പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് ബി.ജി. വര്‍ഗീസ് (ജനനം 12 ജൂണ്‍ 1926 മരണം: 30 ഡിസംബര്‍ 2014). ബൂബ്ലി ജോര്‍ജ് വര്‍ഗീസ് എന്ന് മുഴുവന്‍ പേര്. മാവേലിക്കര സ്വദേശികളായ ജോര്‍ജ്  അന്ന ദമ്പതികളുടെ മകനായി 1926 ജൂണ്‍ 12 ന് ബര്‍മയിലാണ് ജനനം. ഡെറാഡൂണിലെ ഡൂണ്‍സ്‌കൂളിലും ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജിലും കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലുമായി വിദ്യാഭ്യാസം. ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തകനായി തുടങ്ങിയ വര്‍ഗീസ് 1969-75 കാലയളവില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും 1982-86 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും പത്രാധിപരായി. 1966-69 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. ആധുനിക ഇന്ത്യയുടെ മഹത്തായ പല മുഹൂര്‍ത്തങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വര്‍ഗീസിന്റെ ആത്മകഥയാണ് ഫസ്റ്റ് ഡ്രാഫ്റ്റ്: വിറ്റ്‌നസ് റ്റു മെയക്ക്ിംഗ് ഓഫ് മോഡേണ്‍ ഇന്‍ഡ്യ. അടിയന്തരാവസ്ഥക്ക് ശേഷം 1977 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മാവലിക്കരയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പത്രപ്രവര്‍ത്തനത്തിനുള്ള മാഗ്‌സസെ അവാര്‍ഡ് 1975 ല്‍ വര്‍ഗീസിനെ തേടിയെത്തി. 'കാഞ്ചന്‍ജങ്ക ഇതാ വരുന്നു ഞങ്ങള്‍' എന്ന തലക്കെട്ടില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ അദ്ദേഹമെഴുതിയ മുഖപ്രസംഗം വളരെ പ്രസിദ്ധമാണ്. ഇന്ദിരാഗാന്ധിയോട് വളരെ അടുപ്പം നിലനിര്‍ത്തിയ അദ്ദേഹം സിക്കിമിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തതിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയതാണത്.' ഇന്ദിരാഗാന്ധിയുടെ അനിഷ്ടം നേടാന്‍ കാരണമായി. ഇത് ടൈംസ് ഓഫ് ഇന്ത്യയിലെ അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തി. വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെ ഉദാരമായി പ്രോത്സാഹിപ്പിച്ച ആളായിരുന്നു ബി.ജി. വര്‍ഗീസ്. ഐക്യരാഷ്ട്രസഭ കമ്മ്യൂണിക്കേഷന്‍ രംഗത്ത് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മക്‌ബ്രൈഡ് കമ്മിറ്റിയിലെ അംഗമായിരുന്നു.

കൃതികള്‍

ഡിസൈന്‍ ഫോര്‍ ടുമാറൊ
ബ്രെയ്കിങ് ദി ബിഗ്‌സ്റ്റോറി : ഗ്രേറ്റ് മൊമന്റ്‌സ് ഇന്‍ ഇന്ത്യന്‍ ജേര്‍ണലിസ്ം
വാട്ടേഴ്‌സ് ഓഫ് ഹോപ്
ഹാര്‍ണസിങ് ദി ഇസ്റ്റേണ്‍ ഹിമാലയന്‍ റിവേര്‍സ്
വിന്നിംഗ് ദി ഫ്യൂച്ചര്‍
ഇന്ത്യാസ് നോര്‍ത്തീസ്റ്റ് റീസര്‍ജന്റ് ആന്‍ഡ് റീ ഓറിയന്റിംഗ് ഇന്ത്യ
റെയ്ജ്, റീകന്‍സിലിയേഷന്‍ ആന്‍ഡ് സെക്യൂരിറ്റി
ഫസ്റ്റ് ഡ്രാഫ്റ്റ്: വിറ്റനസ് ടു ദി മെയ്ക്കിംഗ് ഓഫ് മോഡേണ്‍ ഇന്ത്യ (ആത്മകഥ)

പുരസ്‌കാരങ്ങള്‍

മാഗ്‌സസെ അവാര്‍ഡ് 1975
ശങ്കരദേവ അവാര്‍ഡ് 2005