എല്‍.വി. രാമസ്വാമി അയ്യര്‍
പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞനും അദ്ധ്യാപകനുമായിരുന്നു ലക്ഷീനാരായണപുരം വിശ്വനാഥയ്യര്‍ രാമസ്വാമി അയ്യര്‍ (1895 ഒക്ടോബര്‍ 25-1948 ജനുവരി 31[1]). ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളില്‍ അസാമാന്യമായ നൈപുണ്യം പ്രദര്‍ശിപ്പിച്ചു. മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ പഠനങ്ങള്‍ എഴുതി. കേരളപാണിനീയത്തിന്റെ മേന്മകളും കുറവുകളും എടുത്തുകാണിച്ചു.രാജരാജവര്‍മ്മയുടെ മലയാളഭാഷാസിദ്ധാന്തങ്ങളേയും അനുമാനങ്ങളേയും ആഴത്തില്‍ വിശകലനം ചെയ്‌തെഴുതിയ കേരളപാണിനീയക്കുറിപ്പുകള്‍ പില്‍ക്കാലത്ത് മലയാളഭാഷാശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനം ചെയ്തു.
1895 ഒക്ടോബര്‍ 25ന് ലക്ഷ്മീനാരായണപുരം വിശ്വനാഥയ്യരുടെ മകനായി പിറന്നു. 1925ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി.
ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം വേണ്ടത്ര ശ്രദ്ധേയനാവുകയോ ഭാഷാശാസ്ത്രരംഗത്ത് പ്രശസ്തനായി അംഗീകരിക്കപ്പെടുകയോ ചെയ്തിരുന്നില്ല. കല്‍ക്കത്തയിലെ സുനീതികുമാര്‍ ചതോപാദ്ധ്യായ, ഇംഗ്ലണ്ടിലെ സംസ്‌കൃതദ്രാവിഡ വിദഗ്ദനായിരുന്ന ബറോ, ദ്രാവിഡഭാഷാവ്യാകരണഘടനയെക്കുറിച്ചെഴുതിയ ഫ്രഞ്ചുപണ്ഡിതന്‍ ഷൂള്‍ ബ്ലോക്ക് തുടങ്ങിയവര്‍ അദ്ദേഹത്തോടു വളരെ മതിപ്പുള്ളവരായിരുന്നു. എന്നാല്‍ കേരളത്തിനകത്തു് അദ്ദേഹത്തെ അറിഞ്ഞാദരിച്ചിരുന്ന വളരെക്കുറച്ചുപേരില്‍ മുഖ്യന്‍ ശിഷ്യനായിരുന്ന സി.എല്‍. ആന്റണിയാണ്. പില്‍ക്കാലത്തു് ആന്റണി എല്‍.വി.ആറിന്റെ ഭൂരിഭാഗം പ്രസിദ്ധീകരണങ്ങളും കണ്ടെടുക്കുകയും ഒരുമിച്ചുകൂട്ടുകയും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ 1955നു ശേഷം പൂന കേന്ദ്രീകരിച്ചുണ്ടായ ഭാഷാശാസ്ത്രരംഗത്തെ നൂതനവികാസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ പഠനങ്ങളും അഭിപ്രായങ്ങളും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. മഹാരാജാസില്‍ മലയാളം പ്രൊഫസ്സറായിരുന്ന സി.എല്‍. ആന്റണിയും അണ്ണാമല സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ എ. കാമാച്ചിനാതനും അദ്ദേഹത്തിന്റെ പല രൂപത്തിലുമുണ്ടായിരുന്ന കൃതികളില്‍ നല്ലൊരു ഭാഗം അന്വേഷിച്ചുകണ്ടെത്തി. കേരള സാഹിത്യ അക്കാദമി ആന്റണിയുടെ ശേഖരം സംഭരിച്ചുസൂക്ഷിച്ചിട്ടുണ്ടു്.
കൃതികള്‍
താരതമ്യഭാഷാശാസ്ത്രശൈലിയില്‍ ദ്രാവിഡഭാഷകളെ സമഗ്രമായിക്കണ്ട് അവയ്ക്കുപൊതുവായി 'എ ദ്രവിഡിയന്‍ എറ്റിമോളജിക്കല്‍ ഡിക്ഷണറി' എന്ന ബൃഹത്തായ നിഘണ്ടു എഴുതിയ എമനോ, ബറോ എന്നിവര്‍ക്കു് രാമസ്വാമി അയ്യരുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ വളരെ സഹായകമായി. ഇത്ര നിരന്തരമായി ദ്രാവിഡഭാഷകളുടെ താരതമ്യപഠനത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി വേറെയില്ലെന്നാണു് അവര്‍ ആ നിഘണ്ടുവിന്റെ ആമുഖത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്.
രാമസ്വാമി അയ്യരുടെ കൃതികളില്‍ ഏറ്റവും മുഖ്യമായതും അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ പ്രസിദ്ധീകരിച്ചതും 1. A brief account of Malayalam Phonetics, 2. Evolution of Malayalam Morphology, 3. Grammar in Lilathilakam എന്നീ മൂന്നു ഗ്രന്ഥങ്ങളാണ്. A primer of Malayalam Phonology, Thirukkural in Malayalam എന്നിവ സമാഹരിച്ച് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച് ഖണ്ഡശഃ എഴുതിപ്പുറത്തിറക്കിയതാണെങ്കിലും അവയുടെ സമാഹരണം നടന്നില്ല.1960ല്‍ അണ്ണാമല സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം ഏതാനും ലേഖനങ്ങള്‍ മിമിയോഗ്രാഫ് ചെയ്തു സമാഹരിച്ചു. 1973ലെ അവരുടെ ദ്രാവിഡഭാഷാശാസ്ത്രഗ്രന്ഥസൂചി അനുസരിച്ച് എല്‍.വി.ആറിന്റേതായി നൂറോളം രചനകള്‍ ഉണ്ട്. ഇതില്‍ മുപ്പതിലധികം മലയാളഭാഷയെ സംബന്ധിച്ചുള്ളവയാണു്. എ. കാമാച്ചിനാതന്‍ചേര്‍ത്തതനുസരിച്ച് 200 എണ്ണമെങ്കിലും രാമസ്വാമിയുടെ കൃതികളും ലേഖനങ്ങളുമുണ്ട്.
Leave a Reply