പോത്തന് ജോസഫ്
ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ അതികായരിലൊരാള്‍ ആയിരുന്നു പോത്തന് ജോസഫ് (ജനനം 1892 മാര്‍ച്ച് 15, മരണം 1972 നവംബര്‍ 2). ജനനം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ ഊരിയില്‍ കുടുംബത്തില്‍ 1892 മാര്‍ച്ച് 15ന്. ചെങ്ങന്നൂര്‍ ഹൈസ്കൂള്‍, സി.എം.എസ്. കോളേജ്, കോട്ടയം, ചെന്നൈ പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1909ല്‍ പതിനേഴാം വയസില്‍ വിവാഹം. വധു കണ്ടത്തില്‍ കുടുംബാംഗമായ 12 വയസുകാരി അന്ന. ബി.എ. ബിരുദം നേടിയതിനുശേഷം കോട്ടയം എം.ഡി. സെമിനാരി സ്കൂളില്‍ അധ്യാപകനായി. ബ്രിട്ടീഷുകാരനായ മുന്‍ കേണല്‍ ആര്.എച്ച്. കാമറൂണിന്റെ ഹൈദരാബാദ് ബുള്ളറ്റിനില്‍ കുറിപ്പുകളെഴുതി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. കോളത്തിനു മൂന്നു രൂപയായിരുന്നു പ്രതിഫലം. തുടര്‍ന്ന് ഫിറോസ് ഷാ മേത്ത ആരംഭിച്ച ദ ബോംബെ ക്രോണിക്കിളില്‍ 1917ല്‍ സബ് എഡിറ്ററായി ചേര്‍ന്നു. കൊല്‍ക്കത്തയിലെ ക്യാപിറ്റല്‍ (1920-24), മുംബൈയിലെ ദ വോയ്സ് ഓഫ് ഇന്ത്യ (1924), എന്നിവയിലെ ജോലിക്ക് ഒരു വര്‍ഷത്തിനു ശേഷം തിരികെ ബോംബെ ക്രോണിക്കിളില്‍ ജോയിന്റ് എഡിറ്ററായി. പിന്നീട് മോത്തിലാല്‍ നെഹ്രുവിന്റെ ഇന്ത്യന്‍ ഡെയ്ലി ടെലിഗ്രാഫ്, സരോജിനി നായിഡുവിന്റെ ഇന്ത്യന്‍ നാഷണല്‍ ഹെറാള്‍ഡ് എന്നീ പത്രങ്ങളിലും പോത്തന് ജോലി ചെയ്തു. ദ ഇന്ത്യന്‍ ഡെയ്ലി മെയില്‍ പത്രാധിപരായി. 'ഓവര്‍ എ കപ്പ് ഓഫ് ടീ' എന്ന പംക്തി. പോത്തന് എത്തുമ്പോള്‍ ദ ഹിന്ദുസ്ഥാന്‍ ടൈംസ് ഒരു ചെറിയപത്രം മാത്രമായിരുന്നു. അഞ്ച് വര്‍ഷം അവിടെ തുടര്‍ന്നു. 'ഓവര്‍ എ കപ്പ് ഓഫ് ടീ'യില്‍ വായനക്കാര്‍ ആകൃഷ്ടരായി. മുംബൈയില്‍ ഒരു കപ്പല്‍ക്കമ്പനിയില്‍ ഗുമസ്തനായിരുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ (കെ. ശങ്കരപ്പിള്ള) 'കണ്ടുപിടിച്ച്' ഹിന്ദുസ്ഥാന്‍ ടൈംസിലേക്ക് കൊണ്ടുവന്നതും പോത്തനാണ്. അങ്ങനെയാണ് ഇന്ത്യയില്‍ രാഷ്ട്രീയ കാര്‍ട്ടൂണ്‍ പിറന്നത്. 1936ല്‍ ബിര്‍ള ഏറ്റെടുത്തതിനെ തുടര്‍ന്ന് മാനേജുമെന്റുമായി ഉണ്ടായ അഭിപ്രായവ്യത്യാസം കാരണം പോത്തന് ടൈംസ് വിട്ടു. 'വോയ്സ് ഓഫ് ഇന്ത്യയില്‍' തുടങ്ങിയ പ്രശസ്തമായ പംക്തി 'ഓവര്‍ എ കപ്പ് ഓഫ് ടീ' വിവിധ പത്രങ്ങളിലായി നാല്പതുവര്ഷത്തിലധികം തുടര്‍ന്നു. മുഹമ്മദാലി ജിന്ന 1947ല്‍ ഡല്‍ഹിയില്‍ വാരികയായി ആരംഭിച്ച ഡാണിന്റെ ആദ്യ പത്രാധിപരായിരുന്നു. 1937ല്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ (ചെന്നൈ) പത്രാധിപരായി. സ്വതന്ത്രതിരുവിതാംകൂറിനെതിരായി നിന്ന ദിവാന് സി.പി രാമസ്വാമി അയ്യരെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം തിരുവിതാംകൂറില്‍ നിരോധിക്കപ്പെട്ടു. സി.പി.യുടെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പോത്തന് ജോസഫിന് പത്രാധിപത്യം ഒഴിയേണ്ടിവന്നു. പിന്നീട് സ്റ്റാര്‍ ഓഫ് ഇന്ത്യ (1941), ജിന്നയുടെ ഡാണ് എന്നിവയില്‍. 1944ല്‍ ഡാണ് വിട്ട് വൈസ്രോയ് ആര്‍ച്ചി ബാള്ഡ്വേവലിനു കീഴില്‍ ബ്രിട്ടീഷിന്ത്യാ സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ ആയി. 1947ല്‍ വീണ്ടും ഇന്ത്യന്‍ എക്സ്പ്രസില്‍ എത്തി. 1948ല്‍ ബാംഗ്ലൂരിലെ ഡെക്കാണ് ഹെറാള്‍ഡ് പത്രത്തില്‍. പത്ത് വര്‍ഷത്തിനു ശേഷം മാനേജ്മെന്റ് അദ്ദേഹത്തെ പുറത്താക്കിയതിനെ തുടര്‍ന്ന് പത്രപ്രവര്ത്തനമവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ സഹോദരന് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. പോത്തന് ജോസഫ് 1972ല്‍ മരണമടഞ്ഞു. 1973ല്‍ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്കി.
പംക്തികള്‍
ഓവര്‍ എ കപ്പ് ഓഫ് ടീ
ഫ്രം ദ പെഡസ്റ്റല്‍
ഹിയര്‍ ആന്‍ഡ് ദയര്‍
Leave a Reply