എന്‍.പി മുഹമ്മദ് (ജനനം: ജൂലൈ 1, 1929,) നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ചു. കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട് ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായി. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട് പതിപ്പില്‍ റസിഡന്റ് എഡിറ്ററായിരുന്നു. 2003 ജനുവരി 2ന് അദ്ദേഹം അന്തരിച്ചു. കോണ്‍ഗ്രസ് നേതാവ് എന്‍.പി. മൊയ്തീന്‍ സഹോദരനായിരുന്നു. ജനിച്ചു വളര്‍ന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകള്‍ക്ക് അക്ഷരരൂപം നല്‍കിയാണ് എന്‍.പി മുഹമ്മദ് സാഹിത്യത്തിലേക്കു വന്നത്. അദ്ദേഹത്തിന്റെ ആദ്യ കൃതി തൊപ്പിയും തട്ടവും എന്ന വിമര്‍ശനസാഹിത്യഗ്രന്ഥമായിരുന്നു. ഇതിന് അന്നത്തെ മദിരാശി സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഒരു ഭാഗം ചിലവഴിച്ച പരപ്പനങ്ങാടി എന്ന പ്രദേശത്തിന്റെ സ്മരണകള്‍ വിതറി എന്‍.പി എഴുതിയ ദൈവത്തിന്റെ കണ്ണ് എന്ന നോവലാണ് ശ്രദ്ധേയമായ രചന. ഈ നോവലിനെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്. മുസ്ലീം സമുദായത്തിന്റെ ജീവിത ചിത്രങ്ങള്‍ അതിന്റെ എല്ലാ പൂര്‍ണ്ണതയിലും എന്‍ പിയുടെ കൃതികളില്‍നിന്നു തൊട്ടറിയാം. ആക്ഷേപഹാസ്യം, വിമര്‍ശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു. സാഹിത്യ സംഘാടകന്‍ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, കേരള സംഗീതനാടക അക്കാദമി അംഗം,ഫിലിം സെന്‍സര്‍ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കൃതികള്‍
നോവലുകള്‍

    ദൈവത്തിന്റെ കണ്ണ്
    എണ്ണപ്പാടം
    മരം
    ഹിരണ്യകശിപു
    അറബിപ്പൊന്ന് (എം.ടി വാസുദേവന്‍നായരുമായി ചേര്‍ന്ന്)
    തങ്കവാതില്‍
    ഗുഹ
    നാവ്
    പിന്നെയും എണ്ണപ്പാടം
    മുഹമ്മദ് അബ്ദുറഹ്മാന്‍ ഒരു നോവല്‍

കഥാസമാഹാരങ്ങള്‍

    പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം
    എന്‍.പി മുഹമ്മദിന്റെ കഥകള്‍
    ഡീകോളനൈസേഷന്‍
    എന്റെ പ്രിയപ്പെട്ട കഥകള്‍

നിരൂപണം

    പുകക്കുഴലും സരസ്വതിയും
    മാനുഷ്യകം
    മന്ദഹാസത്തിന്റെ മൗന രോദനം
    വീരരസം സി വി കൃതികളില്‍
    സെക്യുലര്‍ ഡെമോക്രസിയുo ഇന്ത്യയിലെ മുസ്ലിംകളും (പഠനം)

ബാലസാഹിത്യം

    അവര്‍ നാലു പേര്‍
    ഉപ്പും നെല്ലും
    കളിക്കോപ്പുകള്‍
    കളിപ്പാനീസ്‌