മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍ (സെപ്റ്റംബര്‍ 12, 1930 – ഓഗസ്റ്റ് 23, 2006). ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തത്  അയ്യപ്പപ്പണിക്കരാണ്. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ചു. അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചു.
    1930 സെപ്റ്റംബര്‍ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ കാവാലം കരയിലായിരുന്നു ജനനം. അച്ഛന്‍ ഇ.നാരായണന്‍ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍, എന്‍.എസ്.എസ്. മിഡില്‍ സ്‌കൂള്‍, മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്‌കൂള്‍, പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിരുദവും അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങളും നേടി. കോട്ടയം സി.എം.എസ്. കോളജില്‍ ഒരു വര്‍ഷം അദ്ധ്യാപകനായിരുന്നു. 1952ല്‍ തിരുവനന്തപുരം എം.ജി. കോളജില്‍ അദ്ധ്യാപകനായി. ദീര്‍ഘകാലം അവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സര്‍വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായയി

കവിതകള്‍
    മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണ്. 1960ല്‍ ദേശബന്ധു വാരികയില്‍ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില.
    
' നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ,
ഗീത ചൊല്ലിക്കേട്ടൊരര്‍ജ്ജുനനല്ല ഞാന്‍ '-കുരുക്ഷേത്രം (അയ്യപ്പപ്പണിക്കര്‍)

പ്രധാന കൃതികള്‍

    അയ്യപ്പപ്പണിക്കരുടെ കൃതികള്‍ (നാലു ഭാഗം)
    കുരുക്ഷേത്രം
    മൃത്യുപൂജ
    അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ (രണ്ടു ഭാഗം)
    തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം)
    കാര്‍ട്ടൂണ്‍ കഥകളും മഹാരാജ കഥകളും
    10 കവിതകളും പഠനങ്ങളും
    പൂക്കാതിരിക്കാന്‍ എനിക്കാവതില്ല
    ഗോത്രയാനം
    പൂച്ചയും ഷേക്‌സ്പിയറും (വിവര്‍ത്തനം)
    ജീബാനന്ദദാസ്
    മയക്കോവ്‌സ്‌കിയുടെ കവിതകള്‍ (വിവര്‍ത്തനം)
    സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകള്‍)
    ഇന്‍ ദ് സേക്രഡ് നേവല്‍ ഓഫ് ഔര്‍ ഡ്രീം (ഇംഗ്ലീഷ്)
    ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്)

പുരസ്‌കാരങ്ങള്‍
    സരസ്വതി സമ്മാന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്‌കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ആശാന്‍ പ്രൈസ്, മഹാകവി പന്തളം കേരളവര്‍മ്മ പുരസ്‌കാരം, ഒറീസ്സയില്‍നിന്നുള്ള ഗംഗാധര്‍ മെഹര്‍ അവാര്‍ഡ്, മധ്യപ്രദേശില്‍ നിന്നുള്ള കബീര്‍ പുരസ്‌കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭില്‍വാര പുരസ്‌കാരം, എന്നിവയുള്‍പ്പെടെ പല പുരസ്‌കാരങ്ങളും ലഭിച്ചു.
    വയലാര്‍ അവാര്‍ഡ് നിരസിച്ചു.
    2006 ഓഗസ്റ്റ് 23ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ അന്തരിച്ചു.