മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടി (ഓഗസ്റ്റ് 26, 1914-ഒക്ടോബര്‍ 28, 1976). പട്ടാമ്പി ഗവ. കോളേജില്‍ മലയാളവിഭാഗത്തില്‍ അദ്ധ്യാപകനായിരുന്നു. പരമ്പരാഗതരീതിയില്‍ സംസ്‌കൃതവും വൈദ്യവും പഠിച്ച ഗോവിന്ദപിഷാരോടി പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. രാഷ്ട്രീയപ്രവര്‍ത്തനത്തെത്തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ജീവിതപ്പാത എന്ന ആത്മകഥയ്ക്കു് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ടു്. മലങ്കാടന്‍ എന്ന പേരില്‍ ഹാസ്യകവിതകള്‍ എഴുതിയിരുന്നു.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ് 26ന് ചെറുകാട് ജനിച്ചത്. കുടിപ്പള്ളിക്കൂടത്തില്‍ പ്രാഥമികവിദ്യാഭ്യാസം നേടിയ ഇദ്ദേഹം പിന്നീട് മലപ്പുറം, ചെറുകര, പെരിന്തല്‍മണ്ണ, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാന്‍ പരീക്ഷ വിജയിച്ചു. ചെറുകര, ചെമ്മലശ്ശേരി സ്‌കൂളുകളില്‍ അദ്ധ്യാപകനായി സേവനനമനുഷ്ഠിച്ചുകൊണ്ടാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. പിന്നീട് പാവറട്ടി സംസ്‌കൃത കോളേജിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃതകോളേജിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1960ല്‍ ജോലിയില്‍നിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1936ല്‍ കിഴീട്ടില്‍ ലക്ഷ്മി പിഷാരസ്യാരെ വിവാഹം കഴിച്ചു. രവീന്ദ്രന്‍, രമണന്‍, കെ.പി. മോഹനന്‍ (സാഹിത്യകാരന്‍), മദനന്‍, ചിത്ര, ചിത്രഭാനു എന്നിവര്‍ മക്കളാണ്. 1976 ഒക്ടോബര്‍ 28ന് അന്തരിച്ചു.
പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളില്‍ ഒരാളായിരുന്നു ചെറുകാട്. ‘സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന’ എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസപ്രമാണം. തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പിടിച്ചുകയറ്റിയത്. മണ്ണിനെ അറിഞ്ഞുകൊണ്ട് സാഹിത്യരചന നടത്തി.

കൃതികള്‍

നോവലുകള്‍

മുത്തശ്ശി
മണ്ണിന്റെ മാറില്‍
ഭൂപ്രഭു
മരണപത്രം
ശനിദശ
ദേവലോകം

നാടകങ്ങള്‍

സ്‌നേഹബന്ധങ്ങള്‍
മനുഷ്യഹൃദയങ്ങള്‍
കുട്ടിത്തമ്പുരാന്‍
വാല്‍നക്ഷത്രം
വിശുദ്ധനുണ
ചിറ്റുവിളക്ക്
തറവാടിത്തം
നമ്മളൊന്ന്
സ്വതന്ത്ര
മുളങ്കൂട്ടം
അടിമ
ജന്മഭൂമി
അണക്കെട്ട്
രക്തേശ്വരി
കൊടുങ്കാറ്റ്
കുട്ടിത്തമ്പുരാട്ടി
ഡോക്ടര്‍ കചന്‍
ഒടുക്കത്തെ ഓണം

ചെറുകഥകള്‍

ചെകുത്താന്റെ കൂട്
തെരുവിന്റെ കുട്ടി
മുദ്രമോതിരം
ചുട്ടന്‍മൂരി
ഒരു ദിവസം
ചെറുകാടിന്റെ ചെറുകഥകള്‍

കവിതകള്‍

മനുഷ്യനെ മാനിക്കുക
അന്തഃപുരം
മെത്താപ്പ്
ആരാധന
തിരമാല

ആത്മകഥ

ജീവിതപ്പാത

ചെറുകാട് അവാര്‍ഡ്

അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പെരിന്തല്‍മണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് നല്‍കുന്ന സാഹിത്യ അവാര്‍ഡാണ് ചെറുകാട് അവാര്‍ഡ്. 1978 മുതല്‍ നല്‍കിവരുന്നു. പ്രഥമപുരസ്‌കാരം കെ.എസ്. നമ്പൂതിരിക്കായിരുന്നു. 2012ലെ പുരസ്‌കാരം സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയ ബാര്‍ കോഡ് എന്ന കൃതിക്ക് ലഭിച്ചു.