കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളില്‍ ഒരാളും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരന്‍ (ഫെബ്രുവരി 25-1904 ജൂലൈ 3, 1976). മലപ്പുറം ജില്ലയിലെ തിരൂര്‍ വില്ലേജില്‍ പൊറൂര്‍ ദേശത്ത് കീഴേടത്ത് എന്ന സമ്പന്ന നായര്‍ കുടുംബത്തില്‍ കിഴക്കിനിയേടത്ത് തുപ്പന്‍ നമ്പൂതിരിയുടേയും കീഴേടത്ത് നാരായണി അമ്മയുടേയും മകനായാണ് ദാമോദരന്‍ ജനിച്ചത്. സ്‌കൂള്‍ പഠനം തിരൂരങ്ങാടി മാട്ടായി പ്രൈമറി സ്‌കൂള്‍, തിരൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും, കോളേജ് പഠനം കോഴിക്കോട്ടെ സാമൂതിരി കോളേജിലുമായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കുകൊള്ളുകയും ചെയ്തു. നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കുകൊണ്ടതിന് 1931 ല്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 23 മാസം കഠിനതടവ് അനുഭവിച്ചു. കോയമ്പത്തൂര്‍ ജയിലിലായിരിക്കുമ്പോള്‍ അദ്ദേഹം തമിഴും ഹിന്ദിയും പഠിച്ചു. 1935 ല്‍ സംസ്‌കൃതം പഠിക്കുന്നതിനായി കാശിയിലെ ആചാര്യനരേന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള കാശിവിശവിദ്യാപീഠത്തില്‍ ചേര്‍ന്നു. അവിടെന്ന് ശാസ്ത്രി പരീക്ഷ വിജയിച്ചു. കാശിയിലായിരിക്കുമ്പോള്‍ അദ്ദേഹം ഉര്‍ദുവും ബംഗാളിയും പഠിച്ചു. കാശിവിദ്യാപീഠത്തിലേത് വലിയൊരു ഗ്രന്ഥശാലയായിരുന്നു. അപൂര്‍വ്വങ്ങളായ മാര്‍ക്‌സിസ്റ്റ് ഗ്രന്ഥങ്ങള്‍ അവിടെ ലഭ്യമായിരുന്നു. വിജ്ഞാനകുതുകിയായ ദാമോദരന്‍ അത്തരം സാഹിത്യങ്ങളെല്ലാം കൗതുകപൂര്‍വ്വം വായിച്ചു. ക്രമേണ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി.  പൊന്നാനി ബീഡിതൊഴിലാളി പണിമുടക്കില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.1937 ല്‍ ദാമോദരന്‍ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ പി. കൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഫറോക്കിലെ ഓട്ടുകമ്പനിതൊഴിലാളികളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന ദാമോദരനെക്കുറിച്ച് എ.കെ. ഗോപാലന്‍ തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുവാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത നാലുപേരില്‍ ഒരാളായിരുന്നു ദാമോദരന്‍. 
1939 മെയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടകം സ്ഥാപിച്ചു. കയര്‍തൊഴിലാളികളേയും ബീഡിത്തൊഴിലാളികളേയും സംഘടിപ്പിച്ചു പ്രവര്‍ത്തനരംഗത്ത് സജീവമായി. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം അദ്ദേഹം തുടര്‍ന്നിരുന്നു. 1938 ല്‍ അദ്ദേഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി. 1940 ല്‍ എ.ഐ.സി.സി അംഗമായി. എന്നാല്‍ സെപ്തംബര്‍ 15 പ്രതിഷേധദിനത്തെത്തുടര്‍ന്ന് കെ.പി.സി.സി പിരിച്ചുവിട്ടു. രണ്ടുവട്ടം ജയലിലടക്കപ്പെട്ട അദ്ദേഹം 1945ല്‍ മോചിതനായി. 1951 ല്‍ മലബാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താലൂക്ക് സെക്രട്ടറിയായി. അതേവര്‍ഷം തന്നെ നിയമസഭയിലേക്കും 1957 ല്‍ ലോകസഭയിലേക്കും മത്സരിച്ചു. 1960 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവയുഗം വാരികയുടെ പത്രാധിപ ചുമതലയും വഹിച്ചു. നിരവധി ഏഷ്യന്‍,യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ദാമോദരന്‍ മിക്കവാറും എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. 1964 ല്‍ രാജ്യസഭാംഗമായി. രാജ്യസഭയിലെ കാലാവധി അവസാനിച്ചതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം സമഗ്രമായി പഠിക്കുന്നതിനായി ഐ.സി.എച്ച്.ആര്‍ ഫെലോഷിപ്പില്‍ ജെ.എന്‍.യുവില്‍ ഗവേഷണത്തില്‍ മുഴുകി. 1976 ജൂലൈ 3ന് അദ്ദേഹം മരിച്ചു. പ്രമുഖ ചലച്ചിത്രഡോക്യുമെന്ററി സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കെ.പി. ശശി ദാമോദരന്റെ മകനാണ്.

കേരള മാര്‍ക്‌സ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പുരോഗമനവാദികളായ എഴുത്തുകാരുടെ ഒരു സംഘം ദാമോദരന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. ദാമോദരന്റെ പ്രശസ്തമായ പാട്ടബാക്കി എന്ന നാടകം പുറത്തുവന്നത് അക്കൊല്ലമാണ്.

കൃതികള്‍:
ജവഹര്‍ലാല്‍ നെഹ്‌റു, ഏക വഴി, കണ്ണുനീര്‍ (ചെറുകഥകള്‍), കാറല്‍ മാര്‍ക്‌സ്, സമഷ്ടിവാദ വിജ്ഞാപനം, പാട്ടബാക്കി (നാടകം), രക്തപാനം (നാടകം), റഷ്യന്‍ വിപ്ലവം (ഇം.എം.എസുമായി ചേര്‍ന്ന് എഴുതിയത്), മനുഷ്യന്‍[1],ധനശാസ്ത്രപ്രവേശിക, ഉറുപ്പിക[1], കമ്മ്യൂണിസം എന്ത് എന്തിന്? ,കമ്മ്യൂണിസവും ക്രിസ്തുമതവും,മാര്‍ക്‌സിസം (പത്തു ഭാഗങ്ങള്‍), ഇന്ത്യയുടെ ആത്മവ് ,കേരളത്തിലെ സ്വാതന്ത്ര്യസമരം, ധനശാസ്ത്ര ത്വത്തങ്ങള്‍, ധാര്‍മ്മിക മൂല്യങ്ങള്‍, എന്താണ് സാഹിത്യം, ചൈനയിലെ വിപ്ലവം, പുരോഗമന സാഹിത്യം എന്തിന് ? ,കേരള ചരിത്രം, സാഹിത്യ നിരൂപണം, ഇന്ത്യയും സോഷ്യലിസവും, ഇന്ത്യയുടെ സാഹിത്യാഭിവൃദ്ധി, ഇന്നത്തെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി , യേശുക്രിസ്തു മോസ്‌കോവില്‍, സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ ,സോഷ്യലിസവും കമ്മ്യൂണിസവും, ഭാരതീയ ചിന്തകള്‍, ഭാരതീയ ദര്‍ശനത്തിലെ വ്യക്തിയും സമൂഹവും, മാര്‍ക്‌സും ഹെഗലും ശ്രീശങ്കരനും, മാര്‍ക്‌സ് ഇന്ത്യയിലേക്ക്(പി.സി ജോഷിയുമായി ചേര്‍ന്നു എഴുതിയത്) മെമ്മയേര്‍സ് ഓഫ് ആന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് (പ്രശസ്ത ബ്രിട്ടീഷ് ഇടതു പക്ഷ പ്രവര്‍ത്തകന്‍ താരീഖ് അലി ‘ന്യൂ ലെഫ്റ്റ് റിവ്യൂ’വിനു വേണ്ടി കെ.ദാമോദരനുമായി നടത്തിയ അഭിമുഖം)