ഔഷധമായി വാറ്റിയെടുക്കുന്ന ഒരുവക മദ്യമാണ് അരിഷ്ടം. ആയുര്‍വേദത്തില്‍ അരിഷ്ടവും ആസവവും ഉണ്ട്. ഔഷധവും വെള്ളവുംകൂടി ചേര്‍ത്ത് പാകംചെയ്യാതെ ഉണ്ടാക്കുന്ന മദ്യത്തിന് ആസവം എന്നും, മരുന്നുകഷായം വച്ചു ശര്‍ക്കര മുതലായവ ചേര്‍ത്ത് ഉണ്ടാക്കുന്നതിന് അരിഷ്ടമെന്നും ഭേദം കല്പിക്കുന്നു പഴയ ആയുര്‍വേദ ഗ്രന്ഥങ്ങള്‍. അരിഷ്ടത്തിന് മോര്, അപശകുനം, ഈറ്റില്ലം, ചെമ്പ്, കുങ്കുമം, വെള്ളുള്ളി എന്നിങ്ങനെ നാനാര്‍ഥങ്ങള്‍.
അരുണയില്‍ തുടങ്ങുന്ന നിരവധി വാക്കുകള്‍ സംസ്‌കൃത്തില്‍ നിന്നു വന്നിട്ടുണ്ട്. സംസ്‌കൃതത്തില്‍ വിശേഷണമായി ഉപയോഗിക്കുമ്പോള്‍ ചുവന്ന, ഇളം ചുവപ്പുള്ള എന്നിങ്ങനെ അര്‍ഥം. നാമമായിട്ടു വരുമ്പോള്‍ സരസ്വതി നദിയുടെ ഒരു കൈവഴി അരുണയാണ്. നാമത്തില്‍ത്തന്നെ ചുവപ്പ്. അരുണന്‍ സൂര്യന്‍. അരുണജ സൂര്യന്റ പുത്രി. അരുണജന്‍ സൂര്യപുത്രന്‍-സുഗ്രീവന്‍. യമന്‍, കര്‍ണന്‍, ശനി തുടങ്ങിവരും അരുണജന്മാരാണ്. അരുണപ്രിയ സൂര്യന്റെ പത്‌നി. അരുണസോദരന്‍ ഗരുഡന്‍. അരുണചൂഡന്‍ പൂവങ്കോഴി. അരുണോദയം പ്രഭാതം.
വസിഷ്ഠന്റെ പത്‌നിയാണ് അരുന്ധതി. പാതിവ്രത്യനിഷ്ഠയ്ക്കു പേരുകേട്ട പുരാണ നായിക. സപ്തര്‍ഷി മണ്ഡലത്തില്‍ വസിഷ്ഠന്റെ അടുത്തുള്ള ചെറിയ നക്ഷത്രമാണ് അരുന്ധതി നക്ഷത്രം. തമിഴ് വാക്കായ അരുവി ചെറുനദി. അരുള്‍ സൗമനസ്യം, നന്മ, കൃപ എന്നിവ. അരുളപ്പാട് കല്പന, ആജ്ഞ, നിയോഗം. അരുളുക, അരുളിച്ചെയ്യുക എന്നിവ അതിന്റെ മറ്റൊരു രൂപം. രൂപമില്ലാത്തവന്‍, ശരീരമില്ലാത്തവനാണ് സംസ്‌കൃത്തിലെ അരൂപി. പരിശുദ്ധാത്മാവ് എന്ന ക്രിസ്തുവിനെയും അരൂപി എന്നുവിളിക്കും. അ ചേര്‍ത്തുള്ള ഒട്ടേറെ നിഷോധാര്‍ഥ പദങ്ങള്‍ നമുക്കുണ്ട്. ഇഷ്ടമില്ലാത്ത, രുചിയില്ലാത്തതെല്ലാം അരോചകം ആണ്.
അര്‍ക്കകല എന്നത് സൂര്യമണ്ഡലത്തിന്റെ പന്ത്രണ്ടിലൊരു ഭാഗം. അര്‍ക്കകാന്ത സൂര്യന്റെ ഭാര്യ. ഛായയാണ് സൂര്യന്റെ ഭാര്യ. സൂര്യകാന്തക്കല്ലാണ് അര്‍ക്കകാന്തം. രക്തചന്ദനമാണല്ലോ അര്‍ക്കചന്ദനം. അര്‍ക്കനയനന്‍ സൂര്യന്‍ നേത്രമായിട്ടുള്ളവന്‍. വിരാട്പുരുഷനെയാണ് അങ്ങനെ വിളിക്കുന്നത്. അര്‍ക്കവല്ലഭം സൂര്യനു പ്രിയപ്പെട്ടത്-താമര. അര്‍ക്കവിവാഹം എന്നത് മൂന്നാമത്തെ വിവാഹത്തിനുമുമ്പ് എരിക്കിനെ വിവാഹം ചെയ്യുന്ന ചടങ്ങാണ്. അര്‍ഘ്യ പൂജയര്‍ഹിക്കുന്ന, പൂജിക്കത്തക്കത്. അര്‍ഘ്യം പൂജാദ്രവ്യം. ദേവനോ വിശിഷ്ടാതിഥിക്കോ അര്‍പ്പിക്കുന്ന വിശിഷ്ട ജലം. അര്‍ഘ്യം നല്‍കാനുള്ള പാത്രമാണ് അര്‍ഘ്യപാത്രം.
പൂജ, ആരാധന എന്നിവയെല്ലാം അര്‍ച്ചനയാണ്. ദേവതയുടെ നാമങ്ങള്‍ ഉച്ചരിച്ചുകൊണ്ട് വിഗ്രഹത്തിനുചുറ്റും പൂക്കളും മറ്റുമിട്ടുള്ള ആരാധന.
വെളുത്ത നിറത്തെ അര്‍ജ്ജുനം എന്നു വിളിക്കുന്നു. മയില്‍, നീര്‍മരുത് എന്നിവയും അര്‍ജ്ജുനംതന്നെ. പാണ്ഡവരില്‍ മൂന്നാമനാണല്ലോ അര്‍ജ്ജുനന്‍. കുന്തിക്ക് ഇന്ദ്രോപാസന കൊണ്ട് ജനിച്ച പുത്രന്‍. ദ്രോണാചാര്യരില്‍നിന്ന് ധനുര്‍വിദ്യ പഠിച്ച് ലോകൈകധനുര്‍ധരന്‍ എന്ന ഖ്യാതി സമ്പാദിച്ചു. കറങ്ങിക്കൊണ്ടിരുന്ന യന്ത്രപ്പക്ഷിയില്‍ അമ്പെയ്തു കൊള്ളിച്ച് പാഞ്ചാലിയെ വരിച്ചു. പാഞ്ചാലിയില്‍ ശ്രുതകീര്‍ത്തി എന്ന മകന്‍ ജനിച്ചു. നാഗകന്യയായ ഉലൂപിയെയും മണിപുര രാജാവിന്റെ മകള്‍ ചിത്രാംഗദയെയും കൃഷ്ണന്റെ സഹോദരി സുഭദ്രയെയും അര്‍ജ്ജുനന്‍ പരിണയിച്ചു. എല്ലാവരിലും മക്കളുണ്ട്. സുഭദ്രയില്‍ പിറന്ന മകന്‍ അഭിമന്യു പ്രസിദ്ധന്‍. അര്‍ജ്ജുനന്റെ പര്യായങ്ങള്‍: ഫല്ഗുനന്‍, കിരീടി, ജിഷ്ണു, ശ്വേതവാഹനന്‍, വിജയന്‍, പാര്‍ത്ഥന്‍, സവ്യസാചി, ധനഞ്ജയന്‍.
അര്‍ത്ഥത്തിന് പലയര്‍ത്ഥങ്ങള്‍. വാക്കിന്റെയോ പ്രവൃത്തിയുടെയോ താത്പര്യമാണ് പ്രഥമാര്‍ത്ഥം. വക്താവിന്റെയോ ലേഖകന്റെയോ വാക്കുകളില്‍നിന്ന് ശ്രോതാവിനോ അനുവാചകനോ മനസ്സിലാക്കാവുന്ന ആശയം, അഭിപ്രായം, ഉദ്ദേശ്യം തുടങ്ങിയവയാണ് അര്‍ത്ഥം. ധനം, പണം, മുതല്‍, സമ്പത്ത്, സ്വത്ത്, വില എന്നിവയും അര്‍ത്ഥംതന്നെ. അപേക്ഷയും ആഗ്രഹവും അര്‍ത്ഥമാണ്. ആവശ്യം, ലക്ഷ്യം, ഉദ്ദേശ്യം എന്നിവയും അതുതന്നെ. അര്‍ത്ഥകൃച്ഛ്രം എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട്. അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതാണ് അര്‍ത്ഥഗര്‍ഭം. മഹാധനികനാണ് അര്‍ത്ഥപതി.
അര്‍ത്ഥശാസ്ത്രം ധനശാസ്ത്രം. പുരുഷാര്‍ത്ഥങ്ങളില്‍ രണ്ടാമത്തേതായ അര്‍ത്ഥത്തെപ്പറ്റി പ്രതിപാദിക്കുന്നതാണിത്. ചാണക്യനാണ് ഇതിന്റെ ആചാര്യന്‍. അര്‍ത്ഥാനന്തര്യനാസവും അര്‍ത്ഥാപത്തിയും കാവ്യാലങ്കാരങ്ങള്‍.