മലയാളത്തിലെ പ്രമുഖ കവിയും എഴുത്തുകാരനുമാണ് ആലങ്കോട് ലീലാകൃഷ്ണന്‍.
1960 ഫെബ്രുവരി 1 ന് വെങ്ങേത്ത് ബാലകൃഷ്ണന്‍ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തില്‍ ജനിച്ചു. 1981 ല്‍ എം.ഇ.എസ്. പൊന്നാനി കോളേജില്‍ നിന്ന് വാണിജ്യശാസ്ത്രത്തില്‍ ബിരുദം നേടി. ഇപ്പോള്‍ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ പെരുമ്പടപ്പ് ശാഖയില്‍ ഉദ്യോഗസ്ഥനാണ്. സ്‌കൂള്‍ പഠനകാലത്തു തന്നെ ലീലാകൃഷ്ണന്‍ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രാസംഗികനായാണ് ലീലാകൃഷ്ണന്‍ ആദ്യം പൊതുവേദിയില്‍ എത്തിയത്. 1993 ല്‍ പ്രസിദ്ധീകരിച്ച 'നിളയുടെ തീരങ്ങളിലൂടെ' എന്ന സാംസ്‌കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദര്‍ശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനാത്മക യാത്രകള്‍ നടത്തിയിട്ടുള്ള ലീലാകൃഷ്ണന്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ കൂടിയാണ്. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചന്‍ സ്മാരക കമ്മറ്റി അംഗമാണ്. 'ഏകാന്തം' ഉള്‍പ്പെടെ ഏതാനും മലയാള സിനിമകള്‍ക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതി. കൈരളി പീപ്പിള്‍ ടി.വിയില്‍ പ്രക്ഷേപണം ചെയ്തുവരുന്ന 'മാമ്പഴം' എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ലീലാകൃഷ്ണന്‍.
ഭാര്യ ബീന (അദ്ധ്യാപിക) മക്കള്‍:കവിത,കണ്ണന്‍.

കൃതികള്‍
    ഏകാന്തം
    വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍
    നിളയുടെ തീരങ്ങളിലൂടെ
    പി.യുടെ പ്രണയ പാപങ്ങള്‍
    താത്രിക്കുട്ടിയുടെ സ്മാര്‍ത്താവിചാരം

നിയമാവര്‍ത്തനം
    എബ്രായ ബൈബിളിലെയും പഴയനിയമം എന്നു ക്രിസ്ത്യാനികള്‍ വിളിക്കുന്ന ലിഖിതസമുച്ചയത്തിലെയും അഞ്ചാമത്തെ ഗ്രന്ഥമാണ് നിയമാവര്‍ത്തനം. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചു ഗ്രന്ഥങ്ങളില്‍ അവസാനത്തേതും ഇതാണ്. നാല്പതു വര്‍ഷം മരുഭൂമിയില്‍ അലഞ്ഞുതിരിയേണ്ടി വന്നപ്പോഴുള്ള അനുഭവങ്ങള്‍ വിലയിരുത്തിയും കടന്നുചെല്ലാന്‍ പോകുന്ന വാഗ്ദത്തഭൂമിയിലെ ഭാവിയിലേക്ക് ഉറ്റുനോക്കിയും മോശെ നടത്തിയ മൂന്നു ദീര്‍ഘപ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന്റെ വലിയൊരു ഭാഗം. വാഗ്ദത്തഭൂമിയില്‍ ഇസ്രായേല്‍ക്കാരുടെ ജീവിതത്തിനു വഴികാണിക്കാനുദ്ദേശിച്ചുള്ള വിശദമായൊരു നിയമസംഹിതയാണ് അതിന്റെ കാതല്‍.
    ദൈവശാസ്ത്രപരമായി നോക്കുമ്പോള്‍, ദൈവമായ യഹോവയും ഇസ്രായേല്‍ മക്കളും തമ്മിലുള്ള ഉടമ്പടിയുടെ നവീകരണമാണ് ഈ കൃതി. ഇതിലെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം ആറാമത്തെ അദ്ധ്യായത്തിലെ ഷെമാ എന്ന പേരില്‍ അറിയപ്പെടുന്ന നാലാം വാക്യമാണ്. യഹൂദരുടെ ഏകദൈവവിശ്വാസത്തിന്റെയും, ദേശീയതയുടെ തന്നെയും പ്രഘോഷണമെന്ന നിലയില്‍ പ്രസിദ്ധമായ ആ വാക്യം ഇതാണ്: 'ഇസ്രായേലേ കേട്ടാലും: കര്‍ത്താവായ യഹോവയാണ് നമ്മുടെ ദൈവം; കര്‍ത്താവ് ഏകനാണ്'. മോശെയ്ക്ക് ദൈവത്തില്‍ നിന്നു ലഭിച്ച വചനങ്ങളുടെ രേഖയായി ഈ ഗ്രന്ഥത്തെ പാരമ്പര്യം ഘോഷിക്കുന്നു. എങ്കിലും ആധുനിക പണ്ഡിതന്മാര്‍ ഇതിനെ പലര്‍ ചേര്‍ന്ന് എഴുതിയ ഗ്രന്ഥമായും, യൂദയാ ഭരിച്ച ജോഷിയാ രാജാവിന്റെ ഭരണകാലത്തു നടന്ന മതപരമായ നവീകരണവുമായി ബന്ധപ്പെട്ടുള്ളതായും കണക്കാക്കുന്നു.