നാലപ്പാട്ട് നാരായണമേനോന്‍
പ്രശസ്തസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോന്‍ (1887 ഒക്ടോബര്‍ 7 -1954 ജൂണ്‍ 3). വിവര്‍ത്തനം, കവിതാരചന തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പൊന്നാനിക്കടുത്ത് വന്നേരിയില്‍ 1887 ഒക്‌ടോബര്‍ ഏഴിനാണ് നാലപ്പാട് നാരായണമേനോന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി. പ്രശസ്തസാഹിത്യകാരി ബാലാമണിയമ്മ അദ്ദേഹത്തിന്റെ അനന്തരവളാണ്.
വള്ളത്തോള്‍ പാരമ്പര്യത്തില്‍ പെട്ട കവി. ദാര്‍ശനിക കവി, തത്ത്വചിന്തകന്‍, വിലാപകാവ്യകാരന്‍, വിവര്‍ത്തകന്‍, ആര്‍ഷജ്ഞാനി, പിന്നെ ലൈംഗിക ശാസ്ത്രാവബോധകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. ആര്‍ഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികള്‍ ആവിഷ്‌കരിച്ചു നാലപ്പാട്ട് നാരായണമേനോന്‍. മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതില്‍ നാലപ്പാടന്‍ വലിയ പങ്കുവഹിച്ചു. മനുഷ്യാവസ്ഥകളുടെ മിക്കവാറും മേഖലകളില്‍ അദ്ദേഹം രചനകള്‍ നടത്തി. ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ എങ്കിലും എഴുതിയവയൊക്കെ ബൃഹദ്ഗ്രന്ഥങ്ങളായിരുന്നു.
സഹധര്‍മ്മിണിയുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് നാലപ്പാട്ട് നാരായണമേനോന്‍ രചിച്ച കണ്ണുനീര്‍ത്തുള്ളി മലയാളത്തിലെ എക്കാലത്തെയും മികച്ച വിലാപകാവ്യങ്ങളില്‍ ഒന്നാണ്.വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവല്‍ 1925ലാണ് നാലപ്പാട്ട് നാരായണമേനോന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. മലയാളവിവര്‍ത്തനരംഗത്തെ മഹാസംഭവമായിരുന്ന വിവര്‍ത്തനം, മലയാളഗദ്യശൈലിയെ കാര്യമായി സ്വാധീനിച്ച ഒന്നായിരുന്നു.കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ കൃതിയെന്ന് പാവങ്ങളുടെ പരിഭാഷയെക്കുറിച്ച് ഇ.എം.എസ് പറഞ്ഞിട്ടുണ്ട്.
നിന്ദിതരും പീഡിതരുമായ എല്ലാ മനുഷ്യരിലും ഈശ്വരാംശം കുടികൊള്ളുന്നു എന്ന യൂഗോവിന്റെ വിശ്വാസപ്രമാണം ഉള്‍ക്കൊണ്ടാണ് നാലപ്പാടന്‍ ആര്‍ഷജ്ഞാനം രചിച്ചത്. ഭാരതീയ സംസ്‌കാരത്തിന്റെ അഗാധതകളില്‍ ആഴ്ന്നിറങ്ങി അദ്ദേഹം കണ്ടെത്തിയ മുത്തുകള്‍ എല്ലാ തലമുറകളിലെയും സുമനസ്സുകള്‍ക്കുള്ള സമര്‍പ്പണമാണ്.
ലൈംഗികതയെ അശ്ലീലതയായി മാത്രം കാണുന്ന സമീപനത്തില്‍ നിന്നു വ്യത്യസ്തമായി ആരോഗ്യകരമായ ലൈംഗികവീക്ഷണം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ രതിസാമ്രാജ്യത്തിന്റെ രചനയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ലൈംഗികവീക്ഷണം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ രതിസാമ്രാജ്യത്തിനു കഴിഞ്ഞു. ലൈംഗിക വിഷയങ്ങളെക്കുറിച്ച് ഇന്നുവരെ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള എല്ലാ കൃതികളിലും വച്ച് മേന്മയാര്‍ന്നത് നാലപ്പാടന്റെ ഗ്രന്ഥമാണ് എന്നാണ് വിലയിരുത്തല്‍.
കൃതികള്‍
ചക്രവാളം (കവിത)
പുളകാങ്കുരം (കവിത)
കണ്ണുനീര്‍ത്തുള്ളി (വിലാപകാവ്യം)
ആര്‍ഷജ്ഞാനം (തത്വചിന്ത)
പൗരസ്ത്യദീപം (വിവര്‍ത്തനം)
പാവങ്ങള്‍ (വിവര്‍ത്തനം)
രതിസാമ്രാജ്യം (ലൈംഗികശാസ്ത്രം)
Leave a Reply