ജനനം1919 ജൂലൈയില്‍ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും സെന്റ് തെരേസാസിലുമായി ബിരുദപഠനം. തിരുവനന്തപുരം ഗവണ്‍മെന്റ് ലാ കോളേജില്‍ നിന്നും നിയമബിരുദം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവനത്തിനിറങ്ങി. ദീര്‍ഘകാലം കേരള കര്‍ഷകസംഘം പ്രസിഡന്റായിരുന്നു. 1952 ലും 54 ലും തിരുകൊച്ചി നിയമസഭയില്‍ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 1957 ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയില്‍ റവന്യു മന്ത്രിയായി. കാര്‍ഷിക പരിഷ്‌കരണ നിയമം പാസ്സാക്കിയത് ഈ സമയത്താണ്. ഇതേ വര്‍ഷം തന്നെയായിരുന്നു പ്രമുഖ നേതാവും മന്ത്രിയുമായിരുന്ന ടി. വി. തോമസുമായുള്ള വിവാഹം. 1964 ല്‍ പാര്‍ട്ടി വിഭജനത്തിനു ശേഷം പുതുതായി രുപീകരിക്കപ്പെട്ട സി.പി.ഐ. (എം) ല്‍ ഗൗരിയമ്മ ചേര്‍ന്നു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിരവധി ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഇരുപതു കൊല്ലത്തോളം മഹിളാസംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 1967, 80, 87 കാലത്ത് ഇടതുപക്ഷ മന്ത്രിസഭകളില്‍ അംഗമായി. 1987 ല്‍ വനിതാ കമ്മീഷന്‍ നിയമവും അഴിമതി നിരോധന നിയമവും പാസ്സാക്കി. 1994 ല്‍ സി.പി. ഐ.(എം)ല്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജനാധിപത്യ സംരക്ഷണ സമിതി രുപീകരിച്ചു. ജെ.എസ്. എസ്. യു.ഡി. എഫിന്റെ ഘടക കക്ഷിയായി. 2001 ല്‍ യു.ഡി.എഫ്. മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി. 1977 ലും 2006 ലും ഒഴികെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. ഇപ്പോള്‍ ജെ. എസ്. എസ്. ജനറല്‍ സെക്രട്ടറിയാണ്. 'ആത്മകഥ' യാണ് പ്രസിദ്ധീകരിച്ച കൃതി.

കൃതി
'ആത്മകഥ'. മാതൃഭൂമി ബുക്‌സ്, 2010.