കൂത്താട്ടുകുളം മേരി
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു പി.ടി.മേരി എന്ന കൂത്താട്ടുകുളം മേരി (24 സെപ്തംബര്‍ 1921 – 22 ജൂണ്‍ 2014). 1921 സെപ്തംബര്‍ 24നാണ് പള്ളിപ്പാട്ടത്ത് തോമസ് മേരി എന്ന പി.ടി.മേരി ജനിച്ചത്. കെ.ജെ.പത്രോസ്, സി.ജെ.ഏലിയാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. കൂത്താട്ടുകുളത്തിനടുത്തുള്ള വടകര സെന്റ് ജോണ്‍സ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സ്റ്റേറ്റ് കോണ്‍ഗ്രസ്സിലൂടെയാണ് മേരി രാഷ്ട്രീയ രംഗത്തെത്തുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ രാഷ്ട്രീയരംഗത്തേക്കിറങ്ങി. ലഭിച്ച സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാതെ, സാമൂഹ്യപ്രവര്‍ത്തനത്തിനായി ഇറങ്ങി. കമ്മ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്. നമ്പൂതിരിപ്പാട് എന്നിവരുമായുള്ള പരിചയം വഴി 1948ല്‍ ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പാര്‍ട്ടിയുടെ രഹസ്യസൂക്ഷിപ്പിന്റെ കടമയേറ്റെടുക്കുന്ന ടെക് ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന സി.എസ്.ജോര്‍ജിനേയാണ് വിവാഹം ചെയ്തത്. 1949 ല്‍ പോലീസ് പിടിയിലായി. പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായി. 1951ല്‍ ജയില്‍ മോചിതയായി.
1857ലെ ലഹളയെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ സംസാരിച്ച അദ്ധ്യാപകര്‍ക്കെതിരേ മേരി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്‌കൂളിലെ നേതൃത്വം മേരി സ്വമേധയാ ഏറ്റെടുത്തു. 1938ല്‍ ദേശീയനേതൃത്വത്തിന്റെ ആഹ്വാനപ്രകാരം നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് മാപ്പെഴുതിക്കൊടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും മേരി അനുസരിച്ചില്ല. ദിവാന്‍ സി.പി.രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂര്‍ത്തിയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നടത്തിയ നിര്‍ബന്ധിത പിരിവിനെ എതിര്‍ത്ത മേരിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. പിന്നീട് സ്‌കൂളില്‍ തിരികെ പ്രവേശിച്ച് പഠനം പൂര്‍ത്തിയാക്കി. ടി.ടി.സി പഠനത്തിനായി തിരുവനന്തപുരത്തെ സെന്റ് റോക്‌സ് കോണ്‍വെന്റില്‍ ചേര്‍ന്നു.
പഠനശേഷം പി.എസ്.സി വഴി ടെലിഫോണ്‍ വകുപ്പില്‍ ജോലി ലഭിച്ചുവെങ്കിലും, അതു നിരസിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിറങ്ങി. കോട്ടയം മഹിളാ സദനത്തില്‍ സന്നദ്ധപ്രവര്‍ത്തകയായി. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സദനമായിരുന്നുവെങ്കിലും, അവിടുത്തെ അന്തേവാസികളെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാരായിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന തോപ്പില്‍ ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ അനുവാദം നല്‍കാതിരുന്നതിനാല്‍ മേരി സദനം വിട്ടു. 1945-46 കാലത്ത് തിരുനെല്‍വേലിയില്‍ വിമന്‍സ് വെല്‍ഫെയര്‍ ഓഫീസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. തിരുനെല്‍വേലിയിലെ താമസത്തിനിടക്കാണ് നാട്ടില്‍ മേമ്മുറി സംഭവം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായിരുന്ന മേരിയുടെ ബന്ധുകൂടിയായിരുന്ന ഡേവിഡ് രാജന്‍ ഒളിവില്‍ താമസിച്ചത് മേരിയുടെ കൂടെയായിരുന്നു. ഇവിടെ വച്ചാണ് മേരി മാര്‍ക്‌സിസത്തിന്റെ ലോകവീക്ഷണങ്ങളും, ശാസ്ത്രീയ ചിന്തകളും മനസ്സിലാക്കുന്നത്.
തിരുനെല്‍വേലിയിലെ ഉദ്യോഗം ഉപേക്ഷിച്ച് പരിപൂര്‍ണ്ണ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി കേരളത്തിലേക്കു തിരിച്ചു. പാര്‍ട്ടിയുടെ കൂത്താട്ടുകുളം ലോക്കല്‍ സെക്രട്ടറിയായി മേരി തിരഞ്ഞെടുക്കപ്പെട്ടു. ഒരു രാത്രി കമ്മിറ്റി കഴിഞ്ഞു വരുന്ന വഴി, പോലീസ് പിടിയിലായി.ലോക്കപ്പില്‍ വെച്ച് മേരിയെ ക്രൂരമായി മര്‍ദ്ദനത്തിനു വിധേയമാക്കി. പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും, അവര്‍ അതു വെളിപ്പെടുത്തിയില്ല. പോലീസ് ലോക്കപ്പില്‍ മേരിയെ നഗ്‌നയാക്കി നിര്‍ത്തി മര്‍ദ്ദിച്ചു. ഭര്‍ത്താവിനെ, കണ്‍മുമ്പില്‍ കൊണ്ടുവന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയിട്ടുപോലും മേരി പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തു പറയാന്‍ തയ്യാറായില്ല. മേരിയുടെ ഗുഹ്യഭാഗങ്ങളില്‍ പോലീസ് ലാത്തിപ്രയോഗം നടത്തിയെന്ന്, ഒളിവിലെ ഓര്‍മ്മകള്‍ എന്ന ആത്മകഥയില്‍ തോപ്പില്‍ ഭാസി രേഖപ്പെടുത്തി. ആറുമാസം നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ രഹസ്യങ്ങളുടെ തരിമ്പു പോലും കിട്ടാതായപ്പോള്‍ പോലീസ് മേരിയെ ആശുപത്രിയില്‍ കൊണ്ടു ചെന്നാക്കി. പീഡനങ്ങള്‍ക്കൊടുവില്‍ ഉണ്ടായ ടൈഫോയിഡായിരുന്നു കാരണം. ആശുപത്രിയില്‍ കാവലിരുന്ന പോലീസുകാരനെ വെട്ടിച്ച് പുറത്തു ചാടാന്‍ ശ്രമിച്ചുവെങ്കിലും, ആരോഗ്യപ്രശ്‌നങ്ങളാല്‍ പിന്നീടു വേണ്ടെന്നു വച്ചു രണ്ടു വര്‍ഷത്തെ ജയില്‍വാസമായിരുന്നു കോടതി വിധിച്ചത്. പറവൂര്‍ സബ് ജയിലിലും, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമായിരുന്നു തടവ്. സഹോദരന്‍ ശിക്ഷക്കെതിരേ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും, കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു
വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല സി ജോര്‍ജ് ഇവരുടെ മകളാണ്. ഗിരിജ, ഐഷ, സുലേഖ എന്നിവരാണ് മറ്റ് മക്കള്‍. മേരിയുടെ മാതൃസഹോദരിയായിരുന്നു കവയിത്രിയായിരുന്ന മേരി ജോണ്‍ കൂത്താട്ടുകുളം.
കൃതി
കനലെരിയും കാലം (ആത്മകഥ)
Leave a Reply