പണിക്കര്‍ പി.എന്‍. (പി.എന്‍.പണിക്കര്‍)
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച മഹദ്വ്യക്തിയാണ് പി.എന്‍.പണിക്കര്‍. ജനനം ആലപ്പുഴ ജില്ലയില്‍ നീലമ്പേരൂരില്‍ 1909 മാര്‍ച്ച് 1ന്. ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകന്. പുതുവായില്‍ നാരായണ പണിക്കര്‍ എന്നാണ് പൂര്‍ണപേര്. അദ്ധ്യാപകനായിരുന്നു. 1995 ജൂണ്‍ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. 1926 ല്‍ ജന്മനാട്ടില് 'സനാതനധര്‍മ്മം' എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവര്‍ത്തകനായി തുടങ്ങി. അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമായി. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴില്‍ കൊണ്ടുവന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകന്, കാന്‍ഫെഡിന്റെ സ്ഥാപകന്‍. കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. 1945 ല്‍ അമ്പലപ്പുഴ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് അദ്ദേഹം വിളിച്ചു ചേര്‍ത്ത തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തില്‍ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സര്.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതല്‍ 250 രുപ പ്രവര്‍ത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.
1977 ല്‍ ഗ്രന്ഥശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിന്റെ ജനറല്‍ സെക്രട്ടറി പണിക്കരായിരുന്നു. പി.എന്‍. പണിക്കര്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എല്‍.പി.സ്കൂള്‍ പി.എന്‍. പണിക്കര്‍ സ്മാരക ഗവ.എല്‍.പി.സ്കൂളായി 2014 ല്‍ വിദ്യാഭ്യാസവകുപ്പ് പുനര്‍നാമകരണം ചെയ്തു.
Leave a Reply