കേരള ദളിത്, കേരള ക്രൈസ്തവ ചരിത്ര പണ്ഡിതനും, കേരളഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമാണ് എന്‍.കെ.ജോസ് (ജനനം ഫെബ്രുവരി 2 1929). നൂറ്റിനാല്പതില്‍ പരം ചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവ്, ദളിത് പഠനങ്ങള്‍ക്കും, ദളിത്ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് 1990ല്‍ ദളിത് സംഘടനകള്‍ ദളിത്ബന്ധു എന്ന ആദരനാമം നല്‍കി. വൈക്കം താലൂക്കിലെ വെച്ചൂരില്‍ നമശിവായം എന്ന കുടുംബപേരുള്ള കത്തോലിക്കാകുടുംബത്തില്‍ 1929ല്‍ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ചേര്‍ത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു. ബാല്യത്തില്‍ നടന്ന പുന്നപ്ര വയലാര്‍ പ്രക്ഷോഭത്തെക്കുറിച്ച് ജോസ് തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. തേവര സേക്രഡ് ഹാര്‍ട്ട്‌സ്, സെന്റ് ആല്‍ബര്‍ട്‌സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം.
പഠനകാലത്ത് ജോസിന്, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ താല്പര്യം തോന്നിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പര്‍ക്കം കാര്യമായ സ്വാധീനം ചെലുത്തി. 23-ാം വയസ്സില്‍ മുതലാളിത്തം ഭാരതത്തില്‍ എന്ന ആദ്യ ഗ്രന്ഥം രചിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം വാര്‍ദ്ധയിലെ ഗാന്ധി ആശ്രമത്തില്‍ ഗാന്ധിയന്‍ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏര്‍പ്പെടാനായി തിരഞ്ഞെടുക്കപ്പെട്ടു. പില്‍ക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശതമായി വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. റാം മനോഹര്‍ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായണ്‍ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാര്‍. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും മാറി. പി.എസ്.പി.യുടെ സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്ത് തിരുവിതാംകൂറിലെ ഭരണമുന്നണിയിലായിരുന്നു ആ പാര്‍ട്ടി. മാര്‍ത്താണ്ഡത്ത് നടന്ന പോലീസ് വെടിവെയ്പ്പ് അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി പിളരാനും ജോസ് സജീവ രാഷ്ടീയം ഉപേക്ഷിക്കാനും നിമിത്തമായി.
    1960കളില്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ്സില്‍ സംസ്ഥാന തലത്തിലെ പദവികള്‍ പലതും വഹിച്ചിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം അംബേദ്ക്കറുടെ ജീവചരിത്രം വായിച്ചത്. താന്‍ അന്വേഷിക്കുന്നത് അംബേദ്ക്കറിസമാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. 1983ല്‍ കത്തോലിക്കാ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിടവാങ്ങിയ അദ്ദേഹം, മുഴുവന്‍ സമയ ദളിത് ചരിത്ര ഗവേഷകനായി മാറി.
പരമ്പരാഗത ചരിത്രവും, തലമുറകളായി പുലര്‍ത്തിപോരുന്ന ധാരണകളും പൊളിച്ചെഴുതുന്നവയായിരുന്നു ജോസിന്റെ കൃതികള്‍. പ്രധാനമായും രണ്ട് പരമ്പരകള്‍-നസ്രാണീ സീരീസ്, ദളിത് സിരീസ്.
    കേരള ക്രൈസ്തവര്‍ ബ്രാഹ്മണരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കല്‍പ്പ സൃഷ്ടിയാണ് എന്ന് ജോസ് തുറന്നു പറഞ്ഞിരുന്നു. കേരളത്തില്‍ ക്രൈസ്തവതക്കുള്ളതിന്റെ പകുതി പ്രായമേ ബ്രാഹ്മണ്യത്തിനുള്ളു എന്ന് കണ്ടെത്തി. ബാഹമണരില്‍ നിന്നല്ല മറിച്ച് പുരാതന കേരളത്തിലെ ജൂതന്മാരില്‍ നിന്നാണ് നസ്രാണികളുടെ ഉല്‍ഭവം എന്ന പുത്തന്‍ ആശയത്തെയും അദ്ദേഹം ഖണ്ഡിച്ചു.  കേരളത്തിലെ ആദിമക്രൈസ്തവര്‍ ഇന്നാട്ടിലെ ആദിവാസികള്‍ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്നു ജോസ് വാദിക്കുന്നു. ില്‍ക്കാലത്ത് ജാതിവ്യവസ്ഥിതിയില്‍ നിന്നും മോചനം ലഭിക്കാന്‍ ദളിത്/ അവശ വിഭാഗങ്ങള്‍ സംഘടിതമായി ക്രൈസ്തവത സ്വീകരിക്കുകയുണ്ടായി എന്ന് ജോസ് പറയുന്നു. വിടത്തെ ബൗദ്ധ/ ജൈന/ ദളിത് പാരമ്പര്യവും സംസ്‌ക്കാരവും ചരിത്രവും ആസൂത്രിതമായി തമസ്‌ക്കരിക്കപ്പെടുകയായിരുന്നു എന്ന് ആവര്‍ത്തിച്ച് ചൂണ്ടിക്കാണിക്കുന്നു ജോസ്.

കൃതികള്‍
ദളിത് സിരീസിലെ ചില പുസ്തകങ്ങള്‍

    ചാന്നാര്‍ ലഹള
    പുലയലഹള
    ക്ഷേത്ര പ്രവേശന വിളംബരം
    വൈക്കം സത്യഗ്രഹം ഒരു പ്രഹേളിക
    ശിപായി ലഹള ഒരു ദളിത് മുന്നേറ്റം
    വേലുത്തമ്പി ദളവ
    ദിവാന്‍ മണ്‍റൊ
    അംബേദക്കര്‍
    മഹാനായ അയ്യങ്കാളി
    വൈകുണ്ഠ സ്വാമികള്‍
    ജ്യോതി റാഒ ഫൂലെ
    കേരള പരശുരാമന്‍ പുലയ ശത്രു
    ക്രൈസ്തവ ദളിതര്‍
    അംബേദ്ക്കറും മനുസ്മൃതിയും
    ഗാന്ധി ഗാന്ധിസം ദളിതര്‍
    ഗാന്ധിവധം ഒരു പുനര്‍വായന
    വാല്മീകി ഒരു ബൗദ്ധനോ?
    കറുത്ത അമേരിക്ക
    കറുത്ത കേരളം

നസ്രാണി സിരീസ്

    ആദിമ കേരള ക്രൈസ്തവരുടെ ആരാധന ഭാഷ
    അര്‍ന്നോസ് പാതിരി
    ക് നായിത്തൊമ്മന്‍ ഒരു സത്യമോ ?
    കേരളത്തിലെ കത്തോലിക്ക അല്‍മായര്‍
    ഭാരതത്തിലെ ക്രിസ്തു മതം
    കേരളത്തിലെ സുറിയാനി സഭയുടെ ഉല്‍ഭവം
    മാര്‍ തോമാ റോക്കാസ്
    ജാതിക്കു കര്‍ത്തവ്യന്‍ ഗീവര്‍ഗ്ഗീസ്
    സീറോ മലബാര്‍ കുര്‍ബാനയുടെ ചരിത്രം
    കേരളത്തിലെ സുറീയാനി സഭയുടെ ഉല്‍ഭവം
    കല്‍ദായ പൈതൃകം
    കുടവച്ചൂര്‍ പള്ളി
    ക്‌നാനായ
    നസ്രാണി
    ആദിമ കേരള സഭ
    നിലയ്ക്കല്‍