നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരനാണ് നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി. ഗോപാലന്‍ (1926-1974). ആത്മാവിന്റെ നോവുകള്‍ എന്ന നോവല്‍ 1963ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.1926ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. വീടിനടുത്തുള്ള തരകന്‍ ഹയര്‍ എലിമെന്ററി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതല്‍ 1964 വരെ പട്ടാളത്തില്‍ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി നോക്കി. 1965 മുതല്‍ മൈസൂരില്‍ എന്‍.സി.സി ഇന്‍സ്ട്രക്ടറായിരുന്നു. 1967 മുതല്‍ ഫാക്റ്റില്‍ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കെ 1974ല്‍ നന്തനാര്‍ ആത്മഹത്യ ചെയ്തു. ബാല്യം മുതല്‍ താന്‍ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകള്‍ കഥയില്‍ അവതരിപ്പിച്ചിട്ടുള്ള നന്തനാരുടെ കഥാപാത്രങ്ങള്‍ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈര്‍മല്യവുമുള്ളവരുമാണ്. മലബാര്‍ കലാപവും ഇന്ത്യാപാക് വിഭജനവും ഹിന്ദുമുസ്ലീം ലഹളയും നന്തനാര്‍ കഥകളുടെ ജീവല്‍സ്പന്ദനങ്ങളാണ്. യുദ്ധക്കെടുതികളും പട്ടാളക്യാമ്പുകളിലെ മനം മടുപ്പിക്കുന്ന ജീവിതവും കഥകളുടെ ശക്തികേന്ദ്രങ്ങളാണ്. ആത്മാവിന്റെ നോവുകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചെറുകഥകളും അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കൃതികള്‍

നോവല്‍

ആത്മാവിന്റെ നോവുകള്‍ (1965)
അനുഭൂതികളുടെ ലോകം (1965)
ഉണ്ണിക്കുട്ടന്റെ ഒരു ദിവസം (1966)
ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍ (1967)
മഞ്ഞക്കെട്ടിടം (1968)
ഉണ്ണിക്കുട്ടന്‍ വളരുന്നു (1969)
ആയിരവല്ലിക്കുന്നിന്റെ താഴ്വരയില്‍ (1971)
അനുഭവങ്ങള്‍ (1975)

ചെറുകഥകള്‍

തോക്കുകള്‍ക്കിടയിലെ ജീവിതം (1957)
നിഷ്‌കളങ്കതയുടെ ആത്മാവ് (1961)
മിസ്റ്റര്‍ കുല്‍ക്കര്‍ണി (1965)
കൊന്നപ്പൂക്കള്‍ (1971)
ഇര (1972)
ഒരു സൗഹൃദ സന്ദര്‍ശനം (1974)
നെല്ലും പതിരും