എം.ബി.ദിവാകരന്‍
ജനനം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട മേലതില്‍ തറവാട്ടില്‍ 1959ല്‍. ബി.കൃഷ്ണമ്മ-ജി.ബാലകൃഷ്ണന്‍ നായര്‍ ദമ്പതികളുടെ മകന്‍. സ്‌കൂള്‍, കോളേജ് പഠനകാലത്ത് മേലതില്‍ ദിവാകരന്‍ എന്ന പേരില്‍ ആനുകാലികങ്ങളില്‍ കഥകളും ഫീച്ചറുകളും യാത്രാവിവരണവുമെഴുതി ശ്രദ്ധേയനായി. കേസരി വാരികയുടെ തിരുവനന്തപുരം ജില്ലാ ലേഖകനായി. തുടര്‍ന്ന് കേരളപത്രിക പത്രത്തിന്റെ റിപ്പോര്‍ട്ടറായി. 1984ല്‍ കേരളകൗമുദി റിപ്പോര്‍ട്ടറായി. മേലതില്‍ ദിവാകരന്‍ എന്ന പേരിലും എം.ബി.ദിവാകരന്‍ എന്ന പേരിലും ആയിരക്കണക്കിന് വാര്‍ത്താധിഷ്ഠിത ലേഖനങ്ങളും രാഷ്ട്രീയ റിപ്പോര്‍ട്ടുകളും എഴുതി. മികച്ച ഫീച്ചറുകള്‍ എഴുതി. പരിസ്ഥിതി പത്രപ്രവര്‍ത്തനത്തിന് ബീജാവാപം നല്‍കി.
പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാടുകള്‍ക്ക് വംശനാശം നേരിട്ടതോടെ, നീലക്കുറിഞ്ഞി കാടുകളുടെ സംരക്ഷണം ആവശ്യപ്പെട്ട് എണ്‍പതുകളുടെ ഒടുവിലാരംഭിച്ച പ്രത്യക്ഷ സമരപരിപാടികളുടെ മുന്‍നിരക്കാരനായി. അശംബുഗ്രീന്‍സിന്റെ ബാനറില്‍ സുന്ദര്‍ലാല്‍ ബഹുഗുണ, സഫേര്‍ഫൂട്ടാഹള്ളി, ഇസ്രയേല്‍ ബൂഷി, കെ.വി.സുരേന്ദ്രനാഥ്, ജി.രാജ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം കൊടൈക്കനാലില്‍നിന്ന് നീലഗിരി മലനിരകളിലൂടെ എഴുദിവസം നീണ്ട പദയാത്ര നടത്തി മൂന്നാറിലെത്തി. നീലക്കുറിഞ്ഞി കാടുകളുടെ ജൈവ വൈവിധ്യത്തെക്കുറിച്ച് നിരവധി ലേഖനങ്ങളെഴുതി. അഗസ്ത്യര്‍കൂടം മുതല്‍ കൊടക് വരെ ഉള്‍പ്പെട്ട സഹ്യമലനിരകളിലും കൊടുംവനങ്ങളിലും നിരന്തര യാത്ര നടത്തി പരിസ്ഥിതി ദുര്‍ബല വനങ്ങളെയും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെയും കുറിച്ച് ശ്രദ്ധേയ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി.
ഉള്‍ക്കാടുകളിലെ കാണിക്കാരുടെ മന്ത്രതന്ത്ര ക്രിയകള്‍, മനുഷ്യരെ കണ്ടാല്‍ ഓടിയൊളിക്കുന്ന ശബരിമല, പൊന്നമ്പലമേട് വനങ്ങളിലെ മലമ്പണ്ടാരങ്ങള്‍, തമിഴ്‌നാട് ചിറ്റാര്‍ വനഡിവിഷനില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ആനനിരത്തി എന്ന കേരളവനം, ചെമ്മുഞ്ചി കാടുകള്‍, അഗസ്ത്യര്‍കൂടത്തിലെ തമിഴരുടെ രഹസ്യ ആചാരാനുഷ്ഠാനങ്ങള്‍, 22 തവണ പാമ്പുകടിയേറ്റിട്ടും മരിക്കാത്ത ഓമന, കാളക്കല്ല് എന്ന കൊടുംവനത്തിലെ കഞ്ചാവ് തൈലം വാറ്റ് തുടങ്ങി പൊതുചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട ഒട്ടേറെ സ്‌റ്റോറികള്‍ എഴുതി.
മൂന്നു ദശാബ്ദത്തിലേറെ കേരള കൗമുദിയില്‍ റിപ്പോര്‍ട്ടറായും പത്രാധിപസമിതി അംഗമായും പ്രവര്‍ത്തിച്ചു. കേരളകൗമുദിയില്‍ എഴുതിയ ‘വാര്‍ത്ത വരുന്ന വഴികള്‍’ എന്ന പരമ്പര ശ്രദ്ധേയമായി.
കേരള ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന്‍ നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, തിരുവനന്തപുരം റൂറല്‍ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റ്, തിരുവനന്തപുരം പ്രസ് ക്ലബ് സീനിയര്‍ മെമ്പര്‍, കേരള വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിലാസം: ദ്വാരക, മാണിക്യപുരം, കരുപ്പൂര് പി.ഒ, നെടുമങ്ങാട്.
ഭാര്യ: ബൈജു സരസ്വതി, മക്കള്‍: ദേവിനാ കൃഷ്ണ, ദേവികാ കൃഷ്ണ
കൃതികള്‍
വാര്‍ത്ത വരുന്ന വഴികള്‍
മാമ്മൂട്ടില്‍ ശങ്കരപ്പിള്ള നെടുമങ്ങാടിന്റെ കമ്മ്യൂണിസ്റ്റ്
പുരസ്‌കാരം
സാഹിത്യ പത്രപ്രവര്‍ത്തനത്തിന് കലിക്കറ്റ് പ്രസ് ക്ലബ് അവാര്‍ഡ്
Leave a Reply