മഹാറാണി കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായി തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെയും ഏക സഹോദരി ആയിരുന്നു. സ്വാതന്ത്ര്യത്തിനും മുമ്പും പിമ്പുമുള്ള ഒട്ടേറെ ചരിത്ര മൂഹുത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാര്‍ത്തിക തിരുനാള്‍ ഒരു ബഹുഭാഷാ പണ്ഡിത കൂടി ആയിരുന്നു. അമ്മ മഹാറാണി സേതു പാര്‍വ്വതിഭായിയുടെയും കിളിമാനൂര്‍ കോവിലകത്തെ പൂരം നാള് രവിവര്‍മ്മ തമ്പുരാന്റെയും ഏക മകളായി ജനിച്ച കാര്‍ത്തിക തിരുനാള്‍, വിവാഹം കഴിച്ചത് കേരളത്തിന്റെ സ്പോര്‍ട്സ് ശില്പി എന്ന് അറിയപ്പെടുന്ന ലെഫ്.കേണല്‍ ഗോദവര്‍മ്മ രാജയെയാണ്.
കിളിമാനൂര്‍ കോവിലകത്തെ മൂത്ത തമ്പുരാനും സംസ്കൃത പണ്ഡിതനുമായിരുന്ന പൂരം നാള് രവിവര്‍മ്മ കൊച്ചു കോയി തമ്പുരാന്റെയും തിരുവിതാംകൂറിന്റെ അമ്മ മഹാറാണി മൂലം തിരുനാള്‍ സേതു പാര്‍വ്വതി ബായിയുടെയും ഏക മകളായി 1916ന് സെപ്റ്റംബര്‍ 17നാണ് ലക്ഷമിഭായി തമ്പുരാട്ടിയുടെ ജനനം. ചെറുപ്പം മുതല്ക്കേ കാര്‍ത്തിക തിരുനാളിന് സംഗീതത്തില്‍ അതിയായ താല്പര്യം ഉണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ ചിത്തിര തിരുനാള്‍ മഹാരാജാവ് പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായിരുന്ന ഹരികേശനെല്ലൂര്‍ മുത്തയ്യ ഭാഗവതരെ സംഗീത അധ്യാപകനായി നിയമിച്ചു. കാര്‍ത്തിക തിരുനാള്‍ നല്ല ഒരു നര്‍ത്തകി കൂടി ആയിരുന്നു. പക്ഷേ രാജകുമാരി ആയിരുന്നതിനാല്‍ ഒരിക്കലും പൊതുവേദിയില്‍ പാടാനോ നൃത്തം ചെയ്യാനോ അനുമതി ഇല്ലായിരുന്നു. പ്രത്യേകം തിരെഞ്ഞെടുത്ത ട്യുട്ടര്മാരുടെ കീഴിലായിരുന്നു കാര്‍ത്തിക തിരുനാളിന്റെ വിദ്യാഭ്യാസം. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ പാണ്ഡിത്യം നേടി. കടല്‍ കടക്കുന്നതിനെതിരെ നിലനിന്നിരുന്ന അന്ധവിശ്വാസത്തെ ചോദ്യം ചെയ്തു 1933 ല്‍ പതിനാറുകാരിയായ കാര്‍ത്തിക തിരുനാള്‍ അമ്മ മഹാറാണിയോടൊപ്പം വിദേശ യാത്ര നടത്തി. കൂടാതെ 1935ലെ ആള് ഇന്ത്യന്‍ വിമന്‍സ് കോണ്‍ഫറന്‍സില്‍ പന്ഗെടുക്കുകയും ചെയ്തു.
കാര്‍ത്തിക തിരുനാളിന് 16 വയസ്സ് തികഞ്ഞപ്പോള്‍ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ കോയിക്കല്‍ കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ ജനിച്ച, കേരളത്തിന്റെ 'സ്പോര്‍ട്സ് ശില്പി' എന്ന് പില്ക്കാലത്ത് അറിയപ്പെട്ട ലെഫ്.കേണല്‍ ഗോദവര്‍മ്മ രാജയുമായിട്ടുള്ള വിവാഹം നിശ്ചയിച്ചു. ഇവരുടെ വിവാഹം 24 ജനുവരി 1934 ല്‍ ആയിരുന്നു. മദ്രാസില്‍ മെഡിസിനു പഠിക്കുമ്പോളായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നും അദ്ദേഹത്തിനു വിവാഹാലോചന ലഭിച്ചത്. വിവാഹത്തിന് സമ്മതം നല്കിയ ലെഫ്. കേണല്‍ രാജ അപ്പോള്‍ തന്നെ പഠനം ഉപേക്ഷിച്ചു. 1933 ല്‍ തന്നെ പള്ളികെട്ടിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. കോട്ടയ്ക്കകത്ത് സുന്ദരവിലാസം കൊട്ടാരം മുതല്‍ പടിഞ്ഞാറേക്കോട്ട വരെ വിസ്തൃതമായ സ്ഥലങ്ങളിലെല്ലാം വിവാഹത്തോടനുബന്ധിച്ച് പന്തലും മറ്റ് വേദികളും ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും കേരളത്തിലെയും തെക്കേ ഇന്ത്യയിലേയും രാജകുടുംബാംഗങ്ങളും പള്ളിക്കെട്ടില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങല് ഒരാഴ്ച നീണ്ടു നിന്നു. വിവാഹശേഷം ലെഫ്. കേണല്‍ രാജ കാര്‍ത്തിക തിരുനാളിനൊപ്പം തിരുവനന്തപുരത്ത് താമസമാക്കി. 17 കാരിയായ കാര്‍ത്തിക തിരുനാളും 26 കാരനായ ഗോദവര്‍മ്മ രാജയും വിവാഹശേഷം കുറച്ചു കാലം മധുവിധു ആഘോഷിക്കാന്‍ കോവളത്തായിരുന്നു താമസം. ഈ സമയത്താണ് കോവളത്തിന്റെ പ്രകൃതി ഭംഗി മനസ്സിലാക്കിയ ഗോദവര്‍മ്മ രാജ, അവിടം ഒരു വിനോദസഞ്ചാര മേഖലയാക്കി വികസിപ്പിക്കാന്‍ തീരുമാനിച്ചത്. കാര്‍ത്തിക തിരുനാളുമായുള്ള വിവാഹ ശേഷം ഗോദവര്‍മ്മ രാജ തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോര്സില് ലെഫ്.കേണല്‍ ആയി സേവനം അനുഷ്ഠിച്ചു. മകനായ അവിട്ടം തിരുനാള്‍ രാമവര്‍മ്മ (1944ല്‍, ആറാമത്തെ വയസ്സില്‍, ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ചു), പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, കേരളത്തിലെ പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരി അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി, മൂലം തിരുനാള്‍ രാമവര്‍മ്മ രണ്ടാമന് എന്നിവര്‍ കാര്‍ത്തിക തിരുനാള്‍-കേണല്‍ ഗോദവര്‍മ്മ രാജാ ദമ്പതികളുടെ മക്കളാണ്.
Leave a Reply