പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താക്കളിലൊരാളാണ് സഹോദരന്‍ അയ്യപ്പന്‍ (ഓഗസ്റ്റ് 22, 1889 മാര്‍ച്ച് 6, 1968). ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ ആദര്‍ശത്തെ സാക്ഷാത്കരിക്കാന്‍ യത്‌നിച്ച മഹാന്‍. ജാതിരഹിതവും വര്‍ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ പാടുപെട്ട നവോത്ഥാനനായകന്‍.
1889 ഓഗസ്റ്റ് 22ന് എറണാകുളത്ത് വൈപ്പിന്‍ ദ്വീപിലെ ചെറായിയില്‍ കുമ്പളത്തുപറമ്പില്‍ എന്ന പുരാതന കുടുംബത്തില്‍ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി ജനിച്ചു. ഒമ്പതു മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു അയ്യപ്പന്‍. രണ്ടുവയസ്സുള്ളപ്പോള്‍ പിതാവ് അകാലചരമമടഞ്ഞു. പിന്നീട് അയ്യപ്പന്‍, ജ്യേഷ്ഠനായ അച്യുതന്‍ വൈദ്യരുടെ സംരക്ഷണയിലാണ് വളര്‍ന്നത്. അയ്യപ്പന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചു അച്യുതന്‍ വൈദ്യര്‍. ചെറായിയില്‍ കണ്ണുആശാന്റെ കളരിയില്‍ ആദ്യം ചേര്‍ന്നു.അവിടെ വെച്ച് നിലത്തെഴുത്ത് പഠിച്ചു. അതിനുശേഷം ചെറായിയില്‍ തന്നെയുള്ള കൊച്ചുപിള്ള ആശാന്റെ കളരിയില്‍ ചേര്‍ന്ന് ഔഷധിവര്‍ഗവും അമരകോശവും പഠിച്ചു.
ചെറായിയില്‍ അച്യുതന്‍ വൈദ്യരുടെ ഉത്സാഹത്തില്‍ തുടങ്ങിയ സ്‌കൂളില്‍ ഒരു വര്‍ഷത്തെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പറവൂര്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് പഠിക്കാനായി ചേര്‍ന്നു. ഹൈസ്‌കൂളില്‍ ചരിത്രവും സംസ്‌കൃതവുമാണ് ഐച്ഛികമായി എടുത്തത്. പറവൂരിലെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ജാതിചിന്തയുടെ നീച ലക്ഷണങ്ങള്‍ അയ്യപ്പന്‍ കണ്ടു.സ്‌കൂളിലേക്കു പോകുന്നവഴി, അയ്യപ്പനും മറ്റു താഴ്ന്ന ജാതിയിലെക്കുട്ടികളും നായന്മാര്‍ക്ക് വഴി മാറിക്കൊടുക്കേണ്ടിവന്നു.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. തര്‍ക്കശാസ്ത്രം, സംസ്‌കൃതം, മലയാളം എന്നീ വിഷയങ്ങളാണ് തിരഞ്ഞെടുത്തത്. കോളേജിനടുത്തുള്ള ഒരു വീട്ടിലാണ് അയ്യപ്പന്‍ താമസിച്ചിരുന്നത്. ഈ സമയത്താണ് അയ്യപ്പനില്‍ പുസ്തകപാരായണ ശീലം ഉണ്ടാകുന്നത്. കോഴിക്കോട്ടെ പഠനത്തിനുശേഷം മദ്രാസില്‍ മെഡിക്കല്‍ കോളേജില്‍ ചേരണമെന്നതായിരുന്നു അയ്യപ്പന്റെ ആഗ്രഹമെങ്കിലും, അതിനുവേണ്ടി വരുന്ന കനത്ത തുക സമാഹരിക്കാന്‍ യാതൊരു വഴിയും കാണാത്തതുകൊണ്ട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ തത്ത്വശാസ്ത്രം ഐഛികമായി എടുത്ത് ബിരുദപഠനത്തിനു ചേര്‍ന്നു. കൃത്യസമയത്ത് ഫീസ് നല്‍കാനാവാഞ്ഞതുകൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തിരികെ സ്വദേശത്തേക്കു മടങ്ങി. കോളേജില്‍ വെച്ചാണ് അയ്യപ്പന്‍ ശ്രീനാരായണഗുരുവിനെ ആദ്യമായി കാണുന്നത്, എന്നാല്‍ അദ്ദേഹത്തെ നേരിട്ടു കണ്ടു സംസാരിക്കാന്‍ അയ്യപ്പനു കഴിഞ്ഞിരുന്നില്ല.
ചെറായിയില്‍ വച്ചാണ് ശ്രീനാരായണഗുരുവുമായി സംസാരിക്കാന്‍ അവസരം കിട്ടുന്നത്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ആലുവ അദ്വൈതാശ്രമത്തില്‍ ചെന്ന് ഗുരുവിനെ നേരിട്ടു കാണുകയും ചെയ്തു. പിന്നീട് ശ്രീനാരായണ ഗുരുവിന്റെ പ്രേരണയും സഹായവും കൊണ്ട് അയ്യപ്പന്‍ പഠനം തുടര്‍ന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ സംസ്‌കൃതവും ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത് ബി.എയ്ക്ക് ചേര്‍ന്നു. തിരുവനന്തപുരത്തെ പഠനജീവിതത്തിനിടയിലാണ് കുമാരനാശാനുമായി അടുക്കുന്നത്. ഇവര്‍ തമ്മില്‍ സൗഹൃദത്തിനുപരിയായി സഹോദര ബന്ധം രൂപപ്പെട്ടു. ബി.എ.ബിരുദം പാസ്സായശേഷം നാട്ടിലെത്തിയ അയ്യപ്പന് ചെറായിയില്‍ തന്നെയുള്ള യൂണിയന്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചു. മാസം നാല്‍പതു രൂപയായിരുന്നു ശമ്പളം. മികച്ചൊരു അദ്ധ്യാപകനായിരുന്നു അയ്യപ്പന്‍. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേപോലെ പ്രിയങ്കരനായിരുന്നു. ഇക്കാലത്താണ് നാട്ടുകാര്‍ അയ്യപ്പന്‍ മാസ്റ്റര്‍ എന്നു വിളിച്ചത്.
പിന്നീട് ഒരു തവണകൂടി അദ്ദേഹം അധ്യാപകനായി. നിയമപഠനം നടത്തണമെന്ന ആഗ്രഹത്താല്‍ അതിനുള്ള ചെലവിനായി എന്തെങ്കിലും ജോലി അന്വേഷിക്കേണ്ടതായി വന്നു. തിരുവനന്തപുരത്ത് വിദ്യാഭ്യാസവകുപ്പില്‍ അദ്ധ്യാപകജോലിക്കായി ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. അവസാനം കുമാരനാശാന്റെ ശുപാര്‍ശയില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന എം.കൃഷ്ണന്‍നായര്‍ അയ്യപ്പന് ചാല സ്‌കൂളില്‍ ജോലി നല്‍കി. 60 രൂപയായിരുന്നു മാസശമ്പളം. ജോലിയോടൊപ്പം പഠനവും തുടര്‍ന്നുകൊണ്ടുപോയെങ്കിലും, അദ്ധ്യാപകവൃത്തിയോടുള്ള ആത്മാര്‍ത്ഥതകാരണം പഠനം തൃപ്തികരമായി മുന്നോട്ടുകൊണ്ടു പോകാന്‍ കഴിഞ്ഞില്ല.
തിരുവനന്തപുരത്ത് നിയമം പഠിക്കുമ്പോള്‍ തന്നെ സാമുദായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പ്രസംഗം, ലേഖനങ്ങള്‍, എസ്.എന്‍.ഡി.പി യോഗപ്രവര്‍ത്തനം എന്നിവയായിരുന്നു പ്രധാനം. ഇതിനിടയ്ക്ക് കുറേ കവിതകള്‍ എഴുതി. ഇക്കാലത്താണ് മഹാകവി കുമാരനാശാനുമായി സഹവാസമുണ്ടായത്. സാമുദായിക പരിഷ്‌കരണം ലക്ഷ്യമാക്കി കവിതകള്‍ രചിക്കാന്‍ അയ്യപ്പന് കുമാരനാശാന്‍ പ്രേരണ നല്‍കി. ബി.എ പാസ്സായ ശേഷം 'അയ്യപ്പന്‍ ബി.എ' എന്ന് അറിയപ്പെട്ടു.
സമുദായത്തില്‍ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായി അയ്യപ്പന്‍ പ്രവര്‍ത്തനരംഗത്തിറങ്ങി. സമൂഹത്തില്‍ അര്‍ബുദം പോലെ പടര്‍ന്നിരിക്കുന്ന ജാതിവിവേചനം ഉന്‍മൂലനം ചെയ്യുന്നതിനെക്കുറിച്ച് അയ്യപ്പന്‍ ഗാഢമായി ചിന്തിച്ചു. ഇതേ ചോദ്യം അദ്ദേഹം ശ്രീനാരായണഗുരുവിനോടും ചോദിക്കുകയുണ്ടായി. ജാതിക്കെതിരായി പറഞ്ഞുകൊണ്ടിരുന്നാല്‍ മാത്രം പോരാ, നമ്മുടെ അനുയായികളുടെ മനസ്സില്‍ നിന്നുതന്നെ അതു നീക്കം ചെയ്യാന്‍ വേണ്ടതു ചെയ്യണമെന്ന ശ്രീനാരായണഗുരുവിന്റെ ഉപദേശം അയ്യപ്പന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു.
അങ്ങനെയാണ് ചെറായിയില്‍ 1917 മേയ് 29ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തിയത്. സ്‌നേഹിതനായ കെ.കെ.അച്യുതന്‍ മാസ്റ്റര്‍ക്കു പരിചയമുള്ള വള്ളോന്‍, ചാത്തന്‍ എന്നീ അധഃകൃത വിദ്യാര്‍ത്ഥികളെ മിശ്രഭോജനത്തില്‍ പങ്കെടുപ്പിക്കാമെന്നു തീരുമാനിച്ചു, പന്ത്രണ്ടുപേര്‍ ഒപ്പു വച്ച ഒരു നോട്ടീസ് പുറത്തിറക്കി. തീരുമാനിച്ച ദിവസം, അവിടെ ഒരു സമ്മേളനം നടത്തിയശേഷം തയ്യാറാക്കിയ ഭക്ഷണം ഈ വിദ്യാര്‍ത്ഥികളുടെ കൂടെ ഇരുന്ന് അയ്യപ്പനും സുഹൃത്തുക്കളും കഴിച്ചു. മിശ്രഭോജനം, ചെറായിയിലെ സാമുദായികജീവിതത്തില്‍ പുതിയ ചലനമുണ്ടാക്കി. അതോടുകൂടി സ്വസമുദായക്കാര്‍ തന്നെ 'പുലയനയ്യപ്പന്‍' എന്ന പേര്‍ നല്‍കി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു.
അയ്യപ്പന്റെ ജാതിനശീകരണപ്രസ്ഥാനം യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നു. മിശ്രഭോജനത്തില്‍ പങ്കെടുത്തവരെ ചെറായിയിലെ ഈഴവരുടെ സംഘടനയായ വിജ്ഞാനവര്‍ദ്ധിനിസഭയില്‍ നിന്ന് പുറത്താക്കി. അവര്‍ക്ക് സമുദായഭ്രഷ്ട് കല്പിച്ചു. മിശ്രഭോജനത്തില്‍ പങ്കെടുത്തവരെ പല വീട്ടിലും കയറ്റാതായി. വിജ്ഞാനവര്‍ദ്ധിനി സഭയുടെ നേതാക്കള്‍ അയ്യപ്പനെ നാടുകടത്തണം എന്ന ആവശ്യവുമായി മഹാരാജാവിനെ സമീപിച്ചു. തീണ്ടല്‍ മുതലായ കാര്യങ്ങളില്‍ അയ്യപ്പന്‍ നടത്തുന്ന പുരോഗനമപരമായ കാര്യങ്ങളെ പിന്തുണക്കാനാണ് രാജാവ് നിവേദകസംഘത്തോട് പറഞ്ഞത്. കൂടാതെ തന്നെ ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ അയ്യപ്പന്‍ മുഖാന്തരം അറിയിച്ചാല്‍ മതിയെന്നും രാജാവ് ഉത്തരവിട്ടു.
ഇതിനിടെ ശ്രീനാരായണഗുരു മിശ്രഭോജനത്തിന് അനുകൂലിയല്ല എന്ന് വരുത്തിത്തീര്‍ക്കാനായി യാഥാസ്ഥിതികരായ ചിലര്‍ ശ്രമം നടത്തിനോക്കി. കുപ്രചരണം ശക്തിപ്പെട്ടപ്പോള്‍ അയ്യപ്പന്‍ സംശയനിവൃത്തിക്കായി ഗുരുവിനെ സമീപിച്ചു. അതിനെ അനുകൂലിക്കുന്നുവെന്നും, വലിയൊരു പ്രസ്ഥാനമായി അതു വളരുമെന്നും പറഞ്ഞ് അയ്യപ്പനെ ഗുരു പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കുകയും ചെയ്തു. 'മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവും ഇല്ല' എന്നതായിരുന്നു ആ സന്ദേശം. ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ ചെറായിലും പരിസരപ്രദേശത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. അതോടെ യഥാസ്ഥിതികരുടെ പത്തി താഴ്ന്നു.
1917ല്‍ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു. മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 'സഹോദര പ്രസ്ഥാനം' വഴി അയ്യപ്പന്‍ കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. സഹോദരനയ്യപ്പന്‍ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്.
1919ല്‍ അയ്യപ്പന്‍ മട്ടാഞ്ചേരിയില്‍ നിന്ന് 'സഹോദരന്‍' പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് 'സഹോദരന്‍'. സാമ്പത്തികമായി കഠിനയാതനകള്‍ സഹിച്ചുകൊണ്ടാണ് 'സഹോദരന്‍' പത്രം ഓരോ ആഴ്ചയും പ്രസിദ്ധീകരിച്ചത്.
മാസിക എന്ന നിലയില്‍ സഹോദരന്റെ ആദ്യ ലക്കം പുറത്തിറങ്ങി. അയ്യപ്പന്‍ തന്നെയായിരുന്നു പത്രാധിപര്‍. പറവൂര്‍ എസ്.പി. പ്രസില്‍ അച്ചടിച്ച് പള്ളിപ്പുറത്തു നിന്നുമാണ് പ്രഥമ ലക്കങ്ങള്‍ പ്രസിദ്ധീകൃതമായത്. സാമൂഹിക ജീവിതത്തിലും ചിന്താമണ്ഡലത്തിലും ഈ പത്രം നല്‍കിയ സംഭാവന അമൂല്യമാണ്. ഇക്കാലത്ത് തൊഴിലാളി പ്രസ്ഥാനത്തിലും സഹോദരന്‍ അയ്യപ്പന്‍ പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്‌സിന്റെയും ലെനിനിന്റെയും മഹത്ത്വത്തെക്കുറിച്ചൊക്കെ കേരളത്തിലെ സാമാന്യജനങ്ങള്‍ ആദ്യം മനസ്സിലാക്കുന്നത് സഹോദരന്‍ അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ്. കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളാണ് അദ്ദേഹം.
യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളില്‍ പ്രധാനിയും അദ്ദേഹമായിരുന്നു. 1928ല്‍ ആരംഭിച്ച യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപരും അദ്ദേഹമാണ്. മന്ത്രിസ്ഥാനത്തു നിന്നും ഒഴിഞ്ഞതിനുശേഷം, ശ്രീനാരായണ ധര്‍മ്മത്തിനു വ്യാപ്തി നല്‍കാനായി അദ്ദേഹം ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചു. ഉദ്യോഗത്തില്‍ നിന്നു വിരമിച്ച തന്റെ സഹധര്‍മ്മിണിയെയാണ് ഇതിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചത്. ആലുവായ്ക്കടുത്ത് തോട്ടുംമുഖത്തുള്ള വാല്മീകിക്കുന്നാണ് സമാജത്തിന്റെ ആസ്ഥാനമായി തിരഞ്ഞെടുത്തത്. ശാന്തിമന്ദിരം എന്ന പേരില്‍ അശരണരും, അംഗഭംഗം സംഭവിച്ചവരുമായ വനിതകള്‍ക്കുള്ള അഭയകേന്ദ്രവും, അനാഥകുട്ടികളെ ആശ്രയം നല്‍കി വളര്‍ത്താന്‍ ആനന്ദഭവനവും ഉണ്ടായിരുന്നു. ശ്രീനാരായണസേവികാസമാജം 1964 ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
രാഷ്ട്രീയജീവിതത്തിലും അദ്ദേഹം മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഉത്തരവാദിത്വ ഭരണവും പ്രായപൂര്‍ത്തി വോട്ടവകാശവും വ്യക്തിസ്വാതന്ത്ര്യവും സ്ഥാപിക്കുന്നതിനു വേണ്ടി അക്ഷീണയത്‌നം ചെയ്ത നേതാക്കന്മാരിലൊരാളാണ് അയ്യപ്പന്‍. ആദ്യ തിരഞ്ഞെടുപ്പില്‍ ഈഴവമണ്ഡലങ്ങളില്‍ നിന്നു മാറി പൊതുനിയോജകമണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. വിജയം ഉറപ്പായിരുന്ന ഈഴവമണ്ഡലങ്ങളില്‍ നില്‍ക്കാതെ, തന്റെ ആശയങ്ങള്‍ പൊതുജനങ്ങള്‍ക്ക് എത്രത്തോളം സ്വീകാര്യമായിട്ടുണ്ട് എന്ന് നേരിട്ടറിയാന്‍ പൊതുനിയോജകമണ്ഡലത്തില്‍ നിന്നു മത്സരിക്കാനാണ് അയ്യപ്പന്‍ തീരുമാനിച്ചത്,പക്ഷെ പരാജയപ്പെടുകയാണുണ്ടായത്.
1928 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തെക്കേ ഈഴവ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് അയ്യപ്പന്‍ മത്സരിച്ചത്. അദ്ദേഹത്തെ എതിര്‍ക്കാന്‍ ആരുംതന്നെ മുന്നോട്ടുവന്നില്ല. അത്രയ്ക്ക് ജനപ്രീതി അദ്ദേഹം സമ്പാദിച്ചിരുന്നു. 1931ലെ തിരഞ്ഞെടുപ്പിലും അതേ മണ്ഡലത്തില്‍ നിന്നു തന്നെയാണ് വിജയിച്ചത്, അത്തവണയും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചി നിയമസഭയില്‍ ഏറെക്കാലം അദ്ദേഹം അംഗമായിരുന്നു. എല്ലാ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയും അദ്ദേഹം ശബ്ദമുയര്‍ത്തി. കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി പ്രസിഡന്റായും കൊച്ചിയില്‍ ഉത്തരവാദിത്വഭരണം വന്ന ശേഷം ജനകീയ മന്ത്രിസഭയില്‍ രണ്ടു പ്രാവശ്യം അംഗമായും പ്രവര്‍ത്തിച്ചു. തിരു-കൊച്ചിയിലെ ആദ്യ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. ഇടയ്ക്കു വച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചു. 1940 ലെ നിയമസഭാ കാലത്ത് അയ്യപ്പന്‍ ഡെപ്യൂട്ടി പ്രസിഡണ്ടായി , അക്കാലത്തിനടുത്ത് കൊച്ചി മഹാരാജാവ് അയ്യപ്പന് വീരശൃംഖല നല്‍കി ബഹുമാനിച്ചു. ഇത് 1962ല്‍ ചൈനീസ് ആക്രമണമുണ്ടായ ഘട്ടത്തില്‍ സര്‍ക്കാരിന്റെ യുദ്ധഫണ്ടിലേക്ക് സംഭാവനചെയ്തു.
നിയമസഭാംഗമായിരുന്ന കാലത്ത് അദ്ദേഹം അവതരിപ്പിച്ച മൂന്നു ബില്ലുകള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. മരുമക്കത്തായം തീയ്യബില്‍, മക്കത്തായം തീയ്യബില്‍, സിവില്‍ മാര്യേജ് ബില്‍ എന്നിവയായിരുന്നു അത്. കൊച്ചിയിലും തിരുവിതാംകൂറിലും തീയ്യന്മാര്‍ക്കിടയില്‍ മരുമക്കത്തായ സമ്പ്രദായം ആണ് നിലവിലിരുന്നത്. എന്നാല്‍ അതു മാറി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ സ്വത്തവകാശം അനുവദിക്കുന്നതിനവേണ്ടിയായിരുന്നു അയ്യപ്പന്‍ മരുമക്കത്തായം തീയ്യബില്‍ അവതരിപ്പിച്ചത്. ബില്‍ ഉടനടി നിയമമായി.
` റഷ്യന്‍ വിപ്ലവത്തിന്റെ ആദ്യഘട്ടത്തിനു ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അയ്യപ്പന്‍ ചെറായിയില്‍ മിശ്രഭോജനം നടത്തുന്നത്. ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ഒരു വ്യക്തിയായിരുന്നു അയ്യപ്പന്‍. അക്കാലത്ത് അയ്യപ്പന്‍ എഴുതിയ ഈഴവോല്‍ബോധനം എന്ന കവിതയില്‍ റഷ്യന്‍വിപ്ലവത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. റഷ്യന്‍ ജനത രചിച്ച ചരിത്രത്തെക്കുറിച്ച് തന്റെ പ്രസംഗങ്ങളില്‍ അയ്യപ്പന്‍ ആവേശപൂര്‍വ്വം എടുത്തുപറയുമായിരുന്നു, ലെനിന്‍ ആയിരുന്നു അക്കാലത്ത് അയ്യപ്പന്റെ വീരപുരുഷന്‍. കേരളത്തിലെ ജനങ്ങള്‍ റഷ്യയെക്കുറിച്ചും ലെനിനെക്കുറിച്ചും, റഷ്യന്‍വിപ്ലവത്തെക്കുറിച്ചുമെല്ലാം ആദ്യമായി അറിയുന്നത് അയ്യപ്പന്റെ സഹോദരന്‍ പത്രത്തിലൂടെയായിരുന്നു. മരണം വരെ അദ്ദേഹം കേരളകൗമുദിയില്‍ 'ആഴ്ചക്കുറിപ്പുകള്‍' എന്ന പംക്തി എഴുതിയിരുന്നു.
പൊതുജീവിതം പോലെ തന്നെ ആദര്‍ശസുരഭിലമായിരുന്നു അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. ഇ.കെ.അയ്യാക്കുട്ടി ജഡ്ജിയുടെ മകള്‍ പാര്‍വ്വതി ആയിരുന്നു പത്‌നി. 1930ല്‍ അവര്‍ വിവാഹിതരായി. ഐഷയും സുഗതനുമാണ് മക്കള്‍. 1968 മാര്‍ച്ച് 6ന് ഹൃദ്‌രോഗബാധിതനായി അദ്ദേഹം അന്തരിച്ചു.
സഹോദരന്‍ അയ്യപ്പനോടുള്ള ആദരസൂചകമായി എറണാകുളം വൈറ്റില ജംഗ്ഷന്‍ മുതല്‍ എം.ജി. റോഡ് വരെയുള്ള പാതയ്ക്ക് സഹോദരന്‍ അയ്യപ്പന്‍ റോഡ് (എസ്.എ. റോഡ്) എന്നാണ്‌പേരിട്ടിരിക്കുന്നത്.