ഭാഷാദ്ധ്യാപകന്‍, കലാ സാഹിത്യ നിരൂപകന്‍, ഭാഷാപണ്ഠിതന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു കെ.എസ്.നാരായണപിള്ള. 1931ല്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം നാഗര്‍കോവിലിലായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു മലയാള ഭാഷാസാഹിത്യങ്ങളില്‍ എം.എ.ബിരുദം നേടി. കോട്ടയം സി.എം.എസ് കോളേജിലും നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും അദ്ധ്യാപകനായി. മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജില്‍ മലയാളം പ്രൊഫസറായും തൂത്തൂര്‍ ജൂനിയര്‍ കോളേജിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചു. സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗം, കേരള സംഗീത നാടക അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള കവിതയെ ജനങ്ങളിലേയ്‌ക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന കവിതാസമിതി എന്ന സംഘടന 1970ല്‍ അയ്യപ്പപ്പണിക്കരുമായി ചേര്‍ന്ന് രൂപീകരിച്ചു. സാഹിത്യവിമര്‍ശനം, നാടകനിരൂപണം സംഗീത നൃത്തനിരൂപണം എന്നീ മേഖലകളില്‍പ്പെടുന്ന ലേഖനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതി. ഗാന്ധിയുടെയും മാക്‌സിം ഗോര്‍ക്കിയുടെതുമുള്‍പ്പെടെ ആറു വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ബി.സി. ബാലകൃഷ്ണനുമായി ചേര്‍ന്ന് ശബ്ദസാഗരം എന്ന വിവരണാത്മകമായ ഭാഷാനിഘണ്ടു രചിച്ചിട്ടുണ്ട്. 2006 സെപ്റ്റംബര്‍ 4ന് തിരുവനന്തപുരത്ത് നിര്യാതനായി.

കൃതികള്‍

കവിത വഴിത്തിരിവില്‍
ചങ്ങമ്പുഴ ഒരു പഠനം
ദൃശ്യവേദി
കവിസദസ്
സംസ്‌കാരത്തിന്റെ ഉറവിടങ്ങള്‍
കഥയുടെ കഥ

പുരസ്‌കാരം

2005ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം