാവാസി എന്ന സംസ്‌കൃതപദത്തിന് അമാ (കൂടെ) വാസി(പാര്‍ക്കുന്നത്) എന്നാണ് അര്‍ഥം. സൂര്യചന്ദ്രന്മാര്‍ ഒരുമിച്ച് വസിക്കുന്ന ദിവസമാണ് അമാവാസി. സൂര്യനോടൊത്ത് ഒരേരാശിയില്‍ നില്‍ക്കുന്നതിനാല്‍ ചന്ദ്രനെ കാണാന്‍ പാടില്ലാത്ത രാത്രിയാണല്ലോ കറുത്ത വാവ് എന്ന അമാവാസി. കൃഷ്ണപക്ഷത്തിലെ അവസാനദിവസം.

ഇന്ന് നാം ആമീന്‍ എന്നു വിളിക്കുന്നയാള്‍ പണ്ട് അമീന്‍ ആയിരുന്നു. അമീനാണ് ആമിനായത്. ഉറുദുവില്‍നിന്നു വന്ന പദമാണിത്. അറബിവഴിയാണ് അമീന്‍ വന്നത്. പണ്ടത്തെ ഒരു പോലീസുദ്യോഗസ്ഥനായിരുന്നു. പിന്നീട്, സിവില്‍കോടതികളിലെ ജീവനക്കാരനായി. അന്യരേല്പിക്കുന്ന ധനം സൂക്ഷിക്കുന്നവന്‍ എന്ന അര്‍ഥം കൂടിയുണ്ട്.
കെ.സി.കോമുക്കുട്ടി മൗലവി രചിച്ച മുഹമ്മദ് നബിയുടെ ജീവചരിത്രത്തിന്റെ തര്‍ജമയായ ‘റസൂല്‍ കരിം’ എന്ന കൃതിയില്‍ ഇങ്ങനെ പറയുന്നു: ” ജനങ്ങള്‍ അദ്ദേഹത്തെ അമീന്‍ (വിശ്വസ്തന്‍) എന്നു വിളിച്ചുവരികയും അനേകമാളുകള്‍ അദ്ദേഹത്തിന്റെ പക്കല്‍ മൊതലുകള്‍ അനാമത്ത് വെക്കുകയും ചെയ്തുവന്നു”.
അറബിയിലുള്ള അമീര്‍ നമുക്കും അന്യനല്ലല്ലോ. പ്രഭു, അഭിജാതന്‍, ഉന്നതകുലജാതന്‍ ധനികന്‍ എന്നീ അര്‍ഥങ്ങള്‍ മാത്രമല്ല, ഭരണാധികാരി എന്നീ അര്‍ഥങ്ങളുമുണ്ട്. കുവൈറ്റിലെ ഭരണാധികാരി അമീര്‍ ആണല്ലോ.
അമുക്കുരം ഒരു ഔഷധച്ചെടിയാണ്. പാലില്‍ അമുക്കുരം അരച്ചുകലക്കി സേവിച്ചാല്‍ മൂര്‍ഖന്‍ കടിച്ച വിഷം ശമിക്കുമെന്ന് ഒരു കൃതിയില്‍. അരയന്മാരുടെയും വാലന്മാരുടെയും പുരോഹിതനാണ് അമുക്കുവന്‍. അമൃതിന്റെ മലയാള തത്ഭവമാണ് അമുതം. നൈവേദ്യം, ചോറ് എന്നിവയും അമുതമാണ്.

സംസ്‌കൃതത്തിലെ ‘അ’ അറബിയിലെ മുസ്ലിം എന്ന വാക്കുമായി എല്ലാ വ്യാകരണനിയമങ്ങളും ലംഘിച്ചുകൊണ്ട് ചേരുന്നതുനോക്കുക-അമുസ്ലിം. മുസ്ലിം സമുദായത്തില്‍ പെടാത്ത ആള്‍.