ദേശീയതലത്തില്‍ പ്രശസ്തനായ പത്രപ്രവര്‍ത്തകനായിരുന്നു സി.പി.രാമചന്ദ്രന്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു.
ബര്‍മ്മയില്‍ ചിറ്റേനിപ്പട്ട് കൃഷ്ണന്‍ നായരുടെയും സി.പി. ജാനകിയുടെയും മകനായി ജനിച്ചു. പത്താമത്തെ വയസ്സില്‍ ഒറ്റപ്പാലത്തെത്തി. വിക്ടോറിയ കോളേജില്‍ പഠിച്ചു. പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും റോയല്‍ ഇന്ത്യന്‍ നേവിയില്‍ കലാപമുണ്ടായപ്പോള്‍ അവിടെനിന്ന് പുറത്താക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തെത്തുടര്‍ന്ന് അറസ്റ്റിലായി. പാര്‍ട്ടിയുടെ നിരോധനം നീക്കിയ സമയത്ത് ജയില്‍മോചിതനായി. ഇഎംഎസിന്റെ നിര്‍ദ്ദേശാനുസരണം ന്യൂഏജില്‍ ചേര്‍ന്നു. പിന്നീട് പാര്‍ട്ടിയുമായി തെറ്റി ശങ്കേഴ്‌സ് വീക്കിലിയില്‍ ചേര്‍ന്നു. ‘അഗസ്ത്യന്‍’ എന്നപേരില്‍ പാര്‍ട്ടിയെ വിമര്‍ശിച്ചെഴുതി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് എടത്തട്ട നാരായണനെയും അരുണ ആസഫലിയെയും രാമചന്ദ്രനെയും പുറത്താക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പാര്‍ലമെന്റ് കറസ്‌പോണ്ടന്റായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ‘പാര്‍ലമെന്റ് ലാസ്റ്റ് വീക്ക്’ എന്ന കോളം പ്രസിദ്ധമായിരുന്നു. നെഹ്‌റു, വി.കെ. കൃഷ്ണമേനോന്‍, റാംമനോഹര്‍ ലോഹ്യ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 1986 ല്‍ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച് പാലക്കാട്ടെ പറളിയിലേക്ക് മടങ്ങി. പ്രമുഖ നിരൂപകന്‍ രഘുനാഥന്‍ പറളി എഡിറ്റ് ചെയ്തിട്ടുളള ‘സി.പി.രാമചന്ദ്രന്‍സംഭാഷണം, സ്മരണ, ലേഖനം’ എന്ന പുസ്തകം സി.പി.രാമചന്ദ്രനെക്കുറിച്ച് സമഗ്രചിത്രം നല്‍കുന്നു. കേരള പ്രസ് അക്കാദമിയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുളളത്. പ്രസിദ്ധ നാടക അഭിനേത്രി ജയബാല വൈദ്യയെ വിവാഹം കഴിച്ചുവെങ്കിലും പിന്നീട് വിവാഹമോചിതനായി.