പ്രമുഖ സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു പി.ടി.ഭാസ്‌കരപ്പണിക്കര്‍ (ജനനം 1922 ഒക്ടോബര്‍ 15,  മരണം 1997 ഡിസംബര്‍ 30 ). പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂരില്‍ തമ്മെ പണിക്കരകത്ത് കാവുക്കുട്ടിയമ്മയുടെയും കൊയ്‌ത്തൊടി മനക്കല്‍ വിരൂപാക്ഷന്‍ നമ്പൂതിരിയുടെയും മകന്‍.

വിദ്യാഭ്യാസം അടക്കാപുത്തൂര്‍, ചെര്‍പ്പുളശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലും മദ്രാസ് പ്രസിഡന്‍സി കോളേജിലും. മദ്രാസ് സൈദാപ്പേട്ട ടീച്ചേഴ്‌സ് കോളേജില്‍ നിന്ന് ബി.ടി. ബിരുദം. നാലു കൊല്ലത്തോളം സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. കാറല്‍മണ്ണ ഹയര്‍ എലിമെന്ററി സ്‌കൂളിലും പെരിഞ്ഞനം, പുറമേരി, ശ്രീകൃഷ്ണപുരം എന്നീ ഹൈസ്‌കൂളുകളിലും സേവനമനുഷ്ഠിച്ചു. 1957-58 കാലത്ത്, തന്റെ തന്നെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട അടക്കാപുത്തൂര്‍ ഹൈസ്‌കൂളില്‍ പ്രധാനാദ്ധ്യാപകന്‍ ആയി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി മാറിയ അദ്ദേഹം, പാര്‍ട്ടി നിരോധിച്ചതിനെതുടര്‍ന്ന് ഒളിവിലും ജയിലിലുമായി മൂന്നുവര്‍ഷം കഴിഞ്ഞു.
ഗ്രന്ഥശാലാ പ്രസ്ഥാനം, ശാസ്ത്രസാഹിത്യ പ്രസ്ഥാനം എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. 1954ല്‍ ശ്രീകൃഷ്ണപുരം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരിക്കെ പഴയ മദ്രാസ് പ്രവിശ്യയിലെ മലബാര്‍ ജില്ലാ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ബോര്‍ഡിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനത്തെത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് നേതാവും ഏറ്റവും പ്രായം കുറഞ്ഞ ആളുമായി. 1957ല്‍ അദ്ദേഹം മുന്‍കയ്യെടുത്ത് ഒറ്റപ്പാലം ഹൈസ്‌കൂളില്‍ ഏതാനും ശാസ്ത്രസാഹിത്യകാരന്മാരുടെ യോഗം നടത്തി. മലയാളത്തില്‍ ശാസ്ത്രപ്രചരണത്തിനായി ശാസ്ത്രസാഹിത്യ സമിതി എന്ന സംഘടന രൂപീകരിച്ചത് അങ്ങനെയാണ്. 1958ല്‍ ഇ.എം.എസ്. മന്ത്രിസഭാകാലത്ത് വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ സെക്രട്ടറിയായി. 1959 മുതല്‍ 1965 വരെ കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന്‍ അംഗമായിരുന്നു. സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ഒട്ടനവധി സാമൂഹിക പ്രസ്ഥാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ആവിര്‍ഭാവത്തിനു നേതൃത്വം നല്‍കി. 1969 മുതല്‍ 1971 വരെ വിശ്വവിജ്ഞാനകോശം (10 വാള്യം) എഡിറ്ററായിു.1971 മുതല്‍ 1974 വരെ ഗ്രന്ഥശാലാ സംഘം അദ്ധ്യക്ഷനായിരുന്നു. 1969 മുതല്‍ ഏതാണ്ട് കാല്‍ നൂറ്റാണ്ടോളം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു പോന്ന അദ്ദേഹം ബാലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, ജീവചരിത്രകോശം, ദ്രാവിഡ വ്ജ്ഞാനകോശം എന്നീ റഫറന്‍സ് ഗ്രന്ഥങ്ങളും എഡിറ്റ് ചെയ്തു. വിദ്യാലോകം, ശാസ്ത്രഗതി, ശാസ്ത്രകേരളം, പ്രൈമറി ടീച്ചര്‍, പുസ്തക സമീക്ഷ എന്നീ മാസികകളുടെയും എഡിറ്ററായിരുന്നു. കാന്‍ഫെഡ്, ഭരണപരിഷ്‌കാരവേദി, സ്ഥലനാമസമിതി, ഇന്തോ-സോവിയറ്റ് സൗഹൃദസമിതി, ലെനിന്‍ ബാലവാടി, അഗളി ഗിരിജനകേന്ദ്രം എന്നിവയുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. 1997 ഡിസംബര്‍ 30ന് പാലക്കാട്ടുവച്ച് അദ്ദേഹം നിര്യാതനായി.

കൃതികള്‍

ശാസ്ത്ര പരിചയം
സയന്‍സിന്റെ കഥകള്‍ (3 ഭാഗങ്ങള്‍)
ജീവന്റെ കഥ
മനുഷ്യന്‍ എന്ന യന്ത്രം
ഗ്രഹാന്തര യാത്ര
പാര്‍ട്ടി (നോവല്‍)
യന്ത്രങ്ങളുടെ പ്രവര്‍ത്തനം
സ്‌പേസിലേക്കുള്ള യാത്ര
വികസിക്കുന്ന ജീവിതവും ദര്‍ശനവും (ലേഖനസമാഹാരം)
നൂറു ചോദ്യങ്ങള്‍
ചലനം