സാഹിത്യകാരനായിരുന്നു പി. അനന്തന്‍പിള്ള. ജനനം 1886 ജൂണില്‍ വരാപ്പുഴയ്ക്കടുത്തു ദേശം ഗ്രാമത്തില്‍. മുണ്ടന്‍പ്ലാക്കല്‍ ശങ്കുനായരുടെയും പാപ്പിയമ്മയുടെയും മകന്‍. കിഴക്കേ മഠത്തില്‍ കുഞ്ഞുണ്ണിത്തമ്പുരാന്റെ അടുത്തുനിന്നു സംസ്‌കൃതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചു. ആലുവാ ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം മഹാരാജാസ് കോളജില്‍ എഫ്.എ.യ്ക്കു ചേര്‍ന്നു. 1915ല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസ്സായി. മലയാളവും സംസ്‌കൃതവും ഐച്ഛികമായെടുത്തു തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്ന് 1917ല്‍ ഒന്നാം റാങ്കോടെ ബിരുദം ജയിച്ചു കേരളവര്‍മമെഡല്‍ നേടി. പിന്നീട് മോഡല്‍സ്‌കൂള്‍ അധ്യാപകനായി. പ്രൈവറ്റായി പഠിച്ച് 1919ല്‍ എം.എ. പാസ്സായി. തിരുവനന്തപുരം മഹാരാജാസ് കോളജില്‍ 1920ല്‍ ട്യൂട്ടറും 1924ല്‍ ലക്ചററും ആയി. മദ്രാസ് സര്‍വകലാശാലയിലെ അക്കാദമിക് കൗണ്‍സില്‍ മെമ്പര്‍, എം.എ. മുതലായ ഉന്നത പരീക്ഷകളുടെ ചെയര്‍മാന്‍, അണ്ണാമല സര്‍വകലാശാലയില്‍ ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗവും മുഖ്യപരീക്ഷകനും, തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ സെനറ്റുമെമ്പര്‍, വിദ്യാഭിവര്‍ധിനി മഹാസഭയുടെ കാര്യദര്‍ശി എന്നിങ്ങനെ വിവിധസ്ഥാനങ്ങള്‍ വഹിച്ചു. 
ബാലസാഹിത്യം, ഉപന്യാസം, നോവല്‍, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 1966 മേയ് 22ന് ഇദ്ദേഹം നിര്യാതനായി.

കൃതികള്‍
പ്രബന്ധപാരിജാതം
പ്രബന്ധരത്‌നാകരം
സാഹിത്യ പ്രസംഗമാല
മില്‍ട്ടണ്‍
കേരളപാണിനി