അയ്മനം കൃഷ്ണക്കൈമള്‍
അയ്മനം കൃഷ്ണക്കൈമള്‍ 1924 ജൂലൈ 27ന് കോട്ടയം നഗരത്തിനടുത്തുളള അയ്മനം ഗ്രാമത്തില്‍ ജനിച്ചു. സംസ്‌കൃതഭാഷയും കഥകളിയാസ്വാദനവും അച്ഛനില്‍നിന്നു പഠിച്ചുതുടങ്ങി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1944ല്‍ മലയാളം സാഹിത്യവിശാരദ്, 1950ല്‍ ഹിന്ദി രാഷ്ട്രഭാഷാ വിശാരദ്, 1955ല്‍ കേരള യൂനിവെഴ്‌സിറ്റിയില്‍ നിന്ന് മലയാളം ബി.എ., 1958ല്‍ എം.എ., 1960ല്‍ ബി.എഡ്. എന്നീ ബിരുദങ്ങള്‍ നേടി. നിരൂപണങ്ങള്‍, പഠനങ്ങള്‍, വ്യാഖ്യാനങ്ങള്‍, വൈജ്ഞ്ഞാനികസാഹിത്യം, ജീവചരിത്രങ്ങള്‍, ഓര്‍മ്മക്കുറിപ്പ്, ആട്ടക്കഥ എന്നീ വിവിധ മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2007 ഡിസംബര്‍ 29ന് നിര്യാതനായി.
ഇടമനഇല്ലത്ത് ശ്രീധരശര്‍മ്മയുടെയും മാളിയേക്കലായ വടക്കേടത്തു ഭവനത്തില്‍ പാര്‍വ്വതിക്കുഞ്ഞമ്മയുടെയും മകനാണ്. ബി. സരോജിനിയമ്മയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്.1948ല്‍ അയ്മനം പി.ജോണ്‍ മെമ്മോറിയല്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1960 മുതല്‍ കോട്ടയം സി.എന്റെ. ട്രെയിനിംഗ് സ്‌കൂള്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചു. 1962ല്‍ പന്തളം എന്‍.എസ്.എസ്. കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1977 മുതല്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജില്‍ പോസ്റ്റ് ഗ്രാജുവേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാംസ്‌കാരിക വകുപ്പു ഡയറക്ടര്‍, ക്ഷേത്രകലാപീഠം ഡയറക്ടര്‍, കേരളാ യൂണിവേഴ്‌സിറ്റിയുടെ സംസ്‌കൃതം ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍, കേരളാ യുണിവേഴ്‌സിറ്റി ഓറിയന്റല്‍ ഫാക്കല്‍റ്റി മെമ്പര്‍ എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചിന്മയാമിഷന്‍, കുടമാളൂര്‍ കലാകേന്ദ്രം, കോട്ടയം കളിയരങ്ങ്, രഞ്ഞ്ജിനിസംഗീതസഭ, മന്നം മെമ്മോറിയല്‍ ഓഫീസേജ്‌സ് കള്‍ച്ചറല്‍ ക്ലബ്ബ് എന്നിങ്ങനെ കോട്ടയത്തും സമീപപ്രദേശങ്ങളിലുമുളള സാംസ്‌ക്കാരികസ്താപനങ്ങളില്‍ സജീവാംഗമായിരുന്നു. 1988 മുതല്‍ ദൂരദര്‍ശന്റെ വിദഗ്ദ്ധസമിതി അംഗമായിരുന്നു. കേരളകലാമണ്ഡലം ജനറല്‍ കൗണ്‍സില്‍ അംഗം, കേരള സാഹിത്യ അക്കാഡമി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1986ല്‍ മൂന്നാം ലോകമലയാളസമ്മേളനം ജര്‍മ്മനിയില്‍ വച്ചു നടന്നപ്പോള്‍ കേരള സാംസ്‌ക്കാരിക വകുപ്പിന്റെ പ്രതിനിധിയായി പങ്കെടുത്തു.
കൃതികള്‍:
സംസ്‌കാരമഞ്ഞ്ജരി (ലേഖനസമാഹാരം 1971)
എം.കെ.കെ നായര്‍ ജീവചരിത്രം
കഥകളി വിജ്ഞാനകോശം
ആദര്‍ശദീപങ്ങള്‍
ഇരയിമ്മന്‍ തമ്പിയുടെ ആട്ടക്കഥകള്‍
കഥകളിപ്രഭാവം സാഹിത്യകൃതികളില്‍
പുരസ്‌കാരങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പ് സീനിയര്‍ ഫെല്ലോഷിപ്പ്, എം.കെ.കെ. നായര്‍ പുരസ്‌ക്കാരം, സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.
Leave a Reply