കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്
പച്ച മലയാള പ്രസ്ഥാനത്തിന്റെ വക്താവായ കവിയായിരുന്നു കേരളവ്യാസന്‍ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (18 സെപ്റ്റംബര്‍ 1864 – 22 ജനുവരി 1913). കൊടുങ്ങല്ലൂര്‍ കോവിലകത്തിലാണ് ജീവിച്ചിരുന്നത്. നിമിഷകവി എന്ന പേരിലും അറിയപ്പെട്ടു. രാമവര്‍മ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്.
കൊടുങ്ങല്ലൂര്‍ രാജകുടുംബത്തില്‍ കൊല്ലവര്‍ഷം 1040 കന്നി മാസം നാലാം തീയതി അശ്വതി നാളിലാണ്് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജനിച്ചത്. പിതാവ് വെണ്മണി അച്ഛന്‍ നമ്പൂതിരിയും മാതാവ് കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുമായിരുന്നു. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇരുപത്തിയൊമ്പതാമത്തെ വയസ്സിലാണ് കുഞ്ഞിപ്പിള്ള തമ്പുരാട്ടിക്ക് കുഞ്ഞുണ്ടായത്. അതുകൊണ്ട് വളരെ ലാളനയോടെയാണ് രാമവര്‍മ്മ വളര്‍ന്നത്. ലാളന കാരണമാണ് കുഞ്ഞിക്കുട്ടന്‍ എന്നും കുഞ്ഞന്‍ എന്നുമുള്ള ചെല്ലപ്പേരുകള്‍. കഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പിതാവിലൂടെ അര്‍ദ്ധസഹോദരനായിരുന്നു കദംബന്‍ എന്ന വെണ്മണി മഹന്‍ നമ്പൂതിരി.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ബാല്യകാലത്ത് കൊടുങ്ങല്ലൂര്‍ രാജകൊട്ടാരം പാണ്ഡിത്യത്തിന്റെ കലവറയായിരുന്നു. ഉത്തമമായ ഒരു ഗുരുകുലം. കേരളത്തിന്റെ നാനാഭാഗത്തുനിന്നും അനേകം വിദ്യാര്‍ത്ഥികള്‍ കാവ്യശാസ്ത്രാദികളില്‍ പാണ്ഡിത്യം നേടുന്നതിന് അവിടെ എത്തിച്ചേര്‍ന്നിരുന്നു. താന്‍ പഠിച്ചിരുന്ന കാലത്ത്് വിവിധവിഷയങ്ങളിലായി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ അവിടെ താമസിച്ചുപഠിച്ചിരുന്നുവെന്ന്് ആറ്റൂര്‍ കൃഷ്ണപ്പിഷാരടി 'കൊടുങ്ങല്ലൂര്‍ ഗുരുകുലം' എന്ന ഉപന്യാസത്തില്‍ എഴുതി.
കുടുംബഗുരുവായിരുന്ന വിളപ്പില്‍ ഉണ്ണിയാശാന്‍ ആയിരുന്നു കുഞ്ഞന്റെ ആദ്യഗുരു. പ്രാഥമികമായ ബാലപാഠങ്ങള്‍ക്കു ശേഷം മൂന്നാംകൂര്‍ ഗോദവര്‍മ്മതമ്പുരാന്‍ കാവ്യം പഠിപ്പിച്ചു. എന്നാല്‍ മൂന്നാംകൂര്‍ തമ്പുരാന്‍ ഏറെത്താമസിയാതെ അന്തരിച്ചു. തുടര്‍ന്ന് സ്വന്തം അമ്മാവനായ വിദ്വാന്‍ കുഞ്ഞിരാമവര്‍മ്മന്‍തമ്പുരാന്റെ പക്കലായി വിദ്യാഭ്യാസം. മുഖ്യമായും വ്യാകരണം. പ്രൗഢമനോരമ, പരിഭാഷേന്ദുശേഖരം തുടങ്ങിയവയെല്ലാം അമ്മാവനില്‍നിന്നാണ് അദ്ദേഹം പഠിച്ചെടുത്തതു്. മഹാകവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം വ്യാകരണം തന്നെയായിരുന്നു.തര്‍ക്കം പഠിപ്പിച്ചത് ഒരു കുഞ്ഞന്‍ തമ്പുരാന്‍ ആയിരുന്നു. വലിയ കൊച്ചുണ്ണിത്തമ്പുരാന്‍ ജ്യോതിഷവും പഠിപ്പിച്ചു.
ഏഴാമത്തെ വയസ്സില്‍ തന്നെ കുഞ്ഞിക്കുട്ടന്‍ കവിതകള്‍ എഴുതാന്‍ തുടങ്ങി. അക്കാലത്ത് കൊടുങ്ങല്ലൂര്‍ താലപ്പൊലിയുടെ എഴുന്നള്ളിപ്പുസമയത്ത് വെണ്മണിയുടെ കവിസംഘം ഭഗവതിയെക്കുറിച്ചും മറ്റും നിമിഷശ്ലോകങ്ങള്‍ ഉണ്ടാക്കിച്ചൊല്ലുക പതിവായിരുന്നു. 'ഒരു ദിവസം താലപ്പൊലിക്ക് വെണ്മണി അച്ഛന്‍ നമ്പൂതിരിപ്പാട് മകനെ കൂട്ടിക്കൊണ്ടുപോയി. അന്ന് കുഞ്ഞിക്കുട്ടനെക്കൊണ്ടും ഒരു ശ്ലോകമുണ്ടാക്കിച്ചു.
ഏറേത്താമസിയാതെ, കവിതയെഴുത്ത് തമ്പുരാന്റെ ഹരമായിത്തീര്‍ന്നു. സംസ്‌കൃതത്തിലായിരുന്നു ആദ്യകാലത്തെ പദ്യനിര്‍മ്മാണം. രാജകുടുംബത്തിലെ കുട്ടികള്‍ മറ്റു കൂട്ടുകാരോടൊപ്പം അക്ഷരശ്ലോകം ചൊല്ലി മത്സരിക്കല്‍ അന്നത്തെ പതിവായിരുന്നു. ഇടയ്ക്ക് പദ്യനിര്‍മ്മാണമത്സരവും ഉണ്ടായിരിക്കും. പഠിപ്പിന്റെ ഇടയില്‍ തന്നെയാവും ഈ വിനോദവും. പതിനാറുവയസ്സുകഴിഞ്ഞതോടെ കുഞ്ഞിക്കുട്ടന് കവിത മാത്രമാണു ജീവിതം എന്ന നിലയായി. മറ്റു വിഷയങ്ങളിലെ പഠിപ്പിനു ശ്രദ്ധ കുറഞ്ഞു.
സംസ്‌കൃതകാവ്യരചനയില്‍ മുഴുകിക്കഴിഞ്ഞ അദ്ദേഹത്തെ പച്ചമലയാളയാളത്തിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടത് പിതാവ് വെണ്മണി അച്ഛനും വൈമാത്രേയസഹോദരനായ (അച്ഛന് മറ്റൊരു ഭാര്യയില്‍ ജനിച്ച സഹോദരന്‍) വെണ്മണി മഹനുമാണ്.
ഇരുപത്തിയൊന്നാം വയസ്സില്‍ കൊടുങ്ങല്ലൂര്‍ കോയിപ്പള്ളി പാപ്പിയമ്മയെ വിവാഹം ചെയ്തു. പാപ്പിയമ്മ പതിനെട്ടു വര്‍ഷത്തിനുശേഷം മരിച്ചപ്പോള്‍ തൃശ്ശൂര്‍ കിഴക്കേ സ്രാമ്പില്‍ കുട്ടിപ്പാറുവമ്മയെ വിവാഹം ചെയ്തു. എന്നാല്‍ താമസിയാതെ അവരും മരിച്ചു. സാമൂതിരി കുടുംബത്തിലെ ശ്രീദേവിത്തമ്പുരാട്ടിയെയും വിവാഹം ചെയ്തിട്ടുണ്ട്. അവരാണ് ധര്‍മ്മപത്‌നിയായി അറിയപ്പെടുന്നത്.
ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ആദ്യമായി ഒരു കൃതി (കവിഭാരതം) പ്രകാശിപ്പിക്കപ്പെടുന്നത്. ഇക്കാലത്ത് മലയാളകവിതാരംഗത്ത് അഷ്ടകരൂപത്തിലും ദശകരൂപത്തിലുമുള്ള ദ്രുതകവനസംസ്‌കാരം കൊടുമ്പിരി കൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഈ മണ്ഡലത്തില്‍ ഏറ്റവും ചാതുര്യമുള്ള ഒന്നാമനായി. 1065ല്‍ രചിച്ച 'ലക്ഷണാസംഗം' എന്ന കൃതിയില്‍ അദ്ദേഹം സ്വയം തന്നെപ്പറ്റിത്തന്നെ അഭിമാനപൂര്‍വ്വം പറഞ്ഞിരിക്കുന്നു:'നരപതി കുഞ്ഞിക്കുട്ടന്‍ സരസദ്രുതകവി കിരീടമണിയല്ലോ'.
കോട്ടയത്തെ കവിസമാജം സംഘടിപ്പിച്ച ദ്രുതകവിതാ പരീക്ഷയില്‍ ഗംഗാവതരണം എന്ന അഞ്ചങ്കങ്ങളുള്ള ഒരു നാടകം അദ്ദേഹം അഞ്ചുമണിക്കൂറിനുള്ളില്‍ എഴുതിത്തീര്‍ത്ത് ഒന്നാം സമ്മാനം നേടി. ഗംഗാവതരണത്തിനു മുമ്പും പിന്‍പുമായി അദ്ദേഹം അക്കാലത്ത് അഞ്ചെട്ടു ദ്രുതകവിതാനാടകങ്ങള്‍ രചിച്ചിട്ടുണ്ട്. 1066 തുലാം 18ന് വെറും പന്ത്രണ്ടുമണിക്കൂര്‍ സമയമെടുത്തു് രചിച്ച, പത്തങ്കങ്ങളും മുന്നൂറു ശ്ലോകങ്ങളുമടങ്ങിയ 'നളചരിതം'ആണിതില്‍ പ്രധാനം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടെ മലയാളസാഹിത്യം പുതിയൊരു പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ചുവടുപറ്റി കേരളവര്‍മ്മ പ്രസ്ഥാനം ഒരു വശത്തും കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ സാഹിത്യപരിസരങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന വെണ്മണി പ്രസ്ഥാനം മറുവശത്തും കാവ്യനാടകരചനകളില്‍ ഏര്‍പ്പെട്ടു. ഇവര്‍ക്കുപുറമേ, മലയാളമനോരമ തുടങ്ങിയ പത്രമാസികാസ്ഥാപനങ്ങള്‍ അവതരിപ്പിച്ച പുതിയ പ്രസിദ്ധീകരണസംസ്‌കാരം കവിതയില്‍ കൂടുതല്‍ ജനകീയമായ ഇടപെടലുകള്‍ നടത്താനും കവികള്‍ക്ക് പരസ്പരം രസനിര്‍മ്മാണ നിരൂപണസംവാദങ്ങളില്‍ ഏര്‍പ്പെടാനും അവസരം നല്‍കി. അച്ചടി, പാഠപുസ്തകനിര്‍മ്മാണം തുടങ്ങിയവ അതിന് ആക്കം കൂട്ടി.
സംസ്‌കൃതനാടക കാവ്യരീതികളോട് അതിരറ്റ മതിപ്പുണ്ടായിരുന്ന കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തന്റെ ശൈലിയുടെ ഗാംഭീര്യവും പ്രൗഢിയും പ്രത്യേകതയും തന്നെയാണ് മലയാളകവിത തുടര്‍ന്നുപോകേണ്ടതെന്നു വിശ്വസിച്ചു. മലയാളത്തിലെ ആദ്യത്തെ നാടകസാഹിത്യകൃതി എന്നുപറയാവുന്ന ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ രചനയായിരുന്നു. ഇതേ വഴി പിന്തുടര്‍ന്ന് വിവര്‍ത്തനങ്ങളിലൂടെ സംസ്‌കൃതത്തില്‍നിന്നും കടംപറ്റിത്തന്നെ ഒരു പറ്റം നാടകങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍ ആ വഴിയേ പിന്തുടരാന്‍ ഏറെയൊന്നും അനുയായികള്‍ ഉണ്ടായിരുന്നില്ല. സംസ്‌കൃതത്തിന്റെ അതിപ്രസരത്തിനിപ്പുറത്ത്, ഭാഷാസാഹിത്യനിര്‍മ്മിതിയില്‍ ശുദ്ധമലയാളത്തിന് അര്‍ഹമായ ഇടമുണ്ടെന്നു വെണ്മണിപ്രസ്ഥാനം തെളിയിച്ചു. അതിലെ മുഖ്യസാരഥികളായിരുന്നു അച്ഛനും മകനുമായിരുന്ന വെണ്മണി പരമേശ്വരനും കദംബനും. ഇവര്‍ക്കൊപ്പമോ ഇവരുടെ പിന്‍പറ്റിയോ ധാരാളം കവികളും നാടാകകൃത്തുക്കളും ഉണ്ടായി. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, കാത്തുള്ളില്‍ അച്യുതമേനോന്‍, നടുവത്തച്ഛന്‍ നമ്പൂതിരി, ശീവൊള്ളി നമ്പൂതിരി തുടങ്ങിയവരുടെ കൂട്ടത്തില്‍ ഏറ്റവും തിളങ്ങിനിന്ന താരമായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍. മികച്ച സംസ്‌കൃതപണ്ഡിതന്മാരായിരുന്നിട്ടുപോലും ഇവരെല്ലാം പച്ചമലയാളത്തില്‍ എഴുതാന്‍ കൂടുതല്‍ ശ്രദ്ധ വെച്ചു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനാവട്ടെ, മലയാളത്തിന്റെ ലാളിത്യം ഏറ്റെടുത്തുകൊണ്ടാടാനുള്ള ശ്രമത്തില്‍ പലപ്പോഴും പരമ്പരാഗതമായ കാവ്യലക്ഷണങ്ങളില്‍ ഉപേക്ഷ പ്രകടിപ്പിച്ചു. കൊച്ചുണ്ണിത്തമ്പുരാന്‍ തുടങ്ങിവച്ച സ്വതന്ത്രനാടകപ്രസ്ഥാനവും വെണ്‍മണി നമ്പൂതിരിമാര്‍ പ്രോത്സാഹിപ്പിച്ച പച്ചമലയാളശൈലിയും ഏറ്റെടുത്ത് ആ മാതൃക പിന്‍പറ്റി ചുരുങ്ങിയ കാലത്തിനുള്ളില്‍ അനേകം കൃതികള്‍ അദ്ദേഹം രചിച്ചു. മഹാകാവ്യങ്ങളില്‍ നിന്നും ഖണ്ഡകാവ്യങ്ങളിലേക്കും തനതുനാടകപ്രസ്ഥാനങ്ങളിലേക്കും ഇതു വഴിവച്ചു.
കേരളത്തിനു പരിചിതമായ ചരിത്രകഥകളേയും ഐതിഹ്യങ്ങളേയും പ്രതിപാദ്യമാക്കി കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ കവിതകളെഴുതി. വെണ്മണിശൈലിയേക്കാള്‍ കുറച്ചുകൂടി പച്ചമലയാളമായിരുന്നു അത്. സംസ്‌കൃതപദങ്ങള്‍ എത്ര കുറയ്ക്കാമോ അത്രയ്ക്കും കവിത മെച്ചമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശം. എന്നാല്‍, അതൊരു നിര്‍ബന്ധം പോലെയായപ്പോള്‍ കവിതയ്ക്ക് കൃത്രിമത്വം തോന്നിത്തുടങ്ങി. എന്നാല്‍ സംസ്‌കൃതപണ്ഡിതന്മാരുടെ അളവറ്റ ഗൈര്‍വ്വാണീഭ്രമത്തിന് അതൊരു കടിഞ്ഞാണുമായിത്തീര്‍ന്നു. 'കൂടല്‍മാണിക്യം', 'പാലുള്ളിചരിതം' തുടങ്ങിയ കൃതികളൊക്കെ ഈ തരത്തില്‍ പെട്ടവയാണ്. ഇരുപത്തിയെട്ടു കൊല്ലം അദ്ദേഹം ഭാഷയ്ക്കായി പ്രവര്‍ത്തിച്ചു. പഴയ ഐതിഹ്യങ്ങള്‍ ശേഖരിച്ച് അവയെ കൈകാര്യം ചെയ്യുവാന്‍ തമ്പുരാന് പ്രത്യേക കഴിവുണ്ടായിരുന്നു.
ഒരുലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള മഹാഭാരതം അദ്ദേഹം എണ്ണൂറ്റിയെഴുപത്തിനാലു ദിവസം കൊണ്ട് മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തു. ശ്രീമഹാഭാരതം എന്ന പേരില്‍ അദ്ദേഹം രചിച്ച ഈ ഗ്രന്ഥം ഭാഷാഭാരതം എന്ന പേരിലും അറിയപ്പെടുന്നു.സംസ്‌കൃതത്തിലുള്ള മഹാഭാരതം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഏറ്റവും മഹത്സംഭാവനയായി കണക്കാക്കപ്പെടുന്നത്. ഇത്ര ബൃഹത്തായ ഒരു കൃതി വൃത്താനുവൃത്തം പദാനുപദം ഒരാള്‍ തന്നെ തര്‍ജ്ജമ ചെയ്തതിനു വേറെ ഉദാഹരണം ഇല്ല. പച്ചമലയാളത്തിലേക്ക് സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്യാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ്ഗീതയിലെ ആദ്യശ്ലോകത്തിന്റെ തര്‍ജ്ജമ ഇതിനുദാഹരണമാണ്.
അത് ഇങ്ങനെ:
സംസ്‌കൃതം
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതോയുയുത്സവഃ
മാമകാ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ
പരിഭാഷ
ധര്‍മ്മക്ഷേത്രം കുരുക്ഷേത്രം,
പുക്കുപോരിന്നിറങ്ങിയോര്‍,
എന്‍കൂട്ടരും പാണ്ഡവരും,
എന്തേ ചെയ്തിതു സഞ്ജയാ
മറ്റു കൃതികള്‍
കവിഭാരതം
അംബോപദേശം
ദക്ഷയാഗ ശതകം
നല്ല ഭാഷ
തുപ്പല്‍കോളാമ്പി
പാലുള്ളി ചരിതം
മദിരാശി യാത്ര
കൃതിരത്‌ന പഞ്ചകം
കംസന്‍
കേരളം ഒന്നാം ഭാഗം
ദ്രോണാചാര്യര്‍ (അപൂര്‍ണ്ണം)
നളചരിതം
ചന്ദ്രിക
സന്താനഗോപാലം
സീതാസ്വയംവരം
ഗംഗാവിതരണം
ശ്രീമനവിക്രമ ജയം (സാമൂതിരിയെപ്പറ്റി)
മാര്‍ത്താണ്ഡ വിജയം (അപൂര്‍ണ്ണം)
മദുസൂദന വിജയം
ഘോഷയാത്ര
കവിതകള്‍
അയോദ്ധ്യാകാണ്ഡം
ആത്മബോധം പാന
ചാന പഞ്ചകം
പട്ടാഭിഷേകം പാന
ദോഷവിചാരം കിളിപ്പാട്ട്
രാധാമാധവയോഗം വഞ്ചിപ്പാട്ട്
കൊടുങ്ങല്ലൂര്‍ ഭഗവതി കുറത്തിപ്പാട്ട്
മയൂരധ്യജ ചരിതം
പലവകപ്പാട്ടുകള്‍
ഖണ്ഡകൃതികള്‍
വിവര്‍ത്തനം
മഹാഭാരതം ശ്രീമഹാഭാരതം (ഭാഷ) എന്ന പേരില്‍
ഭഗവദ് ഗീത ഭാഷാ ഭഗവദ് ഗീത എന്ന പേരില്‍
കാദംബരി കഥാസാരം
വിക്രമോര്‍വ്വശീയം
ശുകസന്ദേശം
അന്ത്യം
കൊ.വ. 1088 മകരം 10ന് (ക്രി.വ. 1913 ജനുവരി 22) നാല്പത്തിയൊമ്പതാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു. അതിസാരവും സന്നിപാതജ്വരവും പിടിപെട്ടാണ് മരിച്ചത്. മഹാഭാരതം പോലെത്തന്നെ, മറ്റു പുരാണങ്ങള്‍കൂടി മലയാളത്തിലേക്കു് പരിഭാഷ ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
'കഴിഞ്ഞൂ ഭാരതം ഭാരമൊഴിഞ്ഞൂ വലുതൊന്നിനി
പൊഴിഞ്ഞൂറും രസാല്‍ വേറെച്ചുഴിഞ്ഞൂക്കില്‍പ്പിടിക്കണം.
പതിനെട്ടു പുരാണങ്ങള്‍ പതിരറ്റു കിടക്കവേ
മതി മങ്ങിച്ചീ പ്രവൃത്തി മതിയാക്കുകില്‍ നഷ്ടമാം'
എന്നാണ് ഭാരത തര്‍ജ്ജമയ്ക്കുശേഷം അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. കൊടുങ്ങല്ലൂരില്‍ അദ്ദേഹത്തിന്റെ സ്മാരകമായി ഒരു കലാശാല സര്‍ക്കാര്‍ ഉടമസ്ഥതയില്‍.
Leave a Reply